സ്നേഹം


ഉമ്മ മരിച്ച വീട്ടിൽ ഇരിക്കുമ്പോൾ ആരൊക്കെയോ പറയുന്നത് കേട്ടു, " നോക്ക് അവളൊന്ന് കരഞ്ഞിട്ട് പോലുമില്ല..!! സ്നേഹം ഇല്ലാത്തവൾ, സ്വന്തം ഉമ്മയല്ലേ, അല്ലെങ്കിലും അവൾക്ക് തന്തയോടാ കൂറ്..!!". അത് കേട്ടിട്ടും ഞാൻ കരഞ്ഞില്ല, പണ്ട് ഉമ്മൂമ്മ മരിച്ചപ്പോഴേ എന്റെ ഉമ്മ മരിച്ചു.

എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോഴാ ഉപ്പയും ഉമ്മയും വേർപിരിയുന്നത്. ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത മനുഷ്യർ വേർപിരിയുന്നത് നല്ല തീരുമാനം തന്നെ, പക്ഷെ എനിക്ക് അന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അവരെ ഒന്നിപ്പിച്ചേനെ. എനിക്ക് ഉമ്മയും ഉപ്പയും വേണമെന്ന് കരഞ്ഞേനെ.

അവര് രണ്ടാമതും കെട്ടി, കുട്ടികളായി. ഇടക്കെനിക്ക് അവരോടൊക്കെ അസൂയ തോന്നും കേട്ടോ. എന്തിനാണ് എന്നറിയോ? അവർക്കൊക്കെ ചേർത്ത് നിറുത്തി കാണിക്കാൻ ഉമ്മയുടെയും ഉപ്പയുടെയും ഒരുമിച്ചുള്ള ഫോട്ടോ ഉണ്ടല്ലോ, ഒരുമിച്ചു പറയാൻ ഒരുപാട് കഥകൾ ഉണ്ടാകുമല്ലോ.

അവര് പിരിഞ്ഞതിൽ പിന്നെ എന്നെ നോക്കിയത് അത്രയും ഉമ്മൂമ്മയാണ്. എന്നെ സ്കൂളിൽ കൊണ്ടാക്കിയത്, കഥ പറഞ്ഞു തന്നത്, മുടി കെട്ടിയത്, മീറ്റിംഗിന് വന്നത്. ഇടക്കൊക്കെ ഉമ്മ വിരുന്ന് കൊണ്ടു വരുന്ന മിട്ടായി എനിക്ക് ആദ്യം സന്തോഷവും പിന്നെ പിന്നെ വെറുപ്പും സമ്മാനിച്ചു. ഉമ്മ സ്നേഹം പൊതിഞ്ഞു കെട്ടി നൽകാം എന്ന് കരുതിയവൾ മാത്രമായിരുന്നു.

കൂട്ടുകാരികളൊക്കെ ഉമ്മയെ കുറിച്ച് പറയുമ്പോൾ ദേഷ്യപ്പെടാനെങ്കിലും ഉമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും. ഉമ്മൂമ്മ മരിച്ചതിൽ പിന്നെയാണ് ഞാൻ ഒറ്റക്കായത്. അന്നാണ് എനിക്കെന്റെ ഉമ്മയെ നഷ്ടപെട്ടത്. ഉമ്മൂമ്മ ആയിരുന്നെങ്കിലും "ഉമ്മ" എന്ന് മാത്രേ ഞാൻ വിളിച്ചിരുന്നുള്ളൂ. ആ വീട് പോലും എനിക്ക് അന്യമായത് ഉമ്മൂമ്മ മരിച്ചതിൽ പിന്നെയാണ്.

എന്നെ കാണാതെ അടക്കം പറഞ്ഞവരോട് എനിക്ക് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു. സ്നേഹം കിട്ടാത്ത മനുഷ്യന് സ്നേഹം കാണിക്കാനും പാടാണ് എന്ന്. എന്റെ ഈ വരവുപോലും പണ്ട് ഉമ്മ പൊതിഞ്ഞു കെട്ടി കൊണ്ടു വരുന്ന മിട്ടായിക്ക് പകരം മാത്രമാണെന്ന്. ഉപ്പ മരിച്ചാലും ഞാൻ കരയില്ലെന്ന്...!

സ്നേഹത്തിന് സ്നേഹം തന്നെ വേണം.

Comments

Popular Posts