അമ്മ മരിച്ചതിന്റെ പിറ്റേന്ന്...


നേരം വെളുക്കുമ്പോൾ അച്ഛനാണ് വിളിച്ചുണർത്തിയത്, സമയം പത്ത് കഴിഞ്ഞിരിക്കുന്നു... 'ഓ എന്തേ ഇത്ര നേരത്തെ എഴുന്നേറ്റു!? കുറച്ചു നേരം കൂടെ ഉറങ്ങായിരുന്നില്ലേ!? "എന്ന ചോദ്യമില്ല...

അടുക്കളയിൽ പുകയില്ല, പാത്രങ്ങളുടെ ഒച്ചപ്പാടുകളില്ല...എല്ലാം ഒറ്റക്കാണെന്നുള്ള അമ്മയുടെ പരാതിയില്ല...!! വെള്ളമില്ലാത്ത പുഴപോലെ ഒട്ടും ഭംഗിയില്ലാതെ ആയിരിക്കുന്നു അമ്മയില്ലാത്ത അടുക്കള...

ഉച്ചക്ക് അപ്പൻ ബിരിയാണി കൊണ്ടുവന്നു, ബിരിയാണിക്കൊന്നും രുചിയില്ല, ആദ്യമായിട്ട് നാരായണേട്ടന്റെ കടയിലെ ബിരിയാണി ഞാൻ പകുതി പോലും കഴിച്ചു തീർക്കാതെ നിർത്തി...

കുളിക്കിടെ വെള്ളം തീർന്നപ്പോൾ "അമ്മേ മോട്ടർ " എന്ന് ഒരു നിമിഷം വിളിച്ചു കൂവി, മറുവശത്തെ ശൂന്യത എന്നെ വല്ലാതെ അലട്ടി...

തേച്ചു മിനുക്കിയ കുപ്പായങ്ങളില്ല, പൊടി പറ്റിപ്പിടിച്ച വരാന്തയും കുമിഞ്ഞു കൂടിയ വാഷിങ് മെഷീനും മിണ്ടാട്ടമില്ലാത്ത പാത്രങ്ങളും ബഹളങ്ങളില്ലാത്ത ഞങ്ങളും...

അതെ, അമ്മയോളം ആ വീടിനെ സുന്ദരമാക്കിയതൊന്നും ആ വീട്ടിലില്ലായിരുന്നു, അമ്മയില്ലാതെ വീടിനെന്ത് ഭംഗി..!!

Comments

Popular Posts