പ്രായം
മുമ്പിലെ ബഹളം കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിയുന്നത്, ബസ്സിലെ മുമ്പിലെ സ്ത്രീകളുടെ ഭാഗത്തു നിന്നാണ് ബഹളം എന്ന് മനസ്സിലാക്കാനായി... പതിയെ ശബ്ദം കൂടി വരാൻ തുടങ്ങി, രണ്ടാളും ആരോഗ്യമുള്ള സമപ്രായക്കാരെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളാണെന്ന് കാഴ്ച്ചയിൽ നിന്ന് മനസ്സിലാക്കാമായിരുന്നു, സീറ്റിന് വേണ്ടിയുള്ള തർക്കമായിരുന്നു... താനാണ് ആദ്യം കയറിയതെന്ന് ഒരു ചേച്ചി, തനിക്കാണ് കൂടുതൽ ദൂരം പോകാനുള്ളതെന്ന് മറ്റേ ചേച്ചിയും വാദിച്ചു.
കാര്യം കേട്ട് കണ്ടക്ടറും തല ചൊറിഞ്ഞു. ആരുടെ പക്ഷത്ത് നിൽക്കും എന്നതായി കണ്ടക്ടറുടേയും യാത്രക്കാരുടേയും സംശയം, അപ്പോഴാണ് സീറ്റിലെ ഇരിക്കുന്ന ചേച്ചി എണീക്കാം എന്ന് പറഞ്ഞത്, പക്ഷെ അതിന് ഇവർ രണ്ടു പേരും സമ്മതിച്ചില്ല... അവസാനം, കണ്ടക്ടർ സീറ്റ് നോക്കിയപ്പോൾ 'പ്രായമായവർ' എന്ന് എഴുതി വെച്ചത് കണ്ടു. അപ്പൊ കണ്ടക്ടർ പറഞ്ഞു, "നിങ്ങളിൽ പ്രായം കൂടിയവർക്ക് ഇരിക്കാം, ഇത് പ്രായമായവരുടെ സീറ്റാണ്".
പതിയെ അവരുടെ തർക്കം നിന്നു അവർ കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു... പരസ്പരം ഇരുന്നോളൂ എന്ന് പറഞ്ഞില്ലെങ്കിലും മുഖത്ത് എനിക്കത് വായിക്കാമായിരുന്നു... പിന്നേയും മൂന്നോ നാലോ സ്റ്റോപ്പ് കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്, അതുവരെ അവർ രണ്ടു പേരും ഇരുന്നിരുന്നില്ല, ആ സീറ്റ് ഒഴിഞ്ഞു തന്നെ കിടന്നു...!!
(ഞാൻ എവിടെയോ കേട്ടത് പോലെ തോന്നിയൊരു കഥയെ ഓർമ വന്നപ്പോൾ എന്റെ രീതിയിൽ അവതരിപ്പിച്ചു എന്നേയുള്ളൂ..!!)
Comments
Post a Comment