അന്ധന്റെ കുഞ്ഞ്
മൂന്നാം വാർഡിലെ ഏഴാം നമ്പർ ബെഡിൽ പേഷ്യന്റിനുള്ള കാര്യങ്ങൾ ശരിയാക്കുന്നതിന് ഇടക്കാണ്, " ഡോക്ടറെ, എന്റെ കുട്ടിനെ കണ്ടോ " എന്ന് ബൈസ്റ്റാൻഡർ ചോദിക്കുന്നത്, " ഞാൻ സിസ്റ്ററാണ്, ലേബർ റൂമീന്ന് കുട്ടിയെ കാണിച്ചില്ലേ? ആൺകുട്ടിയാണല്ലോ " ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു. "അതിന് എനിക്ക് കുഞ്ഞിനെ കാണാൻ പറ്റില്ല സിസ്റ്ററെ.."
ഇത് പറയുമ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. ശരിയാ അയാൾക്ക് കുട്ടിനെ കാണാൻ പറ്റില്ല, അയാളൊരു അന്ധനായിരുന്നു. ഇത് പറഞ്ഞു ഞാൻ നോക്കുമ്പോൾ അയാളുടെ മുഖത്തൊരു വല്ലാത്ത ഭാവത്തിലുള്ള ചിരിയുണ്ടായിരുന്നു. നിസ്സഹായതയോ സങ്കടമോ എന്തൊക്കെയോ കലർന്ന ചിരി.
അയാളെ തന്നെ നോക്കി അടുത്തൊരു സ്ത്രീ ഉണ്ടായിരുന്നു.അയാളുടെ അമ്മയാണെന്ന് തോന്നുന്നു. " കാര്യമാക്കണ്ട സിസ്റ്ററെ, അവന് ഇങ്ങനെ എല്ലാവരോടും ചോദിക്കുന്നുണ്ട്, പറഞ്ഞു കൊടുത്താലൊക്കെ മനസ്സിലാകും എട്ട് വയസ്സ് വരെ അവന് കാഴ്ചയുണ്ടായിരുന്നു, പിന്നെ... " അമ്മ പറഞ്ഞു നിർത്തി. അപ്പോഴും അയാൾ അതേ ചിരിയിൽ തന്നെയാണ്.
" ഞാൻ കുട്ടിനെ കണ്ടുട്ടോ, നല്ല കുഞ്ഞു മൂക്കും കുഞ്ഞു കണ്ണുമൊക്കെ ആയിട്ട് അച്ഛനെ പോലെ തന്നെയുണ്ട്, ഇനിപ്പോ കുട്ടിനെ കാണുമ്പോ സംസാരിക്കാലോ, കാണാനല്ലേ പറ്റാത്തതുള്ളൂ... " പറഞ്ഞു തീർന്നപ്പോൾ അയാളുടെ ചിരി മങ്ങിയത് പോലെ തോന്നി. എനിക്ക് പറഞ്ഞതിലെ അമളി തോന്നിയതും.
ഞാൻ പിന്നെ അവിടെ അധികം നിന്നില്ല, വല്ലാത്തൊരു വിങ്ങൽ. പറഞ്ഞത് പിഴച്ചു പോയോ. അത്രയേറെ ഇഷ്ടത്തോടെ പിറന്ന കുട്ടിയെ ഒരിക്കലും കാണില്ലല്ലോ എന്നയാൾക്ക് തോന്നിക്കാണുമോ. എന്താവും അയാളുടെ മനസ്സിൽ ഇപ്പോൾ ഉണ്ടാവുന്നുണ്ടാവുക.
കുട്ടി ജനിച്ചതിന്റെ സന്തോഷമോ അതോ എനിക്ക് കാണാൻ പറ്റില്ലാലോ എന്ന സങ്കടമോ. എല്ലാവരോടും ഇത് ചോദിക്കണമെങ്കിൽ അയാളെത്ര ആഗ്രഹിക്കുന്നുണ്ടാകും ആ കുട്ടിയെ ഒന്ന് കാണാൻ. അയാളുടെ മനസ്സിൽ ആ കുട്ടിയുടെ മുഖം എങ്ങനെ ആയിരിക്കും.
അയാളെ പോലെ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ചിലപ്പോ പണ്ടെന്നോ കണ്ട് മറന്ന അയാളുടെ തന്നെ മുഖം ഓർമിച്ചെടുത്ത് കുട്ടിക്ക് കൊടുക്കുന്നുണ്ടാകും ഇപ്പോ അയാളുടെ മനസ്സ്.
അയാളിപ്പോഴും അതേ ചിരിയിലാകും കര കാണാതെ കടലിന് നടുവിൽ പെട്ടവന്റെ ചിരിയിൽ.
Comments
Post a Comment