നീ ഇറങ്ങിപ്പോയ അന്ന് രാത്രി...


അന്ന് രാത്രി ഞാൻ ഉറങ്ങീട്ടുണ്ടായിരുന്നില്ല, എനിക്കങ്ങനെ നെഞ്ചിന്റെ ഉള്ളിൽ എന്തോ പിരിഞ്ഞു മുറുകുന്നൊരു അവസ്ഥ ആയിരുന്നു... ഞാൻ ഈ ഭൂമിയോടെ അങ്ങ് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് ഒരായിരം വട്ടം ആശിച്ചിട്ടുണ്ട്... നിനക്ക് പോകും മുമ്പ് എനിക്ക് സംസാരിക്കാൻ ഒരു ശ്രമം നടത്താൻ ഒരു അവസരം തരാമായിരുന്നു... അപ്പനെയും അമ്മയേയും വിട്, അവർ പഴയ മനുഷ്യരല്ലേ ഇതൊക്കെ ഉൾക്കൊള്ളാൻ സമയമെടുക്കും, പതിയെ നമുക്ക് പറയാമായിരുന്നു...

പക്ഷെ ഞാൻ.... ഞാൻ ഇന്നു വരെ നിന്റെ നല്ലൊരു സുഹൃത്തല്ലായിരുന്നോ...!? നിനക്ക് എനിക്കൊരു സൂചന എങ്കിലും തരാമായിരുന്നു... നീ പോയതിൽ പിന്നെ ഞാൻ എപ്പോഴും ഓർക്കും പണ്ട് നീ എന്റെ വിരലിൽ തൂങ്ങി സ്കൂളിലേക്ക് പോന്നതും വലുതാകും തോറും പരസ്പരം ഓരോന്ന് പറഞ്ഞു തർക്കിക്കുന്നതും നമ്മുടെ ചെറിയ ചെറിയ കള്ളത്തരങ്ങൾക്ക് കൂട്ടു നിൽക്കുന്നതുമെല്ലാം....

ഞാൻ... ഞാൻ ഒരുപാട് ശ്രമിച്ചു, നിന്നെയൊന്നു വെറുക്കാൻ, നശിച്ചു കാണണേ എന്നൊക്കെ മനസ്സുകൊണ്ടൊന്ന് ശപിക്കാൻ... പക്ഷെ എനിക്കാവില്ല ആ വിരലിൽ പിടിച്ചുള്ള നിന്റെ ചിരിയും നമ്മുടെ നല്ല നിമിഷങ്ങളും ഓർക്കുമ്പോ.... ഞാൻ നീ ചെയ്തതൊക്കെ മറന്നുകളയും അല്ല മനസ്സിന് നിന്നെ വെറുക്കാനോ ശപിക്കാനോ ആവില്ലെന്ന് പറയും... പിന്നെ നിനക്ക് സുഖമാണല്ലോ സന്തോഷമായല്ലോ എന്നൊക്കെ ആലോചിക്കുമ്പോ.... പതിയെ...

പതിയെ ഞാൻ എന്റെ കണ്ണുകളടക്കും ആ നിമിഷം പിടിച്ചു നിർത്താൻ അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പൊഴിയാറുണ്ട്.... എന്റെ രാത്രികളിൽ ഞാൻ കരഞ്ഞിട്ടുണ്ടെന്ന് അറിയോ... പക്ഷെ വെറുപ്പുകൊണ്ടല്ല എനിക്ക് നീ അവസരം തന്നില്ലാലോ എന്നോർത്തു... ചിലപ്പോ തെറ്റുകൾ അത്രയും എന്റേതാകണം ഞാൻ വിചാരിച്ച പോലെ നിനക്ക് ഞാൻ പ്രിയപ്പെട്ടതാകണം കൂടെ നിൽക്കും എന്നൊന്നും നിന്നെ ഞാൻ പറഞ്ഞു മനസിലാകാത്തത് കൊണ്ടാകും...

Comments

Popular Posts