വാപ്പാന്റെ നഷ്ടകച്ചോടം!!


വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്, എനിക്ക് ചെറിയൊരു മടുപ്പ് ഉണ്ടായിരുന്നു കയറി ചെല്ലാൻ, കുശലം കണക്കെ ആണെങ്കിലും ജോലിയെ പറ്റി അവരൊന്ന് ചോദിക്കും!! എല്ലാം പൊട്ടി പുതിയതൊന്നും ക്ലച് പിടിക്കാത്ത എനിക്ക് അതൊരു വിനയാണ് എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.... അല്ലെങ്കിൽ എ പ്ലസിന്റെ കണക്കും ജോലി ആയോ, കല്യാണം ആയോ, ആക്‌സിഡന്റ് വല്ലതും ആയി കിടന്നാൽ എന്താ പറ്റിയെ എന്ന ചോദ്യങ്ങളും ചോദിക്കുന്നവർ വെറുതെ കുശലം ചോദിക്കാണെങ്കിലും നമ്മളിത് എണ്ണമില്ലാത്തത്ര തവണ പറഞ്ഞിട്ടുണ്ടാകും...!!

പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ എന്നെ കണ്ട് മൂന്നാമത്തെ ചോദ്യം 'ഇപ്പൊ എന്താ പരിപാടി എന്നായിരുന്നു...' ഒന്ന് മിണ്ടാതെ ഉത്തരം മുട്ടിയിരുന്ന എന്നെ നോക്കിയിരിക്കുന്ന കണ്ണുകളെ 'ഇന്റർവ്യൂകൾ ഒക്കെ വരാറുണ്ട്, ഒന്ന് രണ്ടു ജോബ് ഓഫറും വന്നതാ പക്ഷെ കോഴ്സ് തീരാൻ നിക്കാണ് ' എന്ന ഒറ്റ ഡയലോഗ് ഇട്ടു ഉമ്മ അങ്ങോട്ട് തിരിപ്പിച്ചു,'നിങ്ങൾ ചായ കുടിക്കി അത് തണുക്കും 'എന്ന ഡയലോഗ് കൂടെ വന്നപ്പോ പിന്നെ 'ഇനി അത് പിടിച്ചു തൂങ്ങേണ്ട...' എന്നൊരു പറയാതെ പറഞ്ഞ താകീത് പോലെ എനിക്ക് തോന്നി... കുറച്ചു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞു അവർ ഇറങ്ങി...

പക്ഷെ എന്റെ കാര്യം ചോദിച്ചപ്പോൾ ഉപ്പായൊന്ന് സൈലന്റ് ആയത് ഞാൻ ശ്രദ്ധിച്ചിരുന്നു, സോഫയിൽ പത്രം നോക്കിയിരുന്ന ഉപ്പാന്റെ മടിയിൽ തല വെച്ച് ഞാനൊന്ന് കിടന്നു, ' ഉപ്പാ...' മൂളൽ മാത്രമായിരുന്നു മറുപടി,' ഇങ്ങൾക്ക് ഞാനൊരു നഷ്ടകച്ചോടം ആണല്ലേ...', 'അതെന്താ ഇപ്പൊ അങ്ങനെ ഒരു സംസാരം...','അല്ല, അതല്ല... ഡിഗ്രി കഴിഞ്ഞു രണ്ടു മൂന്നു കൊല്ലം വെറുതെ നടന്നു, പിന്നെ കുറച്ചു പൈസ ഇറക്കി നിങ്ങൾ ഇട്ടു തന്നൊരു കടയോ കൊറോണ വന്നും പൂട്ടി, ഇപ്പൊ ഇതാ കൊറോണ കഴിഞ്ഞിട്ട് കൊല്ലം ഒന്നാകാറായി ഞാനിപ്പോഴും ഒന്നും ശരിയാകാതെ...'

പിന്നേയും മൂളൽ മാത്രം... ' ഞാനിങ്ങനെ ഇടക്കൊക്കെ ട്രോളിൽ വായിക്കും വാഴ, ഒന്നിനും കൊള്ളാത്തവൻ, മരുപാഴ, നഷ്ട കച്ചവടം അങ്ങനെ അങ്ങനെ ഒന്നാലോചിച്ച ഞാൻ ഇങ്ങളെ നഷ്ടം തന്നെയാണ്...' ഉപ്പ മെല്ലെ എന്റെ മുടിയിലൂടെ ഇങ്ങനെ തലോടി...' എടാ, നീ ഇപ്പൊ ജോലിക്ക് നോക്കുന്നുണ്ട്, നീ നിനക്ക് ഇഷ്ടപെട്ട ജോലി കണ്ടെത്ത്, ഇനി അതും അല്ലെങ്കിൽ നിന്റെ ആഗ്രഹങ്ങൾ ഇതുമായി കൊണ്ടു പോകാൻ പറ്റുമോ നോക്ക്, നീ നിനക്ക് കഴിയും വിധമൊക്കെ പരിശ്രമിക്ക്, നീ എനിക്ക് നഷ്ടമൊന്നുമല്ല, അങ്ങനെ ഇത് വരെ ഞാൻ കണക്ക് കൂട്ടി വെച്ചിട്ടുമില്ല, അല്ലെങ്കിലും നിന്നെ വെച്ച് കോടീശ്വരൻ ആകാമെന്ന ലാഭനേട്ടം കണ്ടൊന്നുമല്ല ഞങ്ങൾ നിന്നെ നോക്കിയേ...'

'പിന്നെ എന്റെ ആരോഗ്യം ക്ഷയിക്കുന്നത് വരെ എനിക്ക് നിന്നെ നോക്കാനാകും, ഇപ്പൊ ഈ ആളുകൾ പറയുന്നതൊന്നും നോക്കണ്ട, ചിലതൊക്കെ തുടരെ നമ്മൾ നോക്കിയാലെ ശരിയാകൂ, അവർക്കൊരു ചോദ്യം അത്രേയുള്ളൂ...!! നീ പരിശ്രമിക്ക് നിന്നെ കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റും.. ' ഉപ്പ അങ്ങനെ പറഞ്ഞപ്പോ മനസ്സിൽ വല്ലാത്തൊരു കെട്ടഴിഞ്ഞ പോലെ... പിന്നേയും ഞാൻ ഉപ്പാന്റെ തലോടൽ ആസ്വദിച്ച് കണ്ണടച്ച് കിടന്നു, കണ്ണിൽ നിന്ന് രണ്ടു തുള്ളി പൊടിഞ്ഞിരുന്നു... ഉപ്പാന്റെ തലോടൽ കൊണ്ടിങ്ങനെ കിടക്കുമ്പോ പടച്ചോൻ കൂടെയുള്ള പോലൊരു തോന്നല്...!!

Comments

Popular Posts