കദീജ (ഭാഗം രണ്ട് )


ഹസ്സൻക്ക വിവരമറിഞ്ഞതും വീട്ടിലേക്ക് ഓടി വന്നു. അബൂക്കയുടെ ഇരുത്തം കണ്ടപ്പോഴേ ഹസ്സൻക്കാക്ക് മനസ്സിലായി, അബൂക്ക അറിഞ്ഞിട്ടുണ്ടെന്ന്... ഹസ്സൻക്ക വീട്ടിൽ പോയി കാളവണ്ടിയുമായി വന്നു. അങ്ങേക്കരയിലേക്ക് ഇവിടെ നിന്നും അരപകൽ യാത്ര സമയം ഉണ്ടാകും, എങ്കിലും അവസാനമായി ഒന്ന് അവിടം വരെ പോകണമെന്ന് അബൂക്കയുടെ മനസ്സ് വല്ലാതെ പറയുന്നുണ്ടായിരുന്നു... എനിക്കത് കേൾക്കാമായിരുന്നു. അതുകൊണ്ടാണ് ഹസ്സൻക്കയോട് വണ്ടിയുമായിട്ട് വരാൻ പറഞ്ഞത്...

വണ്ടിയിൽ കയറുമ്പോൾ അബൂക്കയുടെ കൈ ഞാൻ പിടിച്ചു കൊടുത്തു, അബൂക്ക അങ്ങേയറ്റം തളർന്നിട്ടുണ്ടെന്ന് മൂപ്പരുടെ നടത്തം കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു... വണ്ടി പതിയെ ചലിച്ചു തുടങ്ങി, ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും മയ്യിത്ത് എടുക്കുമോ എന്ന ആശങ്ക ഹസ്സൻക്ക പ്രകടിപ്പിച്ചെങ്കിലും അബൂക്ക മിണ്ടാതെ താഴേക്ക് നോക്കി തന്നെ ഇരിപ്പാണ്....

അബൂക്കയെ മുമ്പൊരിക്കലും ഞാനിങ്ങനെ കണ്ടിട്ടില്ല, പ്രിയപ്പെട്ടൊരു മനുഷ്യന്റെ വേർപ്പാട് ഒരാളെ എത്രയേറെ തളർത്തുമെന്ന് അന്നെനിക്ക് അബൂക്ക കാണിച്ചു തരികയായിരുന്നു... ഒരു നിമിഷം എനിക്ക് ആയിഷയോട് അസൂയ തോന്നി, ആയിഷ ഞാനായിരുന്നെങ്കിലെന്ന് ഒരു നിമിഷം ചിന്തിച്ചു, കാരണം എനിക്കേറെ പ്രിയപ്പെട്ട മനുഷ്യൻ ഇത്രത്തോളം മറ്റൊരു മനുഷ്യന്റെ പേരിൽ തളർന്നു ഞാൻ കണ്ടിട്ടില്ല, ആ തളർച്ച പോലും എനിക്ക് വേണ്ടി ആയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോയി...

ഹംസക്കുട്ടി ഹാജിയാരുടെ വീട് കൊട്ടാരം കണക്കെയായിരുന്നു, ആയിഷയുടെ വീട്... മുറ്റമാകെ ആളുകളെ കൊണ്ട് നിറഞ്ഞിരിപ്പുണ്ട്, അബൂക്കയെ ഹസ്സൻക്കയെ ഏൽപ്പിച്ചു ഞാൻ വീടിനു പിന്നാമ്പുറത്തേക്ക് പോയി... മയ്യിത്ത് കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്.... കാണേണ്ടവർക്ക് കാണാം... ഞാൻ ആ ജനാലിലൂടെ നോക്കുമ്പോൾ അബൂക്ക അങ്ങേ മൂലയിൽ മാറി ഇരിപ്പുണ്ട്, ഇപ്പോഴും നോട്ടം താഴേക്ക് തന്നെ....

അബൂക്കയ്ക്ക് ആയിഷയെ അങ്ങനെ കാണാൻ പറ്റുമായിരുന്നില്ല, പക്ഷെ എനിക്ക് കാണാൻ പൂതിയുണ്ടായിരുന്നു, അബൂക്കയുടെ കഥകളിലെ പ്രിയപ്പെട്ടവളെ ഒരു നോക്ക് ഒന്ന് കാണാൻ... പക്ഷെ ഞാൻ പോയില്ല, കണ്ടില്ല... എനിക്ക് കാണേണ്ട, കാരണം അബൂക്ക കഥകൾ പറയുമ്പോഴെല്ലാം ആ കഥകളിലെ ആയിഷക്ക് എന്നിലെന്നും എന്റെ തന്നെ മുഖമായിരുന്നു... ആ മുഖം എന്നും എന്റെ മനസ്സിൽ അങ്ങനെ തന്നെ മതി...

മയ്യിത്ത് എടുക്കാൻ നിന്നപ്പോൾ അബൂക്കയും പതുക്കെ എണീറ്റു മയ്യിത്തിനൊപ്പം പോയി, പള്ളിയിൽ ചെന്ന് നിസ്കാരവും കഴിഞ്ഞ് എല്ലാവരും എത്തിയിട്ടും അബൂക്കയെ കണ്ടില്ല, പിന്നാലെ വന്ന ഹസ്സൻക്കയോട് ചോദിച്ചപ്പോൾ അബൂക്ക ഇത്തിരി നേരം കൂടെ പ്രാർത്ഥിച്ചിട്ട് വരാമെന്ന് പറഞ്ഞുവത്രെ.... എനിക്കറിയാം, അബൂക്കയുടെ മനസ്സ് പടച്ചോൻ ആയിഷക്ക് കാണിച്ചിട്ടുണ്ടാകും, ഓളെ റൂഹ് അബൂക്കയെ പ്രതീക്ഷിച്ചില്ലെങ്കിലും അബൂക്കയുടെ വരവ് ഓള് അറിഞ്ഞിട്ടുണ്ടാകും...

കുറേ നേരത്തിന് ശേഷം അബൂക്ക വന്നു, ഞങ്ങൾ മടങ്ങി, മടക്കയാത്രയിൽ ഹസ്സൻക്ക ആയിഷയുടെ കഥകളൊക്കെ പറയുന്നുണ്ടായിരുന്നു... ഒരുമിച്ചു കളിച്ചതും പഠിച്ചതും, ഹംസക്കുട്ടി ഒരു പെരുന്നാൾക്ക് ഹാജിയാരുടെ വീട്ടിലേക്ക് വന്നതും കണ്ടു ഇഷ്ടപ്പെട്ടതും, കല്യാണം കഴിച്ചതുമൊക്കെ...
ഞാനിങ്ങനെ ഇരുന്ന് മൂളികൊടുത്തു... എന്റെ മടിയിൽ തല വെച്ചു കിടക്കുന്ന അബൂക്കയെ തലോടുമ്പോഴും എന്റെ മടിത്തട്ട് അബൂക്കയുടെ കണ്ണുനീരിന്റെ ചൂടറിയുന്നുണ്ടായിരുന്നു....

Comments

Popular Posts