എന്ന്, ഞാനാവുന്ന സുജാതയ്ക്ക്...


അമ്മയുടെ മുറിയിൽ അമ്മയുടെ കട്ടിലിനോട് ചേർന്നൊരു പെട്ടിയുണ്ടായിരുന്നു. അമ്മ മരിച്ചപ്പോ അമ്മ ആരേയും തൊടാൻ അനുവദിക്കാതിരുന്ന ആ പെട്ടിയുടെ താക്കോൽ എനിക്ക് കിട്ടി. കുറച്ചു കുപ്പായങ്ങളും ഒരു ഡയറിയും അതിലുണ്ടായിരുന്നു. അതിന്റെ നടുവിലെ പേജിൽ ഒരു മയിൽപീലിയും പിന്നെ പകുതി മുറിഞ്ഞ ചുളിവ് വന്ന ഒരു പേപ്പർ കഷ്ണം കണ്ടു.

" ഒരുമിച്ചു ജീവിക്കാനാവില്ല എന്നറിയാം, നീയില്ലാതെ ജീവിക്കാനും ഞാൻ മറന്നിരിക്കുന്നു. തനിച്ചാക്കി പോവുകയല്ല, ഇതെനിക്ക് മാത്രമുള്ള യാത്രയാണ്. ഇല്ലെങ്കിൽ നീ കുറേ കഷ്ടപ്പെടും, സന്തോഷത്തോടെ ഇരിക്കണം, കുഞ്ഞിനെ നോക്കണം. വരും ജന്മത്തിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ എന്നെ കണ്ടുമുട്ടാതിരിക്കട്ടെ...!!

എന്ന് 
ഞാനാവുന്ന സുജാതയ്ക്ക്... "

പകുതിയിലേറെ കീറിയിരിക്കുന്നു. അത് അച്ഛന്റെ ആത്മഹത്യകുറിപ്പായിരുന്നു. അച്ഛനെ എനിക്ക് ഓർമയില്ല, അച്ഛൻ പണ്ട് ഈ മാനസിക രോഗം വന്ന് ആത്മഹത്യാ ചെയ്തതാണ് എന്നാണ് എന്റെ അറിവ്. അതിന് ശേഷം അമ്മ പിന്നെ വേറെ വിവാഹം കഴിച്ചിട്ടില്ല. മാമൻ എത്ര ആലോചനകൾ കൊണ്ടു വന്നിട്ടുണ്ടെന്ന് അറിയോ!? അച്ഛനെഴുതിയ സന്തോഷം എന്ന വാക്ക് ഞാൻ അമ്മയിൽ കണ്ടിട്ടേയില്ല. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അച്ഛന്റെ തീരുമാനം തെറ്റായിരുന്നു എന്ന്...

എനിക്കോർമ്മയുണ്ട്, ചെറിയ കുട്ടി ആയിരുന്നപ്പോൾ അമ്മ ഇതിൽ നിന്നും ഷർട്ട്‌ എടുത്ത് അടുത്ത് കിടത്തും, ഇടക്ക് അതിനെ കെട്ടിപ്പിടിക്കും, ചിലപ്പോഴൊക്കെ അതിട്ടു കണ്ണാടിയിൽ നോക്കി എന്തൊക്കെയോ സംസാരിക്കും... ഈ പേപ്പർ ഒരിക്കെ മാമൻ വന്നു കീറിയതാണ്, പ്രണയവിവാഹം ആയിരുന്നു, ഒരിക്കെ അമ്മയെ ഒരുപാട് വഴക്ക് പറഞ്ഞു, അന്നത്തെ പിടിവലിയിൽ കീറിയതാണ്, പിന്നെ ഒരാളേയും അമ്മ വീട്ടിലേക്ക് അടുപ്പിച്ചിട്ടില്ല.

വേറെ വീട്ടിലാണെങ്കിലും ഇടക്കിടക്ക് മാമൻ വന്നു പൈസ തരാറുണ്ടായിരുന്നു, ചിലപ്പോ മാമന് ഞങ്ങളൊരു ബാധ്യതയായി തുടങ്ങിയത് കൊണ്ടാകും അന്ന് അങ്ങനെയൊക്കെ സംഭവിച്ചത്. അതിൽ പിന്നെ അമ്മ ഒരുപാട് കഷ്ടപെട്ടാണ് ഒരു ജോലി കണ്ടുപിടിച്ചത് എന്നെ പഠിപ്പിച്ചതുമൊക്കെ. സത്യം പറഞ്ഞാൽ അമ്മ കുറേ കൂടി ശക്തയായത് പോലെ എനിക്ക് തോന്നി.

കാൻസർ വന്നിട്ടാണ് അമ്മ മരിച്ചത്. അല്ല, അച്ഛൻ ഒറ്റക്കാക്കി പോയ യാത്രയിൽ അമ്മയും ഇന്ന് ഓടി കയറിയിരിക്കുന്നു അങ്ങനെ പറയുന്നതാവും ശരി. അമ്മ ഇവിടെ ജീവിക്കുന്നു എന്നേയുണ്ടായിരുന്നുള്ളു മനസ്സെപ്പോഴും അച്ഛന്റെ ഒപ്പം അച്ഛനുള്ള ലോകത്ത് തന്നെയായിരുന്നു. എനിക്കിടക്ക് തോന്നും മനുഷ്യരെ മരിക്കുന്നുള്ളൂ, ഓർമ്മകൾ മരിക്കുന്നില്ല..!! 

Comments

Popular Posts