നീ പോയത് നന്നായി...
അന്ന് രാത്രി ഏറെ വൈകി തന്നെയാണ് ഞാനും ഉറങ്ങിയത്... പുതിയൊരു മനുഷ്യൻ ജീവിതത്തിലേക്ക് വരുന്നു... ഇനി മുതൽ എല്ലാ കാര്യങ്ങളിലും പങ്കുചേരാൻ പാകത്തിന് ഒരു മനുഷ്യൻ... പകലെന്ന പോലെ ആ രാത്രി എത്ര തിരിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ലായിരുന്നു... നീ, ഞാൻ... നമ്മുടെ ചെറിയ ചെറിയ സ്വപ്നങ്ങൾ... അങ്ങനെയങ്ങനെ ഒരുപാട് ആലോചിച്ചാണ് ഉറങ്ങിയത്...
അന്നേ ദിവസം രാവിലെ ആരൊക്കെയോ തട്ടിയുണർത്തിയാണ് ഞാൻ ഉണർന്നത്, നീ ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന് കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി അതൊരു സ്വപ്നമായിരിക്കുമെന്ന്... പണ്ട് സ്കൂളിൽ നിന്ന് ടൂറിനൊക്കെ പോകുന്നതിന്റെ തലേന്ന് നമ്മളെ കൂട്ടാതെ ബസ് പോകുന്നത് കാണാറില്ലേ അത് പോലെ...
പക്ഷെ മിനുട്ടുകൾ കൊണ്ട് അത് സ്വപ്നമല്ലെന്ന് ഞാൻ അറിഞ്ഞു, എങ്ങനെയാ ആ നിമിഷത്തെ ഞാൻ വിവരിക്കുക... ഈ ഭൂമി എന്നെ അതേപടി ഉള്ളിലോട്ട് പിളർന്ന് വലിച്ചെടുത്തിരുന്നെങ്കിൽ എന്ന് തോന്നി പോയി... വല്ലാത്തൊരു വിഷമം ആയിരുന്നു, ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ഇല്ലാണ്ടായ പോലെ... എനിക്കാകെ തലയൊക്കെ കറങ്ങുന്നത് പോലെ...
ചിരിയോടെ ഞാൻ കാണും എന്ന് കരുതിയിരുന്ന മനുഷ്യരൊക്കെ ഏറെ സങ്കടത്തോടെയും സഹതാപത്തോടെയും എന്നെ നോക്കിയ ആ ഒരു കാഴ്ച... അവരുടെ സഹതാപ വാക്കുകളാണ് എന്നെ ഏറെ അലട്ടിയത്... പതിയെ പതിയെ ഞാൻ അതിനെ ഉൾക്കൊണ്ടു...കുറേ നേരം ആലോചിച്ചിരുന്നു... ആരൊക്കെയോ എന്തൊക്കെയോ സമാധാനവാക്കുകൾ പറയുന്നുണ്ടായിരുന്നു...
ഒരു നിലക്ക് നോക്കിയാൽ, താൻ പോയത് നന്നായി, ജീവിതത്തിലോട്ട് ഒന്നും കൂടെ കടന്നു വന്നതിന് ശേഷം ആയിരുന്നെങ്കിലോ... വേണ്ടാ, പക്ഷെ ഇത്ര പോലും നീട്ടേണ്ടിയിരുന്നില്ല, പറഞ്ഞാൽ മതിയായിരുന്നു...ഞാൻ ഒഴിഞ്ഞു പോകുമായിരുന്നു, ഞാൻ തന്നെ കാരണങ്ങൾ ഉണ്ടാക്കുമായിരുന്നു... ഇതിപ്പോ എവിടെയൊക്കെയോ ഞാനൊരു കോമാളി ആയതുപോലെ...
പണ്ടൊക്കെ സിനിമയിൽ നായകന്റെ കൂടെ നായിക ഇറങ്ങി പോകുമ്പോൾ ഞാൻ ആവേശത്തോടെ കൈയ്യടിക്കുമായിരുന്നു... ഇപ്പൊ ആ മണ്ഡപത്തിലിരിക്കുന്ന വരൻ ഞാൻ ആണെന്ന് എനിക്കൊരു തോന്നൽ വരും... എന്തിനേറെ എനിക്കൊരു ചായ കുടിക്കാൻ ഇറങ്ങാൻ വരെ മടിയായി.. ആരൊക്കെയോ എന്നെ ഒളിഞ്ഞു നോക്കുന്നത് പോലെ... അടക്കം പറയുന്നത് പോലെയൊക്കെ തോന്നും...
എടൊ, ജീവിതത്തിൽ മിക്കവരും രണ്ടാമത് ഒരാളെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കോ... എനിക്കറിയില്ല, എനിക്കൊട്ടും ആഗ്രഹവും ഉണ്ടായിരുന്നില്ല... പക്ഷെ... നമ്മളുടേത് അല്ലാത്ത കാരണം കൊണ്ട് നമ്മളിങ്ങനെ തോറ്റു പോകുമ്പോ... ഞാൻ എല്ലാം തന്നോട് ചോദിച്ചതല്ലേ... സാരല്ല എന്റെ വിധിയാകും താൻ ഹാപ്പിയാണല്ലോ... ശപിക്കൊന്നുമില്ല, സങ്കടം ഇല്ലെന്നും പറയില്ല, കുറച്ചു കാലത്തേക്കാണെങ്കിലും ഞാൻ തന്നെ അത്രയേറെ പ്രണയിച്ചുരുന്നു...
Comments
Post a Comment