കണ്ണ്
ഇന്ന് രാവിലെ പത്രം എടുത്തു നോക്കിയപ്പോൾ ചരമകോളത്തിൽ അത്ര തന്നെ സുപരിചിതമായ രണ്ടു കണ്ണുകൾ കണ്ടു പേര് വായിച്ചു " സുലോചന".
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടുവിലത്തെ ബെഞ്ചിലിരുന്ന അതേ സുലോചന...!! അവളുടെ ചുണ്ടിന് താഴെ ഒരു മറുകുണ്ടായിരുന്നു, അതിൽ അവൾക്കൊരു ഭംഗിയുണ്ട്.
ഞാൻ അമ്മയോട് എപ്പോഴും പറയും, " അമ്മേ എനിക്ക് വലുതാകുമ്പോ സുലോചനയെ കെട്ടിച്ചു തരണേ ". മടിയിൽ കിടക്കുന്ന എന്നോട് അമ്മ ചിരിച്ചു കൊണ്ട് ചോദിക്കും," അതെന്താ സുലോചന?"
"അവൾക്കേ അമ്മയുടെ അതേ കണ്ണുകളാ... " ഞാനൊരു കള്ളച്ചിരിയോടെ പറയും. ഒരൂസം അച്ഛൻ കള്ളും കുടിച്ചു വന്നു അമ്മയെ തല്ലുന്നതിനിടക്ക് അമ്മ മരിച്ചു, ഇത് കണ്ട അച്ഛൻ നാട് വിട്ടു.
പിന്നെ അമ്മാവന്റെ കൂടെ ആയിരുന്നു. പഠിപ്പു നിർത്തി. ആട്ടും തുപ്പും ദുരിതകാലം. ഒടുക്കം സഹികെട്ടു ഞാനും നാട് വിട്ടു. "നാടുവിട്ടവന്റെ മോനല്ലേ അതങ്ങനെ വരൂ" എന്ന് നാട്ടുകാരും പറഞ്ഞു കാണും.
വർഷം മുപ്പത് കഴിഞ്ഞു, ആ കണ്ണുകൾ കണ്ടപ്പോ അമ്മയെ കണ്ടപോലെ, എന്റെ കണ്ണ് നിറഞ്ഞു. ഞാൻ പതിയെ ആ പത്രം ചുണ്ടോട് ചേർത്ത് കണ്ണിലൊന്ന് ഉമ്മ വെച്ചു. സുലോചനയുടെ കണ്ണ്, എന്റെ അമ്മയുടെയും...
നസീഫ് കലയത്ത് / ചിതലുകൾ
Comments
Post a Comment