Love birds


ഇന്നലെ റോഡിൽ വീട്ടിലേക്കുള്ള ബസ്സും കാത്തിരുക്കുമ്പോഴാണ് രണ്ട് വയസായ ദമ്പതികൾ കൈയ്യും പിടിച്ചു റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്... പെട്ടെന്ന് എനിക്ക് കുട്ടികാലത്തെ ഞങ്ങളെ നാട്ടിലുണ്ടായിരുന്ന കുഞ്ഞാവറാൻ ചേട്ടനേയും നാണു ചേച്ചിയേയും ഓർമ വന്നത്, സ്കൂളിൽ പോകുമ്പോ പറമ്പിൽ കുഞ്ഞാവറാൻ ചേട്ടൻ കിളക്കുന്നുണ്ടാകും... നാണു ചേച്ചി ഒരു കൈകുടം വെള്ളവും കൊണ്ട് പോകുന്നതും കാണാം...

അന്നത്തെ വലിയ വിപ്ലവ പ്രണയത്തിന്റെ അവശേഷിപ്പുകൾ ആയിരുന്നു രണ്ടു പേരും... നാണു ചേച്ചി അന്നത്തെ തെക്കുള്ള ഏതോ ജന്മിയുടെ ഇളയ മകളും കുഞ്ഞാവറാൻ ചേട്ടനാകട്ടെ അന്നാട്ടിലേക്ക് കച്ചവടത്തിന് പോയ പൗലോസേട്ടന്റെ മൂത്തമകനും...!! നാണു ചേച്ചി പണ്ടത്തെ ആറാം ക്ലാസ് ആണത്രേ... നാട്ടിൽ കച്ചവടം നടത്താനെത്തിയ കുഞ്ഞാവറാൻ ചേട്ടനുമായി ഒടുക്കം പ്രണയത്തിലായി...

അന്നത്തെ കാലമല്ലേ വീട്ടിലറിഞ്ഞു, വലിയ ബഹളമായി, കച്ചവടം പൂട്ടി പോകേണ്ടി വന്നു, പക്ഷെ ഒരു ദിവസം ആരും അറിയാതെ ഇവര് രണ്ടു പേരും നാട് വിട്ടു, ഇവിടെ വന്നു കൂടി..!! ഈ കഥയൊക്കെ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം..!! അവരെ ഞങ്ങൾ Love Birds എന്നായിരുന്നു വിളിച്ചിരുന്നത്... നാട്ടിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു രണ്ടു പേരേയും...

എപ്പോഴും ഒരുമിച്ച് ആവും രണ്ടു പേരും ഉണ്ടാവുക, നാണു ചേച്ചിക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഒക്കെ ഉണ്ട്, പക്ഷെ അതിനെയൊക്കെ എത്ര ഭംഗിയായിട്ടാ കുഞ്ഞാവറാൻ ചേട്ടൻ നോക്കുന്നെ എന്നറിയോ.... അതൊക്കെ കാണുമ്പോ നാട്ടിലെ പലരുടെയും സ്വപ്ന ഭർത്താവിന്റെ സവിശേഷതകളിൽ പെട്ടിരുന്നു അവരുടെ പെരുമാറ്റം... നാണു ചേച്ചിക്ക് അസുഖം കൂടിയാൽ കുഞ്ഞാവറാൻ ചേട്ടനെ വല്ലാത്തൊരു പിടുത്തവും ബഹളവും കുശുമ്പും ഒക്കെ കാണിക്കും....

അതിനെ കുറിച്ച് കുഞ്ഞാവറാൻ ചേട്ടൻ എപ്പോഴും പറയും, "അതവളുടെ രോഗമൊന്നും അല്ലന്നെ..!! എന്നോടുള്ള അടങ്ങാത്ത സ്നേഹമാണ്, അവളെ സ്നേഹിക്കാനുള്ള അവസരം എനിക്ക് ഉണ്ടാക്കി തരുവാണ്, സ്നേഹം കുറഞ്ഞോ എന്നറിയാൻ..മക്കളില്ലാത്ത ഞങ്ങൾക്ക് ഞങ്ങളല്ലേ ഉള്ളൂ.. ഇടക്ക് അവളെനിക്കൊരു മകളാകുന്നു അത്രേയുള്ളൂ..." ഇതും പറഞ്ഞ് അങ്ങേരുടെ ഒരു ചിരിയുണ്ട്... ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി കിടപ്പുണ്ട്...!!

ഒരൂസം വൈകുന്നേരം സ്കൂൾ വിട്ട് പോകുമ്പോഴാണ് കുഞ്ഞാവറാൻ ചേട്ടൻ മരിച്ചു എന്ന് പറയുന്നത്, അന്ന് അമ്മയുടെ കൂടെ അവരുടെ വീട്ടിൽ പോയിരുന്നു, കരഞ്ഞിരിക്കുന്ന നാണു ചേച്ചിയെ പ്രതീക്ഷിച്ച എനിക്ക് കാണാൻ കഴിഞ്ഞത് ഒരു തുള്ളി കണ്ണുനീര് പോലും വരാതെ ഒരു മൂലയിൽ ആരോടും മിണ്ടാതെ കുഞ്ഞാവറാൻ ചേട്ടന്റെ ബോഡിയിലേക്ക് മാത്രം കണ്ണുചിമ്മാതെ നോക്കുന്ന നാണു ചേച്ചിയെയാണ്...

ചിലപ്പോ അവര് ആ ഷോക്കിലാവും, ജീവിതമായി കണ്ടിരുന്ന, സ്വന്തം ലോകമായി കണ്ടിരുന്ന ഒരു മനുഷ്യൻ നഷ്ടപ്പെട്ടതിന്റെ... ഒരു പക്ഷെ കണ്ണുനീര് കൊണ്ട് പൊഴിച്ചു തീർക്കാനാവാത്ത നഷ്ടമായത് കൊണ്ടാകും ഒരു തുള്ളി പോലും പൊഴിയാതിരുന്നത്... ചിലപ്പോൾ കണ്ണുനീരുകൾക്ക് പോലും കുഞ്ഞാവറാൻ ചേട്ടനെ ആ നിലയിൽ കാണാൻ കഴിയാത്തത് കൊണ്ടാവും വരാതിരുന്നത്, ആ കാഴ്ച കാണുന്നൊരു മനുഷ്യനും അന്ന് നാണു ചേച്ചി ആ ഭാവം കൊണ്ട് അന്ന് ഉറക്കം നൽകിയിട്ടുണ്ടായിരുന്നില്ല... വല്ലാത്തൊരു ഉൾവലിയായിരുന്നു ആ കാഴ്ച...!!

Comments

Popular Posts