തള്ളക്ക് ഭ്രാന്താണ്


പാർക്കിലെ വൈകുന്നേരത്തെ സ്ഥിരം കാഴ്ചയായിരുന്നു, പ്രായമായൊരു അമ്മ കുറച്ചു ഗോതമ്പുമണികൾ കൊണ്ടു വന്ന് അവിടെയുള്ള പ്രാവുകൾക്ക് എറിഞ്ഞു കൊടുക്കുന്നത്. അവർക്ക് ചുറ്റും കുറേ പ്രാവുകൾ ഉണ്ടാകും.

അവരതിനോടൊക്കെ എന്തൊക്കെയോ സംസാരിക്കുന്നത് കാണാം. ഇടക്ക് ചിരിക്കുന്നത് കാണാം. ചിലപ്പോഴൊക്കെ അതിനെയെടുത്ത് തലോടുന്നത് കാണാം, തമാശ പറഞ്ഞു കൊഞ്ചുന്നത് കാണാം.

അവർ ഇരിക്കുന്ന ബെഞ്ചിൽ അത്രയും പ്രാവുകളുടെ കാഷ്ടം ഉണ്ടായിരിക്കും അവർക്ക് ഇരിക്കാനുള്ള ഒരു ചെറിയ ഭാഗം ഒഴിച്ച്. അതുകൊണ്ട് തന്നെ അങ്ങനെ ആരും അവിടെ ഇരിക്കാറില്ല.

"തള്ളക്ക് പ്രായത്തിന്റെ കിളിപോക്ക് തുടങ്ങി " എന്ന് പലരും പറയുന്നത് കേൾക്കാം, എങ്കിലും അതൊരു സുഖമുള്ള കാഴ്ചയായിരുന്നു. ആ പാർക്കിലെ മറ്റെന്തിനേക്കാളും നല്ല ഭംഗിയുള്ള മനസ്സ് നിറക്കുന്ന കാഴ്ച്ച.

കഴിഞ്ഞ ദിവസം ആ അമ്മ മരിച്ചു. എന്നും അവരെത്താറുള്ള സമയത്ത് പ്രാവുകൾ വന്നു തുടങ്ങി. കുറേ അങ്ങോട്ടുമിങ്ങോട്ടും അവ ഉലാത്തുന്നുണ്ട്. ഇനിയൊരിക്കലും കാണാത്ത മനുഷ്യന് വേണ്ടിയുള്ള കാത്തിരിപ്പാണ്. 

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts