ഒന്നോ രണ്ടോ വർഷത്തിൽ വരുന്ന ഉപ്പ എനിക്ക് ഒരു അഥിതി മാത്രമായിരുന്നു..!!


ഇന്നലെ ഉപ്പയുടെ പഴയ പ്രവാസി സൗഹൃദത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചില മെസ്സേജുകൾ എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി, മിക്കവരും പ്രവാസം നിർത്തിയവരാണ് എന്ന് എനിക്ക് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ചിലരൊക്കെ മാറ്റങ്ങളില്ലാതെ ഇന്നും പ്രവാസികളാണ് താനും!! പുതിയ ഒരു ഗ്രൂപ്പിന്റെ തുടക്കത്തിലെ ആവേശമൊക്കെ എനിക്ക് അതിൽ കാണാമായിരുന്നു...

ഗ്രൂപ്പ്‌ പൂർണമായിട്ടില്ല എന്നും പലരെയും ഇനിയും തേടിപിടിച്ചു കണ്ടുപിടിക്കാനുണ്ടെന്നും അവരുടെ സംസാരത്തിലുണ്ടായിരുന്നു... ചിലരൊക്കെ ഇന്നും ജീവിതത്തോട് പൊരുതികൊണ്ടിരിക്കുകയാണ്, ചുരുക്കം ചിലർ മാത്രം സ്വസ്ഥ ജീവിതത്തിലാണ് , എങ്കിലും പരസ്പരം ഇന്നും കാണുന്നവർ പരസ്പരം കൈത്താങ്ങാവുന്നുണ്ട് എന്നും ചാറ്റുകളിൽ നിന്ന് അറിയാൻ സാധിച്ചിരുന്നു. ഒരുപക്ഷെ സ്വന്തം വീട്ടിൽ ഉള്ളവരേക്കാൾ നന്നായിട്ട് ആ കാലത്ത് അവരെ അവർക്ക് തന്നെയാകും അറിയുക....

ഗ്രൂപ്പിന്റെ പ്രത്യേകത എന്തെന്നാൽ ഇവരാരും സമപ്രായക്കാരോ മറ്റോ അല്ലായിരുന്നു, പക്ഷെ ഒരു റൂമിൽ ഒരു കുടുംബം പോലെ കഴിഞ്ഞവരായിരുന്നു, ചിലരൊക്കെ ഉപ്പാക്കും സഹോദനും തുല്യരായ സൗഹൃദങ്ങൾ. അടുത്തുള്ളവന്റെ കഷ്ടപ്പാട് പറയാതെ അറിയാൻ അവരിൽ എന്തോ കഴിവുള്ളത് പോലെ ചാറ്റിലേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നി...!! അവരുടെ മനസ്സുകളുടെ അടുപ്പമാണ്...

പട്ടിണിയിൽ നിന്നും ചേക്കേറി പണക്കൊഴുപ്പിന്റെ അറ്റത്തേക്ക് എത്തിയവരുടെ കഥകളായിരുന്നു പണ്ടൊക്കെ ഗൾഫുകാരെ കുറിച്ച് പറയപ്പെട്ടിരുന്നത്, ജീവിതത്തിൽ കരക്കേറിയവരും ജീവിതത്തിന്റെ ഒഴുക്കിൽ പെട്ടുപോയവരും, പിന്നെ ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടവരും അവരിലുണ്ടായിരുന്നു...!! നാട്ടിലെ വെള്ള കുപ്പായത്തിനും റാഡോ വാച്ചിലും മാത്രം തങ്ങളിലെ കഷ്ടപ്പാടിനെ മറച്ചു വെച്ച്, അധ്വാനത്തെ കാണിച്ച പലരും ബെന്യാമിന്റെ 'ആടുജീവിത'ത്തിലേറെ പ്രയാസകരമായ ഒട്ടകജീവിതം നയിക്കുന്നവരാണ്.

ഇന്നലെ "കഠിന കാഡോരമീ അണ്ഡകടാഹം" എന്ന സിനിമയിലെ ബേസിൽ ജോസഫ് പറയുന്നൊരു ഡയലോഗ് ഉണ്ട്... " വേണ്ട സമയത്തൊന്നും എനിക്ക് ബാപ്പാനെ കിട്ടീട്ടില്ല, രണ്ട് വർഷം കൂടുമ്പോൾ ഒരു മാസം അല്ലേൽ രണ്ട് മാസം, എനിക്ക് അദ്ദേഹത്തോടൊന്ന് സംസാരിക്കാൻ പോലും അറിയില്ല... " കേട്ടപ്പോൾ ഞാൻ എന്നിലേക്ക് തന്നെ നോക്കി, എന്നെ കുറിച്ചാണോ പറഞ്ഞതെന്ന് തോന്നി...

ഒരുപക്ഷെ ഉപ്പ ഗൾഫ് നിർത്തി വന്നില്ലായിരുന്നെങ്കിൽ എനിക്കും അങ്ങനെ ആയിരിക്കില്ലേ... വർഷത്തിലോ രണ്ട് വർഷത്തിലോ കൂടുമ്പോൾ നാട്ടിലേക്ക് വരുന്ന മനുഷ്യൻ, ആ കാലയളവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും എല്ലാ സ്നേഹവും കൈക്കൊള്ളുന്ന ഒരാൾ, ഇഷ്ടമല്ലെങ്കിലും ജീവിതം അങ്ങനെയാണ് എന്ന തിരിച്ചറിവിൽ മടങ്ങുന്നവർ... വീട്ടിലും നാട്ടിലും ഭാര്യക്കും അമ്മക്കും മക്കൾക്കും വരെ അതിഥിയായവർ...

പ്രിയപ്പെട്ടവർ ഗൾഫിൽ ഉള്ളവരോട്, ഒന്ന് മനസ്സറിഞ്ഞ് ചോദിച്ചു നോക്കൂ... അവർക്ക് ഇങ്ങോട്ട് എല്ലാം ഇട്ടെറിഞ്ഞ് വരാൻ ആഗ്രഹമുണ്ടോ എന്ന്, അവർ ചിരിച്ചേക്കാം, അവിടെ വന്നിട്ട് എന്താ ചെയ്യുക എന്ന ആവലാതി പെട്ടേക്കാം, എല്ലാം അവരുടെ മടുപ്പിനെ മറച്ചു പിടിക്കാനുള്ള തന്ത്രങ്ങളാണ്...

ഇത്രയും കാലം ചെയ്തില്ലെങ്കിലും ഇനി വീട്ടിൽ വരുമ്പോൾ ഉള്ളറിഞ്ഞ് അവരെയൊന്ന് കെട്ടിപിടിച്ചു നോക്കൂ...
അവരുടെ മനസ്സറിഞ്ഞ ഹൃദയമിടിപ്പ് കേൾക്കാം...

Comments

Popular Posts