അൻഷിദ
ഇന്നലെ മലപ്പുറം ചെമ്മങ്കടവ് സ്കൂളിലേക്ക് പി.എസ്.സി എഴുതാൻ പോയിരുന്നു... സ്കൂൾ കുറച്ചു ഉള്ളിലേക്ക് ആയതിനാൽ ഗൂഗിൾ മാപ്പ് ശരണം എന്നായിരുന്നു, തിരക്കേടില്ലാതെ ചുറ്റിച്ചു സ്കൂൾ പടിക്കൽ തന്നെ എന്നെ കൊണ്ട് എത്തിച്ചു എന്ന് വേണം പറയാൻ... എത്തിയപ്പോൾ ഒറ്റക്ക് വഴി കണ്ടു പിടിച്ചു വന്ന ഒരാളുടെ ഗമയായിരുന്നു എനിക്ക്... പി.എസ്.സി കിട്ടുമോ എന്നതിൽ പ്രസക്തിയില്ല, ഒന്ന് ഇടക്കൊക്കെ എഴുതി നോക്കാലോ, നടക്കില്ലെങ്കിലും കറക്കി കുത്തി ജോലി കിട്ടിയാലോ എന്ന വെറുതെ ഒരു പ്രതീക്ഷ!!
എനിക്ക് കിട്ടിയ ക്ലാസ്സിൽ നിന്നും എനിക്ക് ആ സ്കൂളിന്റെ പേര് വായിക്കാമായിരുന്നു... ഈ സ്കൂൾ മുമ്പ് എനിക്ക് കേട്ട് പരിചയമുണ്ട്...!! വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാൻ ആ സ്കൂൾ അറിയുന്നത്... ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയം, അന്ന് ഉപജില്ലാ കലോത്സവം നടക്കുന്നത് ഞങ്ങളുടെ സ്കൂളിലും പരിസരങ്ങളിലുമായിരുന്നു... സ്കൂൾ എൻ.എസ്.എസ് വോളന്റീർ ആയതിനാൽ വർക്ക് ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ...!! അങ്ങനെ എനിക്കും ഞങ്ങൾ രണ്ട് മൂന്ന് പേർക്ക് അന്ന് കിട്ടിയ ചുമതല എല്ലാവരെയും നോക്കുക എന്നതായിരുന്നു... എവിടേയും പോസ്റ്റ് ആകില്ലെന്ന് ചുരുക്കം..!!
അങ്ങനെ നാടകം നടക്കുന്ന സ്റ്റേജിലേക്ക് ചെന്നപ്പോൾ അവിടെ കലങ്ങിയ ഒരു മീശ വെച്ച കുട്ടിയെ കാണുന്നത്, ഇവനെന്തിനാ കരയുന്നത് എന്ന ചോദ്യത്തിന് എനിക്കൊരു നോട്ടമാണ് കിട്ടിയത്, പതിയെ അടുത്തുള്ള ആരോ പറഞ്ഞു പുറത്തു നിന്ന് കളിയാക്കിയത്രേ..!! അയ്യേ വലിയൊരു മീശ വെച്ച് ആൺകുട്ടികൾ ഒക്കെ കരയോ എന്ന എന്റെ ചോദ്യത്തിന് അതിന് അതൊരു പെൺകുട്ടിയാ എന്ന മറുപടി കിട്ടി...!! എനിക്ക് സംശയമുണ്ടായിരുന്നു... പക്ഷെ അത് അവൾ സംസാരിച്ചങ്ങ് തീർത്തു തന്നു!!
അൻഷിദ, അന്ന് എട്ടിലോ മറ്റോ ആണ് പഠിച്ചിരുന്നത്, നാടകത്തിന്റെ വേഷങ്ങളാണ് ഒക്കെയും..!! അന്നാണ് ഞാൻ ഈ സ്കൂൾ കേൾക്കുന്നത്. കളിയാക്കിയവരെ കാണിച്ചു, തന്നു, സീനിയറോട് പറഞ്ഞു ആളുകളോട് കാര്യം അവതരിപ്പിച്ചു, കുറച്ചു നേരം അവിടെ തന്നെ നിന്നു നാടകം കഴിഞ്ഞപ്പോൾ ഉഷാറായിട്ടുണ്ട് എന്ന് അഭിനന്ദിച്ചു... നാടകം കളിക്കുന്നില്ല പറഞ്ഞ അവർക്ക് അന്ന് എന്തെങ്കിലും കിട്ടിയോ എന്ന് എനിക്കറിയില്ല പക്ഷെ അവർ അന്ന് സ്റ്റേജിൽ കയറിയത് എനിക്ക് സന്തോഷം നൽകിയിരുന്നു... അവരോട് സംസാരിച്ചു ആ മൂഡ് മാറ്റിക്കാൻ പറ്റിയതിൽ...
പിന്നെ ഞാൻ കാണുന്നത് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ്... എന്റെ മുന്നിലുണ്ട്, അപ്പൊ വേഷങ്ങളൊക്കെ അഴിച്ചു വെച്ചിട്ടുണ്ട്, ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ചു... എനിക്ക് കിട്ടിയ ചിരികളും സന്തോഷമായിരുന്നു, ഞാൻ പിന്നേയും സൂക്ഷിച്ചൊന്ന് നോക്കി, ശരിക്ക് അത് പെൺകുട്ടി തന്നെ ആയിരുന്നോ എന്ന്..!! ഹമ്മേ, എന്നെ നോക്കിയതും ഞാൻ ഫുഡും കഴിച്ച് സ്കൂട്ടായി...!! പിന്നെ ഇപ്പഴാ ഓർക്കുന്നത്... ചിലപ്പോഴൊക്കെ ചില മനുഷ്യരിൽ നമ്മളിൽ തങ്ങി നിൽക്കും, കുറേ കാലത്തെ പരിചയമില്ലാതെ, ചെറിയ ചില നിമിഷങ്ങൾ കൊണ്ട് തന്നെ...
അയാൾക്ക് ഇതൊക്കെ ഓർമ ഉണ്ടാകോ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടാകോ... അല്ലെങ്കിലും നമ്മളൊന്നും ആലോചിക്കാത്ത എത്രയത്രെ മനുഷ്യർ നമ്മളെ ഓർക്കുന്നുണ്ടാകുമല്ലേ, നമ്മുടെ ഓർമകളിൽ പോലും ഇടം നേടാത്ത മനുഷ്യർ ചിലപ്പോൾ നമ്മളെ അത്ര പ്രിയപ്പെട്ടതായി ഓർക്കുന്നില്ലെന്ന് ആര് കണ്ടു...!? ചില സാഹചര്യങ്ങൾ, സമയങ്ങൾ, പേരുകൾ അങ്ങനെ ചിലതൊക്കെ മതി ചിലരുടെ ഓർമകളിലേക്ക് നമ്മളെ തള്ളിയിടാൻ...
Comments
Post a Comment