അയാൾ

സുഹൃത്തിന്റെ ഒരു കല്യാണത്തിന് പോയതായിരുന്നു. വലിയ കല്യാണം, നല്ല ആഘോഷം ഭക്ഷണം പലതും ലൈവ് ആയിട്ട് തന്നെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. എങ്ങും ചിരിയും കളിയും മാത്രം. കുട്ടികളൊക്കെ ഓടി കളിക്കുന്നതിന്റെ ഇടക്ക് ഒരാൾ ഒരു കുട്ടിയെ പിടിച്ചു വല്ലാതെ ചൂടാകുന്നു.

" എന്തിനാ ഇങ്ങനെ ഓടുന്നെ!? അവിടെ എവിടെയെങ്കിലും ഒരു മൂലയിൽ ഇരുന്നൂടെ? " എന്നിങ്ങനെ തുടങ്ങി അയാളുടെ ശകാരം നിർത്തുന്നില്ല. ആദ്യം ആരും മിണ്ടിയില്ല.

പിന്നെ ആരോ പോയി എന്തോ മെല്ലെ പറയുന്നത് കേട്ടു "കുട്ടികളല്ലേ..". അതിനും അയാൾ ദേഷ്യപെടുകയാണ് ഉണ്ടായത്, " ആ കുട്ടികളാണ്, അതുകൊണ്ടാ പറയുന്നേ... അല്ലെങ്കിലും ഇവറ്റകളെ ഒന്നുമല്ല പെറ്റിട്ട് ഉണ്ടാക്കിയവരെ പറഞ്ഞാൽ മതിയല്ലോ..!!"

അത് അയാളൊരു വെറുപ്പോടെയാണ് പറഞ്ഞതെന്ന് തോന്നുന്നു. പക്ഷെ അതിന് അയാളെ മറുത്ത് ആരും ഒന്നും പറഞ്ഞില്ല, ആ കുറച്ചു നേരത്തേക്ക് ആഘോഷം ഒക്കെ നിന്ന പോലെ ആയി. അയാൾ മെല്ലെ നടന്ന് തുടങ്ങി.

അവിടെ ഉണ്ടായിരുന്ന ഒരാളോട് ഞാൻ അയാൾ ആരാണെന്ന് ചോദിച്ചു. " അയാളൊരു നാട്ടുകാരനാ, സാധുവാണ്.. ","എന്നിട്ടാണോ കുട്ടികൾ കളിക്കുന്നതിന് അയാളിത്ര കോലാഹലം ഉണ്ടാക്കിയത്..??"

പണ്ട് ഇതേപോലൊരു കല്യാണത്തിന് ഓടി കളിച്ചിരുന്ന അയാളുടെ നാല് വയസ്സുള്ള മകൻ കളിക്കുന്നതിനിടക്ക് ജിലേബിയുടെ തിളച്ച എണ്ണ പാത്രത്തിനടുത്തേക്ക് വീഴുകയും പാത്രം മറിഞ്ഞ് എണ്ണയിൽ പൊള്ളിയാണ് അയാളുടെ കുട്ടി മരിച്ചതെന്ന് ചേട്ടൻ പറഞ്ഞു.

ഞാൻ അയാളെ ഒന്ന് നോക്കി, നേരത്തെ എനിക്ക് തോന്നിയ വിദ്വേഷം എനിക്കിപ്പോ അയാളോട് തോന്നിയില്ല. "അല്ലെങ്കിലും പെറ്റിട്ടവരെ പറഞ്ഞാൽ മതിയല്ലോ " എന്നത് വെറുപ്പിന്റെ വാക്കല്ലായിരുന്നു സ്വയം കുറ്റപ്പെടുത്തിയതാണെന്ന് തോന്നി. അത് പറയുമ്പോ അയാളൊന്ന് ഉള്ളുരുകി കരഞ്ഞിട്ടുണ്ടാകും.

Comments

Popular Posts