സ്വാതന്ത്ര്യം
ക്ഷീണിച്ച് എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല മോളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു, അത് കേട്ടാണ് ഉണർന്നത്. " Happy Independence Day". ശരിയാ അവള് ശരിക്കും സ്വാതന്ത്രയായിരിക്കുന്നു. മരിച്ചവരോളം സ്വാതന്ത്രർ ആരാണുള്ളത്?
ഡോക്ടർ ആകണം എന്നായിരുന്നു അവൾക്ക്.
ചെറുപ്പത്തിൽ ഒരിക്കെ കളിപ്പാട്ടം വാങ്ങിക്കാൻ കൊണ്ടുപോയി അന്നവൾ ഒരു പ്ലാസ്റ്റിക് കിച്ചൻ സെറ്റുമായി വന്നു, ഞാനത് വാങ്ങി വെച്ച് അവൾക്കൊരു ഡോക്ടർ സെറ്റ് വാങ്ങിച്ചു കൊടുത്തു. "എന്റെ കുട്ടി വലിയൊരു ഡോക്ടർ ആവണം ട്ടോ!!" ഞാൻ എപ്പോഴും പറയും.
അവള് തല രണ്ടു ഭാഗത്തേക്കും കുലുക്കി ചിരിക്കുമായിരുന്നു. ഇടക്ക് ഞാൻ കിടക്കുമ്പോൾ എന്റെ മുകളിൽ കയറിയിരുന്നു അതിലെ സ്തതാസ്കോപ് വെച്ച് ശ്വാസം വലിക്കാൻ പറയും, ഞാൻ എന്നും അവൾക്കൊരു രോഗിയായിരുന്നു. വലുതാകും തോറും അവളുടെ ആഗ്രഹവും വലുതായി.
വലിയ മാർക്കൊടെയാ എന്റെ മോള് NEET ഒക്കെ നേടിയത്, "ഞാൻ ഡോക്ടർ ആയാൽ നമ്മുടെ കഷ്ടപ്പാട് ഒക്കെ മാറും അച്ഛാ " എന്ന് എപ്പോഴും പറയും. ഇടക്ക് ചോദിക്കും, " അച്ഛന്റെ വലിയ കഷ്ടപ്പാട് എന്നെ ഡോക്ടർ ആക്കുന്നത് അല്ലെ? " എന്ന്.
ഞാൻ അല്ലെന്ന് പറഞ്ഞാലും അവളെന്റെ കവിളിൽ പിടിച്ചു കൊണ്ടു പറയും, " ഞാൻ അച്ഛനെ ഈ ബുദ്ധിമുട്ടിൽ നിന്നൊക്കെ സ്വാതന്ത്രൻ ആകുമെന്ന്..!!" അവള് വാക്ക് പാലിച്ചു, അവള് മരിച്ചു, അല്ല കൊന്നു...!! ഇനിയിപ്പോ അവളെന്ന ബുദ്ധിമുട്ടില്ലല്ലോ സ്വതന്ത്രൻ ആയല്ലോ....
ഡോക്ടറാകുമെന്ന് ഞാൻ പറഞ്ഞു, സ്വന്ത്രയാണെന്ന് ഞാൻ പഠിപ്പിച്ചു, പക്ഷേങ്കിൽ രണ്ടും എന്റെ കുട്ടിക്ക് കിട്ടിയില്ല. ഏതോ തെരുവ് നായ്ക്കൾ കടിച്ചു കീറി. പേടിയില്ലാതെ ആസ്വദിച്ചു. എന്തോ രാഷ്ട്രീയ നേട്ടമില്ലാത്ത കാലം ആയത് കൊണ്ടാകും മോളെ നിന്റെ വേദനയുടെ ഉപ്പ് രസം നക്കി നോക്കാൻ ഒരാളേയും കണ്ടില്ല.
ശരിയാ, ഇവിടെ പലർക്കും ധൈര്യമാണ്, ഒരു നായയെ കൊന്നാൽ ചോദിക്കാൻ ആളുള്ള നാട്ടിൽ ഒരു മനുഷ്യനെ കൊന്നാൽ ഒരു നായ പോലും ചോദിക്കാൻ വരില്ലെന്ന ധൈര്യം..!!
മോളെ നിനക്ക് സ്വാതന്ത്ര്യദിനാശംസകൾ ഈ അച്ഛനും...
നസീഫ് കലയത്ത് / ചിതലുകൾ
Comments
Post a Comment