Thank you
അന്ന് ഏറെ പുതുമകളൊന്നും ഇല്ലാത്ത ഒരു ദിവസത്തിന്റെ പകലായിരുന്നു... ഒരു രണ്ടാം ശനിയാഴ്ച. വീട്ടിലെ പ്രശ്നങ്ങൾ, കല്യാണം, ഫിനാൻഷ്യൽ പ്രശ്നങ്ങൾ, വർക്ക് ലോഡ്, പ്രഷർ, ഇങ്ങനെ വല്ലാതെ ഞാൻ മിണ്ടാതായി തുടങ്ങിയിരുന്നു... ഉച്ചക്ക് ശേഷം വർക്ക് ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു വിളി വരുന്നത്...
"ഹേയ്, ഞാൻ തന്റെ ഓഫീസിന് അടുത്തുണ്ട് ഒരു ചായ വാങ്ങിച്ചു തരോ..?" വളരെ സുപരിചിതമായ ആ ശബ്ദവും പേരും എന്നെ വല്ലാതെ സന്തോഷിപ്പിച്ചു... എന്റെ അടുത്തൊരു സുഹൃത്താണ്. ഞാൻ അവനോട് വരാൻ പറഞ്ഞു. കണ്ടതും ഒരു ഷെയ്ക് ഹാൻഡ് തന്നു ഞങ്ങൾ അടുത്തുള്ളൊരു കോഫി ഷോപ്പിൽ കയറി.
രണ്ട് ചായ പറഞ്ഞു, ചായയിൽ മുക്കി കഴിക്കാൻ രണ്ട് ചോക്ലേറ്റും വാങ്ങിച്ചു. പുതുമ നോക്കിയതാണെന്നാണ് അതിനുള്ള വാദം..!! പക്ഷെ കൊള്ളാം കേട്ടോ ആ കോമ്പൊ. അങ്ങനെ ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി, എന്തൊക്കെയാ വാർത്തമാനം, വർക്ക് എങ്ങനെയുണ്ട്, പഠനമെന്തായി എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചു, എല്ലാം അറിയാം മാറ്റങ്ങളില്ലല്ലോ എന്ന ചോദ്യമാണ്..!!
ഒരു ഗ്ലാസ് ചായ കുടിക്കുന്ന സമയം ആയിരുന്നു അവനെനിക്ക് അനുവദിച്ചത്, എന്തൊക്കെയോ സംസാരിച്ചു, ചായ തീർന്നപ്പോൾ അവൻ എണീറ്റ് ബില്ല് കൊടുത്തു പതിയെ ബൈ പറഞ്ഞു പോയി... ഞാൻ വീട്ടിലേക്കുള്ള ബസ്സിൽ കയറി, വിൻഡോ സീറ്റിൽ ഇങ്ങനെ ഇരുന്നപ്പോഴാണ് ആലോചിച്ചത്...
എനിക്കെന്തൊക്കെയോ ടെൻഷനുകൾ ഉണ്ടായിരുന്നല്ലോ, ഞാൻ അതൊക്കെ മറന്നിരിക്കുന്നു... പെട്ടെന്ന് അവന്റെ മുഖം ഓർമ വന്നു, ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് അയാൾ എന്റെ ചിന്തകളെ ഒക്കെ വലിച്ചെറിഞ്ഞിരിക്കുന്നു..!! ഒന്ന് ആലോചിച്ചപ്പോൾ അവനല്ല ഞാനാണ് കൂടുതൽ സംസാരിച്ചത്, അവനങ്ങനെ കേട്ട് കൊണ്ടിരിക്കുകയായിരുന്നു...
എന്നെ കൂടുതൽ പറയാൻ അനുവദിച്ചത് പോലെ, ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞിരിക്കുന്നു... എന്റെയുള്ളിലെ എന്തൊക്കെയോ ഒഴിച്ചു വിട്ടത് പോലെ... അല്ലെങ്കിലും അവനെന്തിനാ എന്നെ ഇന്നു തന്നെ കാണാൻ വന്നത്? ഞാൻ ഇത്രക്ക് ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് തന്നെ അവന് എന്നെ വിളിക്കാൻ തോന്നി? ഒരു ചായ മേടിച്ചു തന്നു എന്നെ കേട്ടിരിക്കാൻ തോന്നി...?
എന്നിലങ്ങനെ നൂറുകണക്കിന് ചോദ്യങ്ങളാണ്...!! നിങ്ങളൊക്കെ പടച്ചോനെ കണ്ടിട്ടുണ്ടോ...? ഞാനിങ്ങനെ ചില നിമിഷങ്ങളിൽ കാണാറുണ്ട്, തളർന്നു പോയി എന്ന് തോന്നുമ്പോ, ഇനി എന്ത് എന്ന് പതച്ചു നിൽക്കുമ്പോ... എനിക്ക് നേരെ എണീക്കാൻ കൈകളും എന്നെ കേൾക്കാൻ കാതുകളും എന്നോട് പറയാൻ നാവുകളും കിട്ടാറുണ്ട്, അവരിൽ ഞാൻ എന്റെ പടച്ചോനെ കാണാറുണ്ട്... അവരൊക്കെ പടച്ചോന്റെ പ്രതിരൂപങ്ങളാണ്..!!
അല്ലെങ്കിൽ പിന്നെ അവനെങ്ങനെ ഇത്ര കൃത്യമായി എന്റെ അടുത്ത് വന്നു..? ചോദ്യങ്ങൾ കുമിഞ്ഞു കൂടും മുമ്പേ ഞാൻ അവനൊരു ടെക്സ്റ്റ് മെസ്സേജ് കൊടുത്തു...
Thank you❤️
കൂടുതലൊന്നും പറയേണ്ടതില്ലെന്ന് എനിക്കറിയാം അവനത് മനസ്സിലാകും...
Comments
Post a Comment