അവസാനത്തെ ബസ്സ്
എന്നും നാട്ടിലേക്കുള്ള ആറു മണിയുടെ നാട്ടിലേക്കുള്ള അവസാനത്തെ ബസ്സ് വരുന്നത് വരെ ലക്ഷ്മിയേട്ടത്തി അവിടെ ആ ബസ്സ്റ്റോപ്പിൽ തന്നെ ഇരിക്കും. ഒടുക്കം നിരാശയോടെ മടങ്ങി നടക്കും, നാടിന് എന്നും ആ കാഴ്ച്ച ഒരു വിങ്ങലാണ്.
പണ്ട് നാരായണേട്ടൻ മരിച്ചതിൽ പിന്നെ ലക്ഷ്മിയേട്ടത്തിയാണ് മകളെ പഠിപ്പിച്ചതും കോളേജിൽ പറഞ്ഞയച്ചതുമൊക്കെ. ഒരു ദിവസം കോളേജിൽ പോയ മകൾ തിരിച്ചു വന്നില്ല. ആരുടെയോ കൂടെ ഒളിച്ചോടിയതാണ്. പോയ വഴിക്ക് ആക്‌സിഡന്റിൽ മരിച്ചും പോയി.
അന്ന് ഇത് പറയാൻ പോയ വാർഡ് മെമ്പറെ ലക്ഷ്മിയേട്ടത്തി വീട്ടിൽ നിന്നും ആട്ടിയിറക്കി വിട്ടു എന്നാണ് കേട്ടത്. മകൾ മരിച്ചെന്നോ വേറെ ഒരാളോടൊപ്പം ഒളിച്ചോടിയെന്നോ അവർക്ക് ഉൾകൊള്ളാൻ പറ്റില്ലായിരുന്നു. കഴിഞ്ഞിട്ടിപ്പോ വർഷം എട്ടായി. അന്ന് തൊട്ട് ഈ കാഴ്ച്ച നാടിനും നാട്ടുകാർക്കും പതിവാണ്.
ചിലരൊക്കെ പറഞ്ഞത് ലക്ഷ്മിയേട്ടത്തിയുടെ കിളി പോയി എന്നാണ്, ഭ്രാന്ത്. പക്ഷെ അവരെന്നും ജോലിക്ക് പോകും വൈകുന്നേരത്തെ ഈ ഇരിപ്പ് ഒഴിച്ചാൽ അവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അങ്ങനെ കളിയാക്കാനും എല്ലാർക്കും പറ്റിയിരുന്നില്ല.
ഇത്രയും സ്നേഹിക്കുന്ന ലക്ഷ്മിയേട്ടത്തിയെ വിട്ടു മകളെന്തിനാ ഒളിച്ചോടിയെ എന്നതിന് ഇന്നും നാട്ടിൽ നൂറ് കഥയുണ്ട്. പക്ഷെ അവരുടെ ഇരുത്തത്തിന് ഒരൊറ്റ കഥയെ ഉണ്ടായിരുന്നുള്ളൂ.
വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും എന്നെങ്കിലും വന്നാലോ എന്നുള്ള ഒരമ്മയുടെ ജീവിക്കാനുള്ള പ്രതീക്ഷയുടെ കഥ.
ചില കാത്തിരിപ്പുകൾക്ക് നമ്മുടെ ജീവനോളം ഭംഗിയുണ്ടാകും.
Wow🤍
ReplyDelete