ക്യാമ്പസ്
ഏതെങ്കിലും കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും പഠിച്ചിരുന്ന കാലം എന്ന്...!!
രാവിലെ എണീറ്റാൽ മടുപ്പോടെ പോകാൻ ഇറങ്ങിയത് ജീവിതത്തിന്റെ സ്വർഗ്ഗകാലത്തിലേക്ക് ആയിരുന്നല്ലോ എന്ന് ഞാൻ ഓർക്കാറുണ്ട്.
ഒരേ ക്ലാസ്സിൽ ഇരുന്നു പഠിച്ചവർ, ഒരേ ബെഞ്ചിലിരുന്ന് കൊട്ടി പാടിയവർ, നീണ്ടു നിരന്ന വരാന്തകളിലൂടെ കഥകൾ പറഞ്ഞു കൂടെ നടന്നവർ, ഒരു ഗ്ലാസ് ചായ പങ്കിട്ടു കുടിച്ചവർ.
ബസ്സിന് പോകാൻ രണ്ടു രൂപ വെച്ചു നീട്ടിയവർ, ഒരേ ബൈക്കിൽ മൂന്നു പേര് ഒട്ടിപിടിച്ചു പോയവർ, ഒരുപാട് ചോറുകൾ കൂട്ടി ഒറ്റ ചോറാക്കി കഴിച്ചവർ.
ഇരുപത്തഞ്ചിൽ തന്നെ രക്ഷപ്പെടും എന്ന് സ്വപ്നം കണ്ടവർ, ഒന്നിച്ചു രക്ഷപ്പെടണം എന്ന് പറഞ്ഞുകൊണ്ടിരുന്നവർ, ജീവിതത്തിൽ എല്ലാവർക്കും നല്ല കാലം വരണം എന്നും അന്ന് എല്ലാവരും ഇങ്ങനെ ഒത്തുകൂടണം എന്ന് ആഗ്രഹിച്ചവർ...
ആടിയും പാടിയും കളിച്ചും ചിരിച്ചും കളിയാക്കിയും ഉടക്കിയും ഒരു കാലത്ത് നമ്മളിയിരുന്നവർ, അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.
ഇന്നും അതേ ക്ലാസ്സിൽ എല്ലാവർക്കും പോയി ഇരുന്നൂടെ എന്ന് വേണമെങ്കിൽ ചോദിക്കാം, ഒരുപക്ഷെ എല്ലാവരും വിചാരിച്ചാൽ നമുക്കൊക്കെ നമ്മുടെ ആ പഴയ ക്ലാസ്സിൽ ഇരിക്കാൻ പറ്റുമായിരിക്കും...
പക്ഷെ, നമ്മളൊന്നും ആ പഴയ നമ്മളാകില്ല, ആ സ്വസ്ഥതയുള്ള മനസ്സാകില്ല, യഥാർഥ്യങ്ങളെ മനസ്സിലാക്കി തുടങ്ങിയ ജീവിതത്തിലെ പ്രതീക്ഷകൾ ജീവിതത്തിന്റെ ഒഴുക്കിനോട് പിടിച്ചു കെട്ടിയവർ ആയിരിക്കും...
ഒരിക്കലും ആ പഴയ നമ്മളായി നമുക്ക് ഇരിക്കാൻ സാധിക്കില്ല, നടക്കില്ലെന്നു അറിയാം, എങ്കിലും ആഗ്രഹിക്കും, നടക്കാത്ത സ്വപ്നങ്ങൾക്ക് ഭംഗി കൂടും എന്നല്ലേ...!!
Comments
Post a Comment