കടലമ്മേടെ കൊട്ടാരം

നേരം അഞ്ചിനോട് അടുക്കുന്നു, അമ്മാമ്മ ഇന്നും കടലിന്റെ ആ കരയിൽ പോയി ഇരിക്കുന്നത് മുറ്റത്ത് തെങ്ങിന്റെ ഓല ചീളുന്ന ഞാൻ കണ്ടു. എങ്ങോട്ടാ പോകുന്നത് എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല. തുറയിൽ മീൻ പിടിക്കാൻ പോയ വള്ളം തിരിച്ചു വരുന്ന തീരത്ത് കാണാം. 

അതിങ്ങനെ സ്ഥിരം കാഴ്ചയാണ്. ക്ലോക്കിൽ സെക്കന്റ്‌ സൂചി നിരന്തരം കറങ്ങുകയും ഓരോ സമയത്തും മറ്റു സൂചികൾ താളം തെറ്റാതെ ചലിക്കുന്നതും പ്രത്യേകം നോക്കേണ്ട എന്ന പോലെ തന്നെയാണ് അമ്മാമ്മയുടെ ഈ പോക്കും. കൈയ്യിലൊരു വലിയ ശംഖും പിടിച്ചു അവിടെ പോയി ഇരിക്കും കണ്ണെത്താ ദൂരേക്ക് നോക്കിയിരിക്കും, ഇടക്ക് ആ ശംഖിങ്ങനെ ചെവിയോട് ചേർത്ത് വെക്കും.

ഇന്നെന്തോ എനിക്കും പിന്നാലെ പോകാൻ തോന്നി, എന്നത്തേയും പോലെയല്ല. ഇന്നത്തെ അമ്മാമ്മയുടെ നടത്തതിന് വല്ലാത്തൊരു വേഗത ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപതാറു കൊല്ലമായിട്ട് ഞാനിതേ കാഴ്ച്ച കാണുന്നു. ഇത്ര വേഗത മുമ്പൊരിക്കലും അമ്മാമ്മയിൽ കാണാത്തത് കൊണ്ട് ഇന്നു ഒന്ന് പിന്നാലെ പോകാൻ തോന്നി.

കുറച്ചു മാറി എന്നും ഇരിക്കാറുള്ള അതെ ഇരുപ്പ് കടലിലേക്കും നോക്കി ഇരിപ്പുണ്ട്. ഞാൻ പതിയെ അടുത്ത് ചെന്നിരുന്നു. വന്നിരുന്നത് അമ്മാമ്മ അറിഞ്ഞിട്ടുണ്ട് എങ്കിലും തിരിഞ്ഞു നോക്കാനോ മറ്റെന്തെങ്കിലും ചോദിക്കാനോ നിന്നില്ല.

മുമ്പും ഞാൻ ഇങ്ങനെ വന്ന് ഒരുപാട് തവണ ഇരുന്നിട്ടുണ്ട്, പണ്ട് അപ്പാപ്പൻ കടലിൽ പോയതും പിന്നെ തിരിച്ചു വരാത്തതും ബോഡി പോലും കിട്ടാത്തതുമൊക്കെ ഒരു നൂർ വട്ടമെങ്കിലും കേട്ടിട്ടുമുണ്ടാകും. ഈ ശംഖും ഒരിക്കെ അപ്പാപ്പൻ കടലിൽ വെച്ചു അമ്മാമ്മയ്ക്ക് കൊടുത്തതാണ്.

അന്ന് നീന്താൻ അറിയാത്ത അമ്മാമ്മയെ അപ്പാപ്പൻ കടലിൽ കൊണ്ടു പോയത്രേ, എന്നിട്ട് കടലിന്റെ നടുക്ക് വെച്ച് ഈ ശംഖു കൊടുത്തു എന്നൊക്കെയാണ് കഥ. ആദ്യമൊക്കെ ഈ കടൽ തീരത്ത് ജീവിക്കുന്ന അമ്മാമ്മയ്ക്ക് എന്തെ നീന്തൽ അറിയാത്തത് എന്ന് ഞാൻ ആലോചിച്ചിരുന്നു. ഒരു ദിവസം അമ്മാമ്മ തന്നെ ആ കഥ പറഞ്ഞു.

അപ്പാപ്പന്റെ അച്ഛൻ വല്യപ്പാപ്പന് അപ്പാപ്പനെ ഈ കടലിൽ പറഞ്ഞയക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു. അങ്ങനെ അന്നാട്ടിലെ പെയിന്റ് പണിക്കാരൻ കുമ്മാസ്സ് ആശാന്റെ കൂടെ പെയിന്റ് പണിക്ക് വിട്ടു. പെയിന്റ് പണിക്ക് പോയ ആദ്യത്തെ വീട് ആയിരുന്നു അമ്മാമ്മയുടേത്. അങ്ങനെ അവർ കണ്ടു ഇഷ്ടത്തിലായി, നാട്ടിലാകെ പാട്ടായി, അതോടെ കഷ്ടത്തിലായി, ഒടുക്കം ഒളിച്ചോടി.

അവസാനം വല്യപ്പാപ്പന്റെ വാക്കും ധിക്കരിച്ചു കടലിലേക്ക് തന്നെ അപ്പാപ്പനും അന്നം തേടി പോയി. അന്നൊക്കെ കടലിനെ കുറിച്ചും കടലമ്മയെ കുറിച്ചുമൊക്കെ അപ്പാപ്പൻ അമ്മാമ്മയ്ക്ക് ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കാമായിരുന്നു. അങ്ങനെ ഒരു ദിവസം കടലമ്മയെ കാണിക്കാൻ എന്നും പറഞ്ഞാണ് നീന്തൽ പോലും അറിയാത്ത അമ്മാമ്മയെ കൊണ്ട് കടലിൽ പോകുന്നത്.

എന്റെ അമ്മ ജനിച്ചു വയസ്സ് മൂന്ന് തികയുന്നതിന്റെ അന്ന് അപ്പാപ്പൻ കടലിൽ പോയതാണ്, പിന്നെ ഇന്നാട്ടിൽ ആരും അപ്പാപ്പനെ കണ്ടിട്ടില്ല. " നിന്റെ അപ്പാപ്പൻ ആ കടലമ്മയുടെ കൊട്ടാരത്തിൽ സൽക്കാരത്തിന് പോയതാണ്, ഒരു ദിവസം സൽക്കാരം ഒക്കെ കഴിഞ്ഞു ഇങ്ങോട്ട് വരും ഞാൻ കാണിച്ചു കൊടുക്കാം" എന്ന് അമ്മാമ്മ കടലിലേക്ക് നോക്കി പറയും. പണ്ടൊക്കെ ഞാൻ അതൊരു തമാശ ആണെന്ന് കരുതി ചിരിച്ചിരുന്നു. വലുതായപ്പോ അമ്മാമ്മയുടെ ഉള്ളിലെ ആ കരച്ചിൽ കേൾക്കാൻ പറ്റുന്നത് കൊണ്ടാകും ചിരിക്കാനും പറ്റാതെ ആയി.

ഇടക്കൊക്കെ ആ ശംഖും ചെവിയോട് പിടിച്ചു ഇരിക്കും, ഇടക്ക് അതിനെ ചുണ്ടോട് അടുപ്പിച്ച് സ്വകാര്യം പോലെ എന്തോ പറയും വീണ്ടും ചെവിയിൽ വെക്കും, " നിനക്കൊക്കെ മൊവീൽ ഇല്ലേ, എനിക്ക് ഇതും ഉണ്ട് " എന്ന് കുറച്ചു കാലം മുന്നേ എന്താണിത്ര അതിൽ സംസാരിക്കാൻ എന്ന് ഞാൻ ചോദിച്ചപ്പോ എനിക്ക് കിട്ടിയ മറുപടിയാണ്. 

എനിക്ക് തോന്നി ചിലപ്പോ, അപ്പാപ്പന്റെ ശബ്ദം ആ ശംഖിൽ അമ്മാമ്മയ്ക്ക് കേൾക്കുന്നുണ്ടാകും, അവര് പരസ്പരം സംസാരിക്കുന്നുണ്ടാകും, ചിരിക്കുന്നുണ്ടാകും, ആശ്വസിപ്പിക്കുന്നുണ്ടാകും. അല്ലെങ്കിലും ഈ ലോകത്ത് നമുക്ക് കാണാൻ പറ്റാത്തത് ഒന്ന് ഇല്ലെന്ന് വാദിക്കാൻ സാധിക്കില്ലല്ലോ, ഇനി അതും പോട്ടെ, അമ്മാമ്മയ്ക്ക് അതിൽ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ഞാനെന്തിന് അതൊരു തോന്നലാണ് എന്ന് പറയണം, അതങ്ങനെ തന്നെ നിന്നോട്ടെ.

പെട്ടെന്ന് എന്റെ മുഖത്തേക്ക് ഒരു കാറ്റ് വീശി, അടുത്ത് നോക്കുമ്പോ അവിടെ അമ്മാമ്മയില്ല, മുമ്പിലെ കടലും ശൂന്യം, അവിടെ അമ്മാമ്മ ഇരുന്നിടത്ത് ആ ശംഖു മാത്രം ഇരിക്കുന്നു. "അമ്മാമ്മേ " ഞാൻ നീട്ടി വിളിച്ചു, തിരമാലകളുടെ ശബ്ദമല്ലാതെ ഒന്നും വന്നില്ല, പിന്നെ അപ്പാപ്പനെ പോലെ ആരും അമ്മാമ്മയെയും കണ്ടില്ല. 

അപ്പാപ്പനെ സ്വർഗ്ഗത്തിൽ നിന്നും കൂട്ടി കൊണ്ടു വരാൻ അമ്മാമ്മ പോയേക്കുവാണ് എന്ന് തോന്നി പോയി, അല്ലെങ്കിൽ ബോഡിയെങ്കിലും കിട്ടണ്ടേ, ഞാനും ആ ശംഖു ചെവിയോട് ചേർത്തു അമ്മാമ്മയോട് സംസാരിക്കാൻ പറ്റിയാൽ "എന്താ പറ്റിയെ എന്ന് ചോദിക്കാം " ഇനി അഥവാ അപ്പാപ്പനോടാ സംസാരിക്കാൻ പറ്റുന്നതെങ്കിലും "അമ്മാമ്മ നിങ്ങളേയും തിരഞ്ഞു വരുന്നുണ്ടെന്ന് " എങ്കിലും പറയാമല്ലോ എന്നോർത്ത്.

ചിലപ്പോ ഇത് ഞാൻ അപ്പാപ്പനോട് പറയുമ്പോ അവര് ഒന്നിച്ചിരുന്നു ചിരിക്കുന്നുണ്ടാകും എന്നൊക്കെ ഞാൻ ആലോചിച്ചു കൂട്ടും. അല്ലെങ്കിലും അമ്മാമ്മ ഇനിയും എത്ര കാലമാണ് ഇതേ ഇരുപ്പ് അപ്പാപ്പന് വേണ്ടി കാത്തിരിക്കുക, പെട്ടെന്ന് ഒരു നിമിഷം തിരഞ്ഞു ഇറങ്ങാം എന്ന് തോന്നിക്കാണും.

Comments

Popular Posts