കണ്ണാടി
വീട്ടിൽ ആരും ഇല്ലാത്തൊരു ദിവസം ഞാൻ അയാൾക്ക് മുമ്പിൽ പോയി നിന്നു, എനിക്ക് അയാളോട് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു, പതിയെ ഞാൻ അയാളോട് സംസാരിച്ചു തുടങ്ങി...
" നിങ്ങളെന്നെ കേട്ടാൽ മതി ഉപദേശിക്കേണ്ട, നിങ്ങളെന്നോടൊന്ന് ചിരിച്ചാൽ മതി എന്നെ കെട്ടിപിടിക്കേണ്ടതില്ല... എനിക്കെന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ എങ്ങനെ തുടങ്ങണം എന്നറിയില്ല...എനിക്ക് ഒരുപാട് ഒരുപാട് പറയാനുണ്ട്... ഇതൊക്കെ പറയുമ്പോ എനിക്ക് കേൾക്കാൻ ആളില്ലാഞ്ഞിട്ടാണെന്നൊന്നും തോന്നല്ലേ ട്ടോ, ഒരുപാട് പേരുണ്ട്, പക്ഷെ അവരുടെ അടുത്തൊന്നും ഇത് പറഞ്ഞിട്ടും എനിക്ക് മതി വരുന്നില്ല...
ഇടക്കൊക്കെ എന്നിലിങ്ങനെ മടുപ്പ് അടിച്ചു കയറാറുണ്ട്... കാരണങ്ങളില്ലാതെ എന്നിൽ സങ്കടം വരാറുണ്ട്... കരയാൻ തോന്നാറുണ്ട്... എന്തിനാണ് എന്നൊക്കെ ഞാനും സ്വയം ചോദിക്കും... നഷ്ടപ്പെടുത്തിയ ചില അവസരങ്ങൾ, മനുഷ്യർ, റൂഹുകൾ ഇങ്ങനെ എന്തെങ്കിലും ആകുമോ... ഇനി ചിലപ്പോ എന്നെ തന്നെ എനിക്ക് ഇഷ്ടപെടാത്തത് കൊണ്ടാകുമോ... എന്നിങ്ങനെ ഒരുപാടൊരുപാട് ചോദ്യങ്ങൾ ഉയരും... ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഞാൻ ജീവിതത്തിൽ കുറച്ചും കൂടെ സ്വാർത്ഥൻ ആകണമായിരുന്നു, ചില സന്ദഭങ്ങളിൽ ചില മനുഷ്യരിലൊക്കെ...
നീതിബോധം, വിശ്വാസം, സ്നേഹം, കരുതൽ എന്നൊക്കെ പറഞ്ഞു പറഞ്ഞു സ്വയം നഷ്ടങ്ങൾ നേടുന്ന മനുഷ്യൻ ദുഃഖിക്കാനുള്ള അവകാശമുണ്ടോ....!? എനിക്കറിയില്ല... ഇടക്കൊക്കെ ആലോചിക്കും എല്ലാവരും ചിന്തിക്കുന്നത് പോലെ ഒരു ദിവസം അങ്ങോട്ട് മരിച്ചാലോ എന്ന്, പക്ഷെ ആത്മഹത്യയൊക്കെ ഒരു രക്ഷപെടലാണ്, നല്ല വെളിച്ചതും കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലൊരു രക്ഷപ്പെടൽ... ഈ ആത്മഹത്യാ ഒന്നുമല്ല വലിയ കാര്യം എന്നൊക്കെ ഇടക്ക് തോന്നാറുണ്ട്... ജീവിതത്തിൽ ചില സാഹചര്യങ്ങൾ വരും, എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന തിരിച്ചറിവ് വരും...
ഈ ഏറ്റവും ഭയാനകമായ സിറ്റുവേഷൻ ഏതാണ് എന്നറിയോ... ചിലതൊന്നും ആലോചിച്ചിട്ട് ജീവിക്കാനും തോന്നില്ല, എന്നാൽ പ്രിയപ്പെട്ടവരെ കൊണ്ട് മരിക്കാനും തോന്നില്ല... ജീവിക്കുകയും വേണ്ട മരിക്കുകയും വേണ്ട എന്നൊരു അവസ്ഥയുണ്ട്.... മടുപ്പൊക്കെ തലക്ക് പിടിച്ചു വട്ടം കറങ്ങുന്ന സമയം... എന്തൊക്കെ ചെയ്തിട്ടും പഴയത് പോലെ പിടിച്ചു നിൽക്കാൻ പറ്റാത്ത സമയം... പറഞ്ഞിട്ടും പറഞ്ഞിട്ടും മനസ്സിന്റെ ഭാരം കുറയാത്തൊരു സമയം.... തനിക്കറിയോ എനിക്കെന്നെ എന്തൊരു ഇഷ്ടമാണെന്ന്, എല്ലാവരോടും ചിരിക്കുന്ന, നിർത്താതെ സംസാരിക്കുന്ന, അവസരങ്ങളെ തേടി പിടിക്കുന്ന, ഇഷ്ടത്തോടെ പുഞ്ചിരിക്കുന്ന എന്നെ...
തന്നോടിങ്ങനെ സംസാരിക്കുമ്പോൾ എനിക്കൊരു സമാധാനമൊക്കെ ഉണ്ട്, എനിക്കറിയാം ഞാൻ കാണുന്ന നീ ഞാൻ തന്നെയാണെന്ന്, എന്റെ മനസ്സിനെ അതിന്റെ ആഴത്തിൽ അറിയുന്ന ഞാനാണ് നീയെന്ന്, എനിക്ക് ഇഷ്ടപ്പെട്ട നഷ്ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന ഞാൻ ആണെന്ന്... എല്ലാം ശരിയാവും, പഴയപോലെ ഒക്കെ ആവും, ആവണം, നമ്മളെ ഇഷ്ടപെടുന്ന മനുഷ്യരോക്കെയുള്ള ഈ ലോകത്ത് നമ്മളും വേണ്ടേ ല്ലെ..!! ശരിയാവും... " ഇത്രയും പറഞ്ഞപ്പോൾ എന്റെ കണ്ണൊരുപ്പാട് നിറഞ്ഞിരുന്നു... ഞാൻ ആ കണ്ണാടിയുടെ മുമ്പിൽ നിന്നും എണീറ്റു പോയി, ആരോ ബെല്ലടിച്ചു..!!
Comments
Post a Comment