ഉമ്മുകുൽസുന്റെ പൂച്ചക്കുട്ട്യേള്
വീട്ടിലേക്ക് കേറി ചെന്നപ്പോ വീടൊരു മരിച്ച വീട് പോലെ ഇരിക്കുന്നുണ്ട്... ജോലി കഴിഞ്ഞ് വന്നതിന്റെ ഒരു പരവേശത്തിൽ കാര്യം എന്താണെന്ന് ഒന്നും ഞാൻ തിരക്കിയില്ല.. പക്ഷെ ഒരു ചായ ഒക്കെ കുടിച്ചു കോലായിൽ ഇരിക്കുമ്പോഴാണ് ഉമ്മുകുൽസുനെ കണ്ടില്ലല്ലോ എന്ന് ആലോചിച്ചത്... സുഹ്റാനോട് ഉമ്മുകുൽസു എവിടെയെന്ന് ചോദിച്ചപ്പോ ഓള് ഉറങ്ങിയെന്ന് പറഞ്ഞു...
അതിപ്പോ എന്താ മഗ്‌രിബിന്റെ നേരത്തൊരു ഉറക്കം, ഓൾക്ക് ഇതൊന്നും ശീലം ഇല്ലല്ലോ പനി വല്ലതും ഉണ്ടോ ഓൾക്ക് എന്ന് ചോദിച്ചപ്പോഴല്ലേ കാര്യം സുഹ്റ പറയുന്നത്, കിങ്ങിണി പൂച്ച മരിച്ചു...!! ഓ.. കിങ്ങിണി പൂച്ച... പണ്ടൊരു വരത്തൻ പൂച്ച വന്നു, വീട്ടിലെ എല്ലാവരും ശപിച്ചിരുന്നു അതിനെ, കട്ടു തിന്നും മറ്റും വല്ലാതെ എടങ്ങേറ് ആയിരുന്നു, ഒരു ദിവസം ഞാൻ അതിനെ ചാക്കിലാക്കി കൊണ്ടുപോയി എവിടെയോ കളഞ്ഞു...!!
കൊണ്ടു കളഞ്ഞു മൂന്നാം ദിവസം, വിറകുപുരയിൽ നാല് പൂച്ചക്കുട്ടികളെ കണ്ടെത്തി, ഈ പൂച്ചയുടേത് ആയിരുന്നു, ഞങ്ങളുടെ പ്രാക്ക് കൊണ്ടോ മറ്റോ നാലിൽ മൂന്നും ചത്തു, അതുകൊണ്ട് തന്നെ ബാക്കിയായ ഒന്നിനോട് ഉള്ളിലെവിടെയോ ഒരു സിംപതി തോന്നി, അതിന്റെ വളർച്ചയും ഉമ്മുകുൽസുന്റെ വളർച്ചയും ഒരുമിച്ചായിരുന്നു, പതിയെ അവള് ഉമ്മുകുൽസുന്റെ കിങ്ങിണിയായി... ഒപ്പം ഞങ്ങളുടെയും...
കിങ്ങിണി മരിച്ചു എന്ന് കേട്ടപ്പോ എല്ലാരിലും ഉണ്ടായിരുന്ന ആ ശൂന്യത എന്നിലേക്കും പരന്നത് പോലെ... ആഹ് പോട്ടെ... കുൽസുനെ ഒന്ന് സന്തോഷിപ്പിക്കണം, എന്തായാലും രണ്ടു ദിവസം കഴിഞ്ഞാൽ ഓൾടെ പിറന്നാൾ ആണ് അന്നെന്ത് കൊടുക്കും എന്ന് സംശയം ആയിരുന്നു, ഇനിപ്പോ ഇത് കൊടുക്കാം... ഓൾക്കൊരു സന്തോഷാവും ഒരു കൂട്ടും...!!
അങ്ങനെ പിറന്നാളിന്റെ അന്ന് അസറുക്കന്റെ പെറ്റ്ഷോപ്പിൽ നിന്നും ഒരു പൂച്ചക്കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് പോയി, പതിയെ ഓൾക്കൊരു സർപ്രൈസ് എന്ന നിലക്ക് കാണിച്ചു കൊടുത്തു, ഓൾടെ മുഖം നൂറ് വാറ്റ് ബൾബ് പോലെ കത്തുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷവും സമാധാനവും തോന്നി... സുഹ്റ കൊണ്ടു തന്നെ ചായയും മോന്തി വരാന്തയിൽ ഉമ്മുകുൽസുനൊപ്പം ഓള് ഓൾടെ മടിയിലിരുത്തി തലോടുന്ന പൂച്ചയെയും നോക്കിയിരുന്നു...
പെട്ടെന്ന് ഓൾടെ ഒരു ചോദ്യം, "ഇതിന്റെ ഉമ്മ എവിടെ ഉപ്പാ...?", " എനിക്കറിയൂല " എന്ന എന്റെ മറുപടി കേട്ടതും അതിനെ തലോടി കൊണ്ട്, " ഇതിനെ കാണാതെ ആയാൽ അതിന്റെ ഉമ്മ കരയൂലെ ഉപ്പാ...? " എന്നൊരു ചോദ്യം... വീണ്ടും "എനിക്കറിയൂല " എന്നും പറഞ്ഞു ഞാൻ നിർത്തി... പെട്ടെന്ന് ഓള് എന്റെ മുഖത്തേക്കൊരു നോട്ടം, "ഉമ്മുകുൽസുനെ കാണാതെ ആയാൽ ഉപ്പ കരയോ..?" ഓൾടെ ചോദ്യം എന്നെ വല്ലാണ്ട് അലട്ടി...
കിങ്ങിണിയെ ഓർമവന്നു, കിങ്ങിണിയുടെ അമ്മപ്പൂച്ചയെ ഓർമവന്നു, മരിച്ചു പോയ കുഞ്ഞു പൂച്ചകളെ ഓർമവന്നു... അമ്മപ്പൂച്ചയെ ഞാൻ ആ ചാക്കിലാക്കി ഏതോ കാട്ടിലേക്ക് എറിഞ്ഞത് ഓർമവന്നു... പെട്ടെന്ന് ഞാൻ ഉമ്മുകുൽസുനെ എടുത്ത് മടിയിൽ വെച്ചു, ഓൾടെ നെറ്റിയിൽ തുരുതുരെ ഉമ്മവെച്ചു... നെഞ്ചോട് ചേർത്ത് പിടിച്ചു, മുറുക്കെ പിടിച്ചു, " ഉപ്പാന്റെ ഉമ്മുകുൽസുനെ ഉപ്പ ആർക്കും വിട്ട് കൊടുക്കൂല... "
Comments
Post a Comment