ഇഷ്ടമില്ലാത്ത ആ കുട്ടി


രണ്ടു ദിവസായിട്ട് ക്ലാസ്സിൽ ഞങ്ങൾ എന്നും കളിയാക്കാറുള്ള ആ കുട്ടി വന്നിട്ടില്ല. ക്ലാസ്സിലെ ആർക്കും അവളെ ഇഷ്ടായിരുന്നില്ല...

ആരും അവളുടെ കൂടെ കൂട്ട് കൂടാൻ ഉണ്ടായിരുന്നില്ല, ആരോടും അങ്ങനെ മിണ്ടുകയും ഇല്ല. 

ആരും തന്നെ അവളെ സ്വന്തം ബെഞ്ചിൽ ഇരുത്താൻ താല്പര്യപെട്ടിരുന്നില്ല, അതുകൊണ്ട് തന്നെ ഓരോ ദിവസവും അവൾ ഓരോ ബെഞ്ചിൽ ആയിരുന്നു...

അന്നവളെ കുറിച്ച് ആ ബെഞ്ചിൽ ഇരിക്കുന്നവർക്ക് ഒക്കെയും പരാതി ഉണ്ടാകും, എഴുതുമ്പോൾ കൈ തട്ടിയതിന്, വരയ്ക്കാൻ പെൻസിൽ എടുത്തതിനു അങ്ങനങ്ങനെ...

ഇന്ന് ക്ലാസ്സിൽ വന്ന രതി ടീച്ചർക്ക് വല്ലാത്തൊരു ദേഷ്യം ഉണ്ടായിരുന്നു, ടീച്ചറായിരുന്നു പിന്നേയും അവളെ സപ്പോർട്ട് ചെയ്തിരുന്നത്.

അറ്റന്റൻസ് എടുക്കുമ്പോൾ, അവള് ലീവാണെന്ന് ഞങ്ങൾ സന്തോഷത്തോടെ പറഞ്ഞു. അവളിനി വരില്ലെന്ന് ടീച്ചർ ഇത്തിരി ഗൗരവത്തോടെ ഞങ്ങളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

അവളുടെ ഉപ്പ രണ്ടു ദിവസം മുമ്പ് മരിച്ചു, ഇവിടെ നിൽക്കാൻ പറ്റാത്തത് കൊണ്ട് അവളെ സ്കൂളിൽ നിന്നും മാറ്റിയത്രെ. അതു വരെ മിണ്ടിയിരുന്ന, ചിരിച്ചിരുന്ന ഞങ്ങളൊക്കെ പെട്ടെന്ന് മിണ്ടാതെയായി.

എന്നെ പോലെ തന്നെ എല്ലാരിലും അവളുടെ മുഖം വന്നെന്ന് തോന്നുന്നു, പെട്ടെന്ന് ഒരു ദിവസം അവളെ കളിയാക്കിയ ക്ലാസ്സ്‌ മുഴുവൻ തോറ്റു, അവള് ജയിച്ചു. പോയ ഇടത്ത് അവൾക്ക് നല്ല കൂട്ടുകാരെ കിട്ടണേ എന്ന് ഞാനും ആഗ്രഹിച്ചു.

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts