താജ് തോൽക്കണ കൂട്
ആ ജനറൽ വാർഡിലെ അങ്ങേ മൂലയിൽ ഉള്ളൊരു ബെഡിലേക്ക് ചൂണ്ടി കൊണ്ടാണ് ഉമ്മ ആ മനുഷ്യനെ പരിചയപെടുത്തി തുടങ്ങുന്നത്... "അയാളൊരു ഹാർട്ട് പേഷ്യന്റ് ആണ്..." ഞാൻ അയാളെ ഒന്ന് നോക്കി, ഹ്മ്മ്... ഒരു അറുപത് തൊട്ട കോലമുണ്ട് ചേല് കാണാൻ... മുടിയിൽ കറുപ്പൊരു അതിഥി കണക്കെ മാത്രമേ ഉള്ളൂ... വയസ്സനാണ്...!! എനിക്ക് അയാളെ അറിയാം രണ്ട് ദിവസമായി എന്റെ ഉറക്കം ഇടയ്ക്കിടെ കെടുത്തുന്ന മനുഷ്യനാണ്... എങ്ങനെ എന്നാവും....!?
രാത്രി ആശുപത്രിയിലെ കൊതുകിന്റെ സൽക്കാരവും കഴിഞ്ഞ് ഒരു കണക്കിന് ഉറങ്ങി വരുമ്പോഴാണ് ആ മൂലയിൽ നിന്ന് നല്ല സ്റ്റീൽ ഗ്ലാസ് വീഴുന്ന ശബ്ദം കാതിലേക്ക് തറച്ചു കയറുക...!! " ഒരു ഒലക്കാ..!!" ആശുപത്രിയല്ലേ ഇതൊക്കെ ഉണ്ടാകും എന്ന് മനസ്സിനെ പഠിപ്പിച്ചു വീണ്ടും കിടക്കും, അപ്പോഴും അങ്ങേര് അവിടെ കിടന്ന് കുരയ്ക്കുന്നുണ്ടാകും... പിന്നെ ഉറങ്ങിയൊന്ന് വരുമ്പോഴേക്കും നേരവും വെളുക്കും...!!
ആ അയാളെ കുറിച്ചാണ് ഉമ്മ പറയാൻ പോകുന്നതെന്ന് എനിക്കുറപ്പുണ്ടായിരുന്നു... ഉമ്മ തുടർന്നു, " ഇയ്യ് രാത്രി ഗ്ലാസ് വീഴുന്ന ഒച്ച കേൾക്കാറില്ലേ, അതയാൾ ഒപ്പം ഉള്ള ആളെ എന്തെങ്കിലും ആവിശ്യത്തിന് വിളിക്കുന്നത് ആണ്..!!" "ഓഹ്...!! അപ്പൊ അതയാളുടെ മക്കളാണോ...?" വെറുതെ ഉമ്മ കാര്യമായിട്ടൊരു കാര്യം പറയുമ്പോൾ മുഷിപ്പിക്കാതെ ഇരിക്കാനെന്നോണം ഞാനും ചോദിച്ചു... "അല്ല... " എന്ന് ഉമ്മ പറഞ്ഞപ്പോൾ എന്തിനോ തിളക്കുന്ന സാമ്പാർ എന്ന പോലെ " പിന്നെ?" എന്നൊരു മറുചോദ്യമായി ഞാൻ...
" അയാൾക്ക് അങ്ങനെ പെണ്ണും കുട്ടികളും ഒന്നുമില്ലത്രേ...അതയാളുടെ പെങ്ങളുടെ മക്കളാ..." "ഓഹ്.... ഒറ്റക്കാണ് അല്ലേ..." ഞാനും ഒരു സങ്കടത്തിൽ നിന്നെന്നു വരുത്തി... പിന്നെയാണ് ഉമ്മ ഏറെ കൗതുകത്തിൽ കഥയിലേക്ക് വന്നത്, " അതൊന്നുമല്ല, പണ്ട് അയാൾക്ക് പെണ്ണൊക്കെ ഉണ്ടായിരുന്നു, പിന്നെ അതിനെ വേറെ കെട്ടിച്ചു... ", "അപ്പൊ ഡിവോഴ്സ് ആയി..." എന്ന് ഞാനും. " അങ്ങനെ അല്ല... "
" അയാൾ ചെറുപ്പത്തിൽ തന്നെ ഒരു ഹാർട്ട് പേഷ്യന്റ് ആയിരുന്നു, പിന്നെ വലുതായപ്പോൾ അതൊക്കെ ചികിൽസിച്ചു കുറേ ശരിയായി, അപ്പൊ അയാളൊരു പെണ്ണൊക്കെ കെട്ടി ജീവിച്ചു, കുറച്ചു കാലം കഴിഞ്ഞപ്പോ വീണ്ടും അസുഖം വന്നു, പഴയ പോലെ ഹാർട്ട് പേഷ്യന്റ് ആയി... അങ്ങനെ ആയപ്പോ അയാൾ ആ പെൺകുട്ടിനെ കുറേ പറഞ്ഞ് സമ്മതിപ്പിച്ചു വേറൊരു ആളെ കൊണ്ട് കെട്ടിച്ചു, അയാള് പറഞ്ഞുവത്രെ, "ഞാനൊരു രോഗിയാണ്...
എന്നെ നോക്കാനും കൊണ്ട് നടക്കാനും ഒക്കെ കുറേ ആൾക്കാർ ഉണ്ടാകും, ഇതൊക്കെ ഞാൻ എന്റെ ജീവിതത്തിൽ മുമ്പേ കണ്ടിട്ടുള്ളതാണ്, ജീവിതം ഞാനും വീടും മാത്രമായിട്ട് കളയണ്ട..."എന്നൊക്കെ പറഞ്ഞ് പറഞ്ഞു ആണത്രേ സമ്മതിപ്പിച്ചത്, എന്നിട്ട് അയാൾ അയാൾക്കുണ്ടായിരുന്ന ആ വീടും സ്ഥലവും അവർക്ക് എഴുതി കൊടുത്തത്രെ...!" ഉമ്മ പറഞ്ഞ് അവസാനിപ്പിക്കും വരെ ഞാൻ അത് അങ്ങനെ കേട്ടിരുന്നു പോയി....
എനിക്ക് എന്താണ് പറ്റിയത്, ഉരുളക്ക് ഉപ്പേരി എന്ന കണക്കിന് മറുതല പറഞ്ഞിരുന്ന എന്നെ അയാൾ അയാളുപോലും അറിയാതെ മിണ്ടാതാക്കി...!! ഞാൻ ഒരിക്കൽ കൂടെ ആ ബെഡിലേക്ക് നോക്കി, ഈ പ്രാവശ്യം മുമ്പുള്ളതിനേക്കാൾ എനിക്കയാളോടൊരു ഇഷ്ടം തോന്നി, എത്ര മനോഹരമായ മനുഷ്യനാണ് അയാൾ, എത്ര നല്ല കാമുകനാണ് അയാൾ... പടച്ചോന്റെ എത്ര നല്ല പടപ്പാണ് അയാൾ...!!
നമ്മള് പറയാറില്ലേ, ചില മനുഷ്യരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നത് വളരെ പെട്ടെന്നാകും എന്ന്... എത്ര ശരിയാണല്ലേ..!! അന്ന് രാത്രി, അവിടെ കിടക്കുമ്പോൾ റാസ പാടിയ ഒരു ഗസലിൽ ഇങ്ങനെ ഒരു വരിയുണ്ട്, " ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം.. " ഞാൻ പതിയെ അയാളിലേക്ക് നോക്കി, അയാളിലെ ആ മനോഹരമായ മനുഷ്യൻ എന്നെ ഒരിക്കൽ കൂടി കൗതുകം പകർന്നു... അന്ന് രാത്രിയും അയാൾ ആ ഗ്ലാസുകൾ കൊണ്ട് ശബ്ദം ഉണ്ടാക്കിയിരുന്നു, പക്ഷെ അതിന് ഇന്ന് വല്ലാത്തൊരു ഭംഗിയുണ്ട്...!! ശരിക്കും ഞാൻ ആ മനുഷ്യനെ ഇഷ്ടപ്പെട്ടു തുടങ്ങിയിക്കുന്നു..!!
Comments
Post a Comment