താങ്ങ്


ഗൾഫിൽ വന്ന് നാട്ടിൽ ഇറങ്ങി നാട്ടുക്കാരോടൊക്കെ വിശേഷം പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് റോഡിന്റെ അങ്ങേ പുറത്തുള്ള ചായ പീടികയിൽ നമ്മളെ സുലൈമാൻക്ക ഇരുന്നു ചായ കുടിക്കുന്നെ കണ്ടേ. പണ്ടത്തെ പോസ്റ്റ്‌ മാനായിരുന്നു.

ഇപ്പൊ കുറേ കാലം രോഗവും പിടിപ്പെട്ട് ഇങ്ങനെ കിടപ്പും ചികിത്സയും ക്ഷീണവും ഒക്കെയായി പോകുവാർന്നു. ഗൾഫിൽ പോകുന്നതിന് മുമ്പ് കണ്ടത് ആയിരുന്നു. അന്നൊക്കെ പിടിച്ചു നിക്കാൻ പോലും ഭാര്യ സുൽഫിത്ത വേണായിരുന്നു. ആറ് മാസം മുമ്പേ സുൽഫിത്ത മരിച്ചു.

" എന്താ സുലൈമാനിക്കാ സുന്ദര കുട്ടപ്പൻ ആയിട്ടുണ്ടല്ലോ..!? " ഞാനൊന്ന് ചിരിച്ചോണ്ട് ചോദിച്ചു, മൂപ്പരും തിരിച്ചൊന്നും ചിരിച്ചു തന്നു. " നീ വന്നോ എപ്പോഴാ പോകുന്നെ..? " പല്ലില്ലാത്ത മോണകാട്ടി ചിരിച്ചോണ്ട് ചോദിച്ചു. അതെന്ത് ചോദ്യമാണ് എന്ന് ഞാനൊന്ന് പരിഭവം കാണിച്ചു ചിരിച്ചു.

"ഇപ്പൊ പഴയ ക്ഷീണം ഒക്കെ പമ്പ കടന്നല്ലോ..!?" എന്നൊരു ഓളത്തിന് എന്ന പോലെ ചോദിച്ചതായിരുന്നു. പെട്ടെന്ന് മൂപ്പരുടെ മുഖമൊക്കെ അങ്ങ് മാറി, "അല്ലേലും ചായാൻ തോള് ഉള്ളോർക്ക് മാത്രേ ക്ഷീണം ഉണ്ടാകൂ കുട്ട്യേ.." എന്നും പറഞ്ഞു, മൂപ്പര് ആ ചായ ഗ്ലാസും അവിടെ വെച്ച് നടന്നു.

സുൽഫിത്ത മരിച്ചതിൽ പിന്നെ മക്കൾക്കൊന്നും മൂപ്പരെ കാര്യത്തിൽ വലിയ താല്പര്യമില്ല എന്ന് കേട്ടിരുന്നു. പിന്നെ കിട്ടുന്ന പെൻഷൻ കൊണ്ട് ഉള്ള കാലം ജീവിക്കുന്നു. മൂപ്പര് പോണതും നോക്കി ഞാനങ്ങനെ ഇരുന്നു. ശരിയാ, ചായാൻ തോളുള്ളവർക്കേ ക്ഷീണം കാണിക്കാൻ പോലും പറ്റൂ...!!

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts