Single
കോളേജ് മീറ്റപ്പ് എന്ന് കേട്ടപ്പോഴേ എനിക്കാ പഴയ ത്രില്ലൊക്കെ കയറി, അന്നേ ദിവസം ഞാൻ കാണാനിരുന്ന ഒരു മുഖമുണ്ടായിരുന്നു... അവൾ... എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, അനാഥ, കോളേജ് ടോപ്പർ, എങ്ങും എവിടേയും സജീവമായിരുന്നവൾ, എനിക്കൊക്കെ അവളോട് അസൂയയായിരുന്നു, എന്നും തിളങ്ങി നിൽക്കുന്ന അവളോട്...കോളേജ് കഴിഞ്ഞു ഒരു പോക്ക് പോയവളാണ്...
പിന്നീട് ഒരു വിവരവുമില്ല, അതുകൊണ്ട് തന്നെ വീണ്ടും കൂടും എന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ ആവേശം ഒന്നും ഇല്ലായിരുന്നു, എങ്കിലും അവളും ഉണ്ടാകും എന്നൊരു കിമ്പതന്തി പരന്നത്തോടെ അവളെ കാണാം എന്നായി... നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു കയറുമ്പോൾ അവളോട് ചോദിക്കാൻ എന്നിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു, എന്നെ ഒറ്റക്ക് ആക്കി പോയതിനെ കുറിച്ച്, മിണ്ടാതിരുന്നതിനെ കുറിച്ച്... അങ്ങനെ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ...
അന്നേ ദിവസം എന്റെ കണ്ണുകളും ചുണ്ടും വരുന്നവരിൽ അവളെ തേടി, എന്റെ കണ്ണുകൾ തിരഞ്ഞു, ചുണ്ടുകൾ ചിരിച്ചു കൊണ്ടിരുന്നു... അപ്പോഴും അതൊന്നും പൂർണമായിരുന്നില്ല... ദൂരെ നിന്നുള്ള അവളുടെ വരവ് എന്നിൽ തണുപ്പ് പകർന്നു, അവളെ കണ്ട് എല്ലാവരും ഒന്ന് വിടാതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു... ഇടക്കെപ്പോഴോ അവൾ എന്നെ നോക്കുന്നുണ്ട്, ഞാൻ മാറി നിൽക്കുകയായിരുന്നു... എനിക്കവളെ ഒറ്റയ്ക്ക് കിട്ടണമായിരുന്നു... ഒറ്റയ്ക്ക്... ഒടുക്കം, എല്ലാവരെയും മാറ്റി കൊണ്ട് എന്റെ അടുത്തേക്ക് വന്നു...
"എടി... " എന്നും വിളിച്ചു എന്റെ അടുത്ത് വന്നു, അവളുടെ വിരലുകളിൽ തൂങ്ങി നിൽക്കുന്നൊരു കൊച്ചു കുട്ടി ഉണ്ടായിരുന്നു... ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാകണം അവളെന്നെ കെട്ടിപിടിച്ചു, കെട്ടി പിടിക്കുമ്പോഴാണ് രണ്ടു ഹൃദയങ്ങൾ ഏറ്റവും അടുത്ത് വരുന്നതെന്ന് പറയാറുണ്ട്, ചിലപ്പോൾ ആ മന്ത്രികത തന്നെയാവണം എന്നിൽ അവളോടുണ്ടായിരുന്ന ദേഷ്യത്തെ അലിയിച്ചു തീർത്തത്... വീണ്ടും ഞങ്ങളിൽ മൗനം കേറി വന്നു...
ഒടുക്കം അവൾ തന്നെ മുന്നിട്ടു, "എന്തെങ്കിലുമൊക്കെ ചോദിക്കെടി, അല്ലേൽ നാല് ചീത്തയെങ്കിലും പറയ് ", "നിനക്കെന്നെ കല്യാണമെങ്കിലും അറിയിക്കായിരുന്നു...". ഒരു പൊട്ടി ചിരിയാണ് പിന്നെ കണ്ടത്, "അതിപ്പോ കെട്ടുമ്പോൾ അറിയിച്ചാൽ പോരേ...", "അപ്പോൾ ഈ കുട്ടി...","എന്റെ മോൻ തന്നെയാണ് സംശയിക്കേണ്ട... Single mother...","single mother!? അപ്പൊ ദേത്തെടുത്തതാണോ..", "അങ്ങനെ ചോദിച്ചാൽ ഔദാര്യമോ, അല്ലെങ്കിൽ വേറെന്തെങ്കിലും പ്രശ്നങ്ങളോ ഒന്നുമല്ല!?"
"ശരിക്ക്, എന്താ ഉദ്ദേശം മോളേ!?", "ഏയ് ഒന്നുമില്ല ഇടക്കാലത്തു എനിക്ക് ഒരു അമ്മയാകണം എന്ന് തോന്നി, ഒരു കുട്ടിയെ പഠിപ്പിക്കാൻ കൊഞ്ചിക്കാൻ ഒക്കെ ഒരു കൊതി, പണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാത്തത് കൊണ്ടാകും എന്നെ കൊണ്ട് ആയപ്പോൾ അങ്ങനെ ഒന്ന് തോന്നി തുടങ്ങിയത്, പിന്നെ മോളേ കെട്ടിയാൽ പോരേ എന്നൊന്നും ചോദിച്ചേക്കല്ലേ!! എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയത് കോളേജ് കാലത്ത് നീയും കുടുംബവും എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാ..."
" പിന്നീട് കോളേജോക്കെ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അനാഥയായി, അപ്പോഴാ ഞാൻ പഠിച്ച അനാഥാലയത്തിൽ കുറച്ചു ദിവസം പോയി നിന്നത് അവിടെ വെച്ചാണ് ഇവനെ കാണുന്നതും ഇഷ്ടപെടുന്നതും, നിനക്ക് ശേഷം എന്റെ ജീവിതത്തെ മനോഹരമാക്കിയത് അവനായിരുന്നു... മകനായി ഏറ്റെടുക്കാൻ കുറച്ചു legal procedures ഒക്കെ ഉണ്ടായിരുന്നു, but അനാഥാലയത്തിലെ ആളുകൾ എന്നെ അറിയുന്നവർ ആയതുകൊണ്ട് എനിക്ക് favour ആയിട്ട് നിന്നു...അങ്ങനെ എനിക്ക് ഈ ലോകത്ത് പറയാൻ ഒരു കൂട്ടായി.. "
"അപ്പൊ ഇനി കല്യാണം...", " ആഹ്മ്, വേണം, സമയം ഒന്നും നിശ്ചയിച്ചിട്ടില്ല, എന്റെ അതെ ഭ്രാന്തുള്ള ഏതെങ്കിലും മനുഷ്യൻ ഈ ലോകത്തിന്റെ ഏതേലും കോണിൽ നിന്ന് കറങ്ങുന്നുണ്ടാകും... കണ്ടുമുട്ടും, അപ്പൊ ആലോചിക്കണം!! " അന്നത്തെ പോലെ തന്നെയാ നീ ഇപ്പോഴും ആ ഭ്രാന്തിനൊന്നും ഒരു മാറ്റവുമില്ല...!!" " അല്ലെങ്കിലും നമ്മുടെ ചില ഭ്രാന്തുകൾ അവസാനിക്കുമ്പോഴല്ലേ അതിനേക്കാൾ മനോഹരമായ ചിലത് നമ്മളിൽ കാണിക്കുക... " അതിൽ എന്തോ ഒളിപ്പിച്ചിരുന്നെന്ന് എനിക്ക് തോന്നി പക്ഷെ ഞാൻ അത് കീറി മുറിക്കാൻ പോയില്ല...
Comments
Post a Comment