രണ്ടാമതൊരു വിവാഹത്തിന് ശേഷവും ആദ്യ വിവാഹത്തിലെ ആ മനുഷ്യനെ ഇങ്ങനെ ഓർക്കുക എന്നത് ഒരു തെറ്റാണോ എന്നെനിക്ക് അറിയില്ല, പക്ഷെ ഞാൻ ഓർക്കാറുണ്ട്...
അയാളെന്നെ അടിച്ചപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു, എന്നും തർക്കവും കുശുമ്പും ഒക്കെ കാണിക്കാറുണ്ടെങ്കിലും അതൊന്നും ഞങ്ങൾ ഒരു പരിധിക്ക് അപ്പുറത്തേക്ക് കൊണ്ടു പോകാറില്ലായിരുന്നു, പക്ഷെ ആ ദിവസം അങ്ങനെ സംഭവിച്ചു പോയി... തർക്കത്തെ ചൊല്ലി അദ്ദേഹം എന്നെ ഒന്നടിച്ചു..!!
.
ചിലപ്പോഴൊക്കെ അങ്ങനെയല്ലേ ഒട്ടും ദേഷ്യപ്പെടാത്തവർ ദേഷ്യപെടുമ്പോഴും സ്നേഹിക്കാത്തവർ സ്നേഹം കാണിക്കുമ്പോഴും പരിഗണിക്കാത്തവർ പരിഗണിക്കുമ്പോഴും എന്തിനേറെ ഒന്ന് ചിരിക്കുക പോലും ചെയ്യാത്തവർ ചിരിക്കുമ്പോഴും നമുക്ക് വല്ലാത്തൊരു സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാകില്ലേ അതുപോലെ...
.
അന്നത്തെ സങ്കടത്തിൽ ഞാൻ അതെന്റെ ഉമ്മയോട് പറഞ്ഞു, നാട്ടിലെ വാർത്തകളിൽ ഇത്തരം സംഭവങ്ങൾ അണിനിരന്നിരിക്കുന്നത് കൊണ്ടു ഉപ്പയ്ക്കും ഉമ്മയ്ക്കുമുള്ള സ്നേഹം കൊണ്ടും അവര് എന്നോട് വേർപിരിയാം എന്ന് പറഞ്ഞു, പക്ഷെ അത് കേട്ടപ്പോൾ തൊട്ട് വല്ലാത്ത ഒരു വിങ്ങൽ ഉള്ളിൽ ഉണ്ടായിരുന്നു, അത്രയൊന്നും താൻ കരുതിയിരുന്നില്ല...
.
കാര്യങ്ങൾ പക്ഷെ ഞാൻ വിചാരിച്ചതിലും വേഗത്തിൽ നടന്നു, ഞാനോ അദ്ദേഹമോ ഒന്ന് സംസാരിക്കുക പോലും പിന്നെ ചെയ്തില്ല, എല്ലാ കുടുംബക്കാരും പരിചയക്കാരും തന്നെ ചെയ്തു തീർത്ത്, കല്യാണം നടത്തിയവർ തന്നെ വേർപിരിയിച്ചു, സ്നേഹം കൊണ്ടായിരുന്നു എന്നെനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു...
.
പക്ഷെ സംസാരിക്കാൻ ഞങ്ങളിൽ രണ്ടിലൊരാൾക്ക് അവസരം കിട്ടിയിരുന്നെങ്കിൽ, ഒരു പക്ഷെ അദ്ദേഹം ക്ഷമ ചോദിക്കാൻ തയ്യാർ ആയിരുന്നെങ്കിലോ, അതും വേണ്ട, ഞാൻ അതെന്നേ ക്ഷമിച്ചിരുന്നല്ലോ, ഇടക്കെപ്പഴോ വന്ന പരിഭവം മാത്രമല്ലേ അവശേഷിച്ചിരുന്നുള്ളു...പറ്റിയില്ല..!!
.
രണ്ടാമതൊരു മനുഷ്യൻ ജീവിതത്തിൽ വന്നു, നല്ല മനുഷ്യൻ തന്നെ എന്നിരുന്നാലും അയാളുടെ ഓർമ്മകൾ, അന്ന് ഞാൻ എടുത്ത ആ തീരുമാനത്തെ വല്ലാതെ ഞാൻ വെറുക്കുന്നു, ഓർക്കാൻ ഇഷ്ടമുള്ളൊരു മനുഷ്യനെ നഷ്ടപ്പെടുത്തിയത് കൊണ്ടാകാം...
.
രണ്ടാമതൊരു വിവാഹത്തിന് ശേഷവും ആദ്യ വിവാഹത്തിലെ ആ മനുഷ്യനെ ഇങ്ങനെ ഓർക്കുക എന്നത് ഒരു തെറ്റാണോ എന്നെനിക്ക് അറിയില്ല, പക്ഷെ ഞാൻ ഓർക്കാറുണ്ട്... മറക്കണമെന്നിരിക്കെ അയാളെന്നിൽ കൂടുതൽ ഭംഗിയുള്ളതാകുന്നു..!!
.
ആ മനുഷ്യൻ ഇത്രയും പറഞ്ഞു തീർത്തപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ മിണ്ടാതെയായി, ചിലപ്പോഴൊക്കെ നമ്മള് മറ്റൊരു മനുഷ്യന് കൊടുക്കുന്ന അവസരങ്ങൾക്ക് വല്ലാത്ത വിലയുണ്ട്, ചില സംസാരങ്ങൾക്കും...
.
പടച്ചോൻ ഇടക്ക് അങ്ങനെയാണ് ഉത്തരമില്ലാത്ത ചോദ്യങ്ങളുമായിട്ട് കുറച്ചു മനുഷ്യരെ നമ്മളെ മുമ്പിലേക്ക് കൊണ്ടിടും, കൂടുതൽ കൂടുതൽ ചിന്തിക്കാൻ..!!
Comments
Post a Comment