അത്രയേറെ പ്രിയപ്പെട്ടവനോട്...


അത്രയേറെ പ്രിയപ്പെട്ടവനോട്...

അസ്സലാമു അലൈക്കും, പടച്ചറബ്ബിന്റെ അടുത്ത് ഏറെ സന്തോഷത്തോടെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു, ഇവിടെ എല്ലാവർക്കും സുഖമാണ്, ഇന്നലെ നിങ്ങളുടെ കബറിൽ പോയിരുന്നു, മൈലാഞ്ചി ചെടികൾ പൂത്തിരിപ്പുണ്ട്, ഞാൻ കുറച്ചു മൈലാഞ്ചി എടുത്ത് കൊണ്ട് വന്നു കൈയിലിട്ടു... നല്ല ചുവപ്പുണ്ട് അതിന്, മുമ്പെങ്ങും എന്റെ കൈകൾ ഇത്ര കണ്ട് ചുവന്നിട്ടില്ല...

വല്ലാത്തൊരു മനസ്സിനെ തണുപ്പിക്കുന്ന മണവുമുണ്ട്, നിങ്ങളെ ആ വസ്ത്രങ്ങളുടെതിലേറെ മനം മയപ്പിക്കുന്ന മണമാണ്... ഞാൻ അതെന്റെ മുക്കിനോടിങ്ങനെ അടുപ്പിക്കുമ്പോ, നിങ്ങളെന്റെ അരികത്തിരുന്ന് എന്റെ മുഖം നിങ്ങളുടെ കൈകൾക്കുള്ളിൽ ചേർത്ത് വെക്കുന്നത് പോലൊരു തോന്നലാണ്... നിങ്ങൾ എന്റെ അടുത്തുള്ളത് പോലൊരു തോന്നൽ...

ഇപ്പോഴും നിങ്ങൾ മരിച്ചിട്ടില്ല എന്ന് എന്റെ മനസ്സ് പറയും, ഇടക്കൊക്കെ ഒറ്റക്കായി എന്ന് തോന്നുമ്പോൾ ഞാൻ നിങ്ങളുടെ കുപ്പായം ഉടുത്തിടും അതിന് വല്ലാത്തൊരു ശക്തി പകരലാണ്... നിങ്ങളെപ്പോഴും പറയില്ലേ ഞാൻ മരിച്ചാൽ എന്റെ മയ്യിത്ത് നീയും നീയാണെങ്കിൽ നിന്റെ മയ്യിത്ത് ഞാനും കുളിപ്പിക്കണമെന്ന്... പക്ഷെ അതൊന്നും നടന്നില്ല, അവസാനമായി എനിക്കൊന്ന് ഹൃദയത്തോട് ചേർത്ത് സംതൃപ്തിയോടെ ചുംബിക്കാൻ പോലും ആയില്ല...

എന്നാലും പടച്ചറബ്ബിന് സ്തുതി, അവസാനമായി എനിക്ക് നിങ്ങളെ ഒന്ന് കാണാൻ പറ്റിയല്ലോ, അവസാനമായി ഒരു ചുംബനമെങ്കിലും ആ നെറ്റിയിൽ ചുംബിക്കനായല്ലോ... ഞാൻ ഓർക്കുകയായിരുന്നു എത്ര പേർക്ക് അതിന് സാധിക്കുന്നുണ്ട്..!? പടച്ചോനോട് എന്റെ അന്വേഷണം പറയണേ, ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങളെന്നും നിറഞ്ഞു നിൽപ്പുണ്ട്...

സ്വർഗത്തിൽ നമുക്കൊരു ആയിരം വർഷം കൂടെ ജീവിക്കണം... പടച്ചോനോട് ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട്... ഇനിയുമിനിയും നമുക്ക് കഥകൾ പറയണം ചിരിക്കണം സ്വപ്നങ്ങൾ കാണണം, നമ്മളാഗ്രഹിച്ചൊരു ജീവിതം ജീവിക്കണം, പടച്ചോൻ തുണക്കട്ടെ...

പടച്ചോന് എപ്പോഴും നമ്മളുടെ ആഗ്രഹങ്ങളെ തള്ളിക്കളയാൻ ആവില്ലലോ, നമ്മളെ പടച്ചോനല്ലേ...!!

Comments

Popular Posts