ഉപ്പൂപ്പന്റെ കീശ


ഉപ്പൂപ്പ മരിക്കുന്നതിന് മുമ്പ് ഉപ്പൂപ്പാടെ കുപ്പായം അലക്കി കൊടുത്തിരുന്നത് ഞാനാണ്. അന്നൊക്കെ കുപ്പായം അലക്കുമ്പോൾ കീശയിൽ നിന്നും കിട്ടുന്ന പൈസ നമുക്ക് എടുക്കാം.

ഉപ്പൂപ്പ തന്നെ പറഞ്ഞതാണ് കേട്ടോ, അങ്ങനെ കിട്ടിയാൽ നീ എടുത്തോ, അത് നിനക്കുള്ള കൂലിയാണ് എന്ന്. പക്ഷെ അലക്കാൻ ഇടുന്നതിനു മുമ്പ് എന്നും കുപ്പായം ഒരു നാലഞ്ച് പ്രാവശ്യം കുടഞ്ഞു നോക്കുന്ന കീശയിൽ നിന്നും എനിക്കാഴ്ചയിൽ അഞ്ചു രൂപ കിട്ടാറുണ്ട്.

അന്ന് സ്കൂളിൽ പോകുമ്പോൾ ഐസ് വാങ്ങാനും, പേന വാങ്ങാനും ഒക്കെ ഞാൻ അത് എടുത്തിരുന്നു, അഞ്ചു രൂപ കൂട്ടിവെച്ച് നേർച്ച ഉണ്ടാകുമ്പോ കുറേ സാധനങ്ങൾ വാങ്ങും..!!

ഒരൂസം ഉപ്പൂപ്പ എന്റെ മുമ്പിൽ നിന്നും ഒരു അഞ്ചാറു പ്രാവശ്യം കുടഞ്ഞ കുപ്പായത്തിൽ നിന്നും എനിക്ക് പത്ത് രൂപയുടെ ചില്ലറകൾ കിട്ടി..!! ഇത്ര കുടഞ്ഞിട്ടും ഇതെന്താ വീഴാതെ ഇരുന്നതെന്ന് അന്ന് ഞാൻ ആലോചിച്ചു.

പത്ത് രൂപ ഉള്ളത് കൊണ്ട് ഞാനത് ഉപ്പൂപ്പാനെ ഏൽപ്പിച്ചു, ഉപ്പൂപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, "ആമിനാ അലക്കിയപ്പോ കിട്ടിയതല്ലേ, അത് നിനക്കുള്ളതല്ലേ..!!" എന്ന്.

ഉപ്പൂപ്പ മരിച്ചു, ഇന്നും ഞാൻ ആ കുപ്പായങ്ങൾ കാണുമ്പോ ആലോചിക്കും, എത്ര കുടഞ്ഞാലും എനിക്ക് കിട്ടാൻ വേണ്ടി മാത്രം ഒളിച്ചിരിക്കുന്ന ചില്ലറകൾ എങ്ങനെയാണ് ഉപ്പൂപ്പാന്റെ കുപ്പായത്തിൽ ഉണ്ടാകുന്നതെന്ന്..!!
അപ്പൊ ഉപ്പൂപ്പാന്റെ ചിരിക്കുന്നൊരു മുഖം ഓർമ വരും.

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts