പേഴ്സ്


ട്രെയിനിൽ വെച്ചു തന്നെ ഞാൻ അയാളെ ശ്രദ്ധിച്ചിരുന്നു. വിൻഡോ സീറ്റിൽ ആരോടും ഒന്നും മിണ്ടാതെ കണ്ണെത്താ ദൂരത്തേക്ക് നോക്കിയിരിക്കുന്നു. ആ നോട്ടത്തിന്റെ തീവ്രതയിൽ അയാൾ കണ്ണ് ചിമ്മാൻ പോലും മറന്നു പോകുന്നുണ്ടോ എന്ന് തോന്നി പോയി.

അയാളുടെ കൈയ്യിൽ രണ്ട് ചെറു കുടങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്, ചിതാബസ്‌മം ആണെന്ന് എനിക്ക് തോന്നി. കാഴ്ച്ചയിൽ ഒരു ബംഗാളി തന്നെയാണ് എന്ന് ഞാൻ ഉറപ്പിച്ചു. ഇടക്കെപ്പോഴോ ഒന്ന് ഉണർന്ന് എണീറ്റ ഞാൻ മുമ്പിൽ അയാളെ കണ്ടില്ല, ഇറങ്ങിക്കാണും. 

പക്ഷെ അയാൾ ഇരുന്ന ഇടത്ത് ഒരു പേഴ്സ് വീണു കിടപ്പുണ്ട്, പഴയ ഒരു പേഴ്സാണ്. ഉപയോഗിക്കാവുന്നതിന്റെ ഏറ്റവും അവസാനത്തിലാണ് അതിന്റെ അവസ്ഥ എന്നെനിക്ക് തോന്നി. പിശുക്കൻ. പക്ഷെ ഞാൻ നോക്കുമ്പോ അതിൽ നിറയെ പൈസയുണ്ട്. ഉടൻ പേഴ്സ് മുഴുവൻ ഞാൻ തപ്പി, ഒരു ചെറിയ പേപ്പറിൽ ഫോൺ നമ്പറുണ്ട്.

ഞാൻ അതിലേക്ക് വിളിച്ചു, എടുത്ത ആളോട് കാര്യങ്ങൾ പറയാം എന്ന് വെച്ചപ്പോൾ എന്റെ ഹിന്ദിയുടെ മോശം കൊണ്ടോ അയാൾ മാറാട്ടി മറ്റോം ആയത് കൊണ്ടോ മനസ്സിലായില്ല, പിന്നീട് സംസാരിച്ചത് പോലീസ് ആയിരുന്നു. ഞാൻ കാര്യങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു.

രണ്ട് സ്റ്റേഷൻ കഴിഞ്ഞാൽ എനിക്കിറങ്ങാം എന്നും അവിടെ കാത്തു നിൽക്കാം എന്നും പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറിലേറെ അയാളെ കാത്തിരുന്നു. ഒടുക്കം അതേ നമ്പറിൽ നിന്നും വിളി വന്നപ്പോൾ തിരിഞ്ഞു ചുറ്റും നോക്കി. എന്നെ തപ്പുന്ന അയാളുടെ കണ്ണുകളെ എനിക്ക് സ്റ്റേഷനിന്റെ അറ്റത്ത് കാണാം.

ഞാൻ ചെന്ന് അയാൾക്ക് പേഴ്സ് കൊടുത്ത്‌, അയാളുടെ കണ്ണും മുഖവും കാണണമായിരുന്നു, പൈസ മുഴുവൻ ഇല്ലേ എന്ന് നോക്കാൻ ഞാൻ അയാളോട് പറഞ്ഞു, പക്ഷെ അയാൾ അതൊന്നും നോക്കാതെ പേഴ്സിന്റെ ഉള്ളിൽ നിന്നോരു ഫോട്ടോ എടുത്ത് തുരതുരാ ഉമ്മ വെക്കാൻ തുടങ്ങി.

പഴയൊരു ഫോട്ടോയാണ്, അവന്റെ അമ്മയുടെയും അച്ഛന്റെയും നടുവിൽ നിൽക്കുന്ന പയ്യൻ അവനാണ് എന്ന് തോന്നുന്നു. പിന്നെ ആ പേഴ്സിനേയും ഉമ്മ വെക്കുന്നുണ്ട്. എനിക്ക് എവിടെയോ ചിരി വന്നു. ഞാൻ മെല്ലെ നടന്നു തുടങ്ങി. "ഭായ് " എന്നും പറഞ്ഞ് അയാളെന്റെ പിന്നാലെ ഓടി വന്നു.

എന്നെ കെട്ടിപിടിച്ചു, സന്തോഷത്തിന്റെ കരച്ചിൽ അയാളിൽ ഉണ്ടായിരുന്നു. ആ പേഴ്സിലുള്ള മുഴുവൻ പൈസയും എടുത്ത് എന്റെ കൈയ്യിൽ വെച്ചു, ഞാൻ വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. അയാൾ മാറാട്ടിയിൽ എന്തൊക്കെയോ പറഞ്ഞ് എന്നെ അത് വാങ്ങിക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു.

അവസാനം അയാൾ അതെന്റെ കൈയ്യിൽ വെപ്പിച്ചു. പിന്നേയും കെട്ടി പിടിച്ചു. ഇത്രയും നേരം അയാൾ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. പക്ഷെ എനിക്ക് മനസ്സിലായ ഒന്നുണ്ട്, അയാൾക്ക് ആ പേഴ്സിൽ പൈസയെക്കാൾ മനോഹരമായ എന്തോ ഒന്ന് ഉണ്ടായിരുന്നു.

അയാൾക്ക് മാത്രം മനോഹരമായ എന്തോ ഒന്ന്.

Comments

Popular Posts