Twenties
ഇതും ചേർത്ത് ഒരു പത്തമ്പത് ഇന്റർവ്യൂ എങ്കിലും അറ്റന്റ് ചെയ്തിട്ടുണ്ടാവും. എല്ലാവരും പറയും " നോക്കാം ", "വിളിക്കാം " എന്നൊക്കെ. പക്ഷെ, പിന്നീട് വിളിയൊന്നും ഉണ്ടാകില്ല. ആദ്യമായി പോയ അഞ്ചു ഇന്റർവ്യൂ കഴിഞ്ഞു വിളിയൊന്നും കാണാതെ ആയപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചു ചോദിച്ചിട്ടുണ്ട്, റിസൾട്ട് പബ്ലിഷ് ചെയ്തോ എന്ന്. അപ്പൊ അവർ പറയും " അതൊക്കെ ചെയ്തല്ലോ, പുതിയ ആൾ ഇന്നലെ ജോയിൻ ചെയ്‌തെന്ന്..!!" പിന്നെ പിന്നെ ഇതൊക്കെ ശീലമായി. നമ്മുടെ നാട്ടിൽ ഏത് ഇന്റർവ്യൂന് ചെന്നാലും ആദ്യം ചോദിക്കുക എക്സ്പീരിയൻസ് ഉണ്ടോ എന്നാണ്...!!
"അതിന് ആദ്യം ആരെങ്കിലും പണി തന്നാലല്ലേ മനുഷ്യന് എക്സ്പീരിയൻസ് ഉണ്ടാവുകയുള്ളൂ" എന്ന് മറിച്ച് ചോദിക്കണം എന്നുണ്ടെങ്കിലും, പലപ്പോഴും "ഇല്ല" എന്ന ഒറ്റ വാക്കിൽ ഞാൻ അത് നിർത്തും. ജീവിതം കുറേ കൂടി എന്നെ ശാന്തനാകാൻ പഠിപ്പിച്ചിരിക്കുന്നു. പണ്ട് മൂന്ന് കൊല്ലം മുമ്പ് കോളേജിൽ പഠിക്കുമ്പോൾ ഉരുളക്ക് ഉപ്പേരി എന്ന കണക്കിന് വാശിയും വാക്കേറ്റവും നിലപാടും പറഞ്ഞു നടന്നിരുന്ന ഞാൻ ഇപ്പൊ വിട്ടു കൊടുക്കലുകൾക്കും കുറഞ്ഞ വാക്കുകൾക്കും ചുരുങ്ങിയിരിക്കുന്നു. ഇപ്പൊ ഒരു ഇന്റർവ്യൂ കഴിഞ്ഞ് ഇറങ്ങുമ്പോൾ അറിയാൻ പറ്റും എനിക്ക് ഈ ജോലി കിട്ടുമോ ഇല്ലയോ എന്ന്...!!
ഇരുപത് കഴിഞ്ഞാൽ, ജീവിതം കുറച്ച് പഠിച്ചു തുടങ്ങും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്ക് ഇരുപതും ഇരുപത്തൊന്നും കഴിഞ്ഞു ഇരുപത്തിനാല് ആകേണ്ടി വന്നു പരിചയപെട്ടു വരാൻ. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഇന്റർവ്യൂ കഴിഞ്ഞു വന്നാൽ അമ്മ ചോദിക്കുമായിരുന്നു, " എങ്ങനെയുണ്ട് മോനെ" എന്ന്. ഇപ്പൊ വന്നു വന്ന് ആ ചോദ്യവും കാണാതെയായി. ചോദിച്ചില്ലെങ്കിലും എനിക്കറിയാം ഉള്ളിൽ, "ഇതെങ്കിലും ശരിയാവണേ" എന്ന പ്രാർത്ഥന ഉണ്ടാകുമെന്ന്.
വരുമ്പോൾ ബസ്സിലൊരു ചേട്ടൻ അടുത്തിരുന്നിരുന്നു. സംസാരത്തിനിടെ ജോലിയെ കുറിച്ചു ചോദിച്ചു, ആയിട്ടില്ലെന്ന് പറഞ്ഞപ്പോൾ. തന്റെ മകനെ കുറിച്ച് പറഞ്ഞു. പ്ലസ്ടു കഴിഞ്ഞു, അത്യാവശ്യം മാർക്ക് ഉണ്ടായിരുന്ന ചെക്കൻ ആയിരുന്നത്രെ. പക്ഷെ അത് കഴിഞ്ഞു അവനെ ഗൾഫിൽ വിട്ടു. ഇപ്പൊ വീട് അവനാ നോക്കുന്നതെന്ന്...!! പറയുമ്പോൾ മകനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിമാന ബോധം എന്നെ എന്റെ അച്ഛനെ ഓർമിപ്പിച്ചെങ്കിലും പതിയെ ഞാൻ അവനെ കുറിച്ച് ആലോചിച്ചു, ചിലപ്പോൾ അവൻ കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകുമോ? ആവോ ചിലപ്പോ അവനാ ഓട്ടത്തിൽ പെട്ടുപോയി കാണും.
ജീവിതം അങ്ങനെയാണല്ലോ, ഒരു സമയം കഴിഞ്ഞാൽ ഒരു ഒഴുക്കിലേക്ക് അങ്ങോട്ട് തള്ളി വിടും, കൂടെ ഒഴുക്കിൽ നീന്തിയാൽ എന്നെങ്കിലും കരയെത്തും എന്ന് കരുതി ഇരിക്കാം, ഒഴുക്കിനെതിരെ നീന്തിയാലോ ചിലപ്പോ പെട്ടെന്ന് കരകേറാം, ചിലപ്പോൾ മുങ്ങി പോവുകയും ചെയ്യാം... പലപ്പോഴും മുങ്ങി പോകുമോ എന്ന പേടിയിൽ നമ്മൾ ആ ഒഴുക്കിനോട് ചേരും. ജീവിതം കുറേ കൂടി നന്നായിരുന്നെങ്കിൽ എന്ന് തോന്നിയെനിക്ക്. ചെറുപ്പത്തിൽ എന്തൊക്കെയാ കരുതുക.
ഇതുപതിയൊന്നിൽ പഠനം കഴിയും, പിന്നെ ജോലി, ജോലിയിൽ സ്ഥാനക്കയറ്റം, നല്ല സമ്പാദ്യം ആദ്യം അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കും, പിന്നെ ഒരു ബൈക്ക് എടുക്കും, വീട് വെക്കും, കാർ വാങ്ങും, ഇഷ്ടപെട്ട മനുഷ്യനെ തന്നെ കല്യാണം കഴിക്കും, കൂടുതൽ savings ഉണ്ടാക്കും... അങ്ങനെയങ്ങനെ ജീവിതം എത്ര നല്ലതായൊരുന്നെങ്കിൽ. ഫോൺ എടുത്തു നോക്കുമ്പോൾ അവളുടെ മെസ്സേജ് ഉണ്ട്. " എനിക്ക് ഇനിയും അധികം പിടിച്ചു നിൽക്കാൻ സാധിക്കില്ല, നമ്മുടെ കാര്യം സംസാരിക്കണം "
ഞാൻ മറുപടി ഒന്നും കൊടുത്തില്ല, അല്ലെങ്കിലും ഞാൻ എന്ത് പറയാൻ. അവളെ പറഞ്ഞിട്ടും കാര്യമില്ല, ഇരുപത്തിയഞ്ച് കഴിഞ്ഞ ജോലിയില്ലാത്ത ആണും കല്യാണം കഴിയാത്ത പെണ്ണും നാട്ടുകാരുടെ കുറ്റത്തിന് കളിയാക്കലിനും മധുരമുള്ള വിഷയങ്ങളാണല്ലോ..!! കൂടെയുള്ളവരൊക്കെ രക്ഷപ്പെടുന്ന, ചിലരൊക്കെ ആ ഒഴുക്കിൽ പെട്ടിരിക്കുന്നു. ഇല്ല, എനിക്കും സമയം വരും. നല്ല സമയം

Comments
Post a Comment