ബിയ്യാത്തു ബാൻഡ്
പത്താം ക്ലാസിലെ സംസ്ഥാന കലോത്സവത്തിൽ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം നേടിയത് മുതലാണ് ബിയ്യാത്തു ശ്രദ്ധ നേടി തുടങ്ങുന്നത്. ഒപ്പനയോളം ചർച്ച ചെയ്യപ്പെട്ടതായിരുന്നു അതിലെ പാട്ടും പാട്ടുകാരിയും, പതിയെ സിനിമയിലെ പിന്നണി ഗായികയായി, ശബ്ദമധൂര്യം കൊണ്ട് ജനപ്രീതി നേടി വൈകാതെ മുന്നണി ഗായികയായി... തൊട്ടതെല്ലാം പൊന്നാക്കിയ ദിനങ്ങളായിരുന്നു ബിയ്യാത്തൂന് ആ കാലം...
പതിയെ പാട്ടുകൾ എഴുതാൻ തുടങ്ങി, ഡയറക്റ്റ് ചെയ്യാനും, പക്ഷെ തുടക്കം വിചാരിച്ച വിജയം കൈവരിക്കാനായില്ല, പതിയെ മങ്ങി തുടങ്ങിയ ബിയ്യാത്തൂന്റെ പാട്ടുകളും വരികളും... തളരാൻ പാകത്തിനായിരുന്നില്ല ബിയ്യാത്തു വളർന്നത്, പുതിയൊരു ബാൻഡ് തുടങ്ങി, "ബിയ്യാത്തു ബാൻഡ് ". ആദ്യ പാട്ട് തന്നെ ക്ലിക്കായി, ഒരു മലബാർ സ്റ്റൈൽ പാട്ടായിരുന്നു... പുരസ്‌കാരങ്ങളും സംസ്ഥാന അവാർഡുകളും വന്നെത്തി, ലോകോത്തരത്തിൽ തന്നെ ട്രെൻഡായി... പല ഭാഷകളിലേക്ക് തർജമ്മ ചെയ്യപ്പെട്ടു...
ഒരിക്കൽ ഒരു ഇന്റർവ്യൂ നടന്നപ്പോൾ ആ പാട്ടിന്റെ പിറവിയെ കുറിച്ച് ബിയ്യാത്തു ഇങ്ങനെ പറഞ്ഞു, " ഈ പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമൊന്നും ഞാൻ അർഹിക്കുന്നില്ല, കാരണം ഇത് ഞാൻ കട്ടെടുത്തതാണ് " ചാനലുകാർക്ക് ലോട്ടറി അടിച്ച പ്രതീതിയായിരുന്നു... അവൾ പിന്നേയും പറഞ്ഞു തുടങ്ങി, " ഇത് എന്റെ ഉമ്മൂമ്മ എഴുതിയ പാട്ടാണ്, ശരിക്കുമുള്ള ബിയ്യാത്തു എഴുതിയ പാട്ട്!! എന്റെ ഉപ്പൂപ്പയാണ് എന്നെ പഠിപ്പിച്ചതും വളർത്തിയായിതുമൊക്കെ, ചെറുപ്പത്തിൽ ഉപ്പൂപ്പ ഒരുപാട് പാട്ടുകൾ പാടി തരുമായിരുന്നു..
ഉമ്മൂമ്മന്റെ പേരാണ് ബിയ്യാത്തു, ഞാൻ ജനിക്കുന്നതിന്റെ മാസങ്ങൾക്ക് മുമ്പാണ് ഉമ്മൂമ്മ മരിച്ചത്, അതുകൊണ്ട് എനിക്ക് ആ പേര് ഇട്ടു, ഉപ്പൂപ്പയാണ് ഇട്ടത്, ചെറുപ്പത്തിൽ ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ ഉപ്പൂപ്പ ഒരുപാട് പാട്ടുകൾ പാടി തരുമായിരുന്നു, ഉപ്പൂപ്പ പറയും എന്റേതൊന്നും പാട്ടല്ലട്ടോ അന്റെ ഉമ്മൂമ്മ പാടുന്നത് കേൾക്കണം എന്ന്, എന്നിട്ടൊരു നെടുവീർപ്പുണ്ട്, നെഞ്ചിൽ കിടന്നുറങ്ങിയിരുന്നു കുഞ്ഞു ബിയ്യാത്തൂന് അന്ന് ആ നെടുവീർപ്പിന്റെ അർത്ഥം അറിയില്ലെങ്കിലും നെഞ്ചിലെ ഇടിപ്പ് കേൾക്കാമായിരുന്നു...
എന്നെ പാട്ടുപാടിപ്പിക്കാനും പഠിപ്പിക്കാനുമൊക്കെ ഉപ്പൂപ്പയാണ് മുന്നിലുണ്ടായിരുന്നത്, ആരാരും കേൾക്കാത്ത ഒരുപാട് പാട്ടുകൾ ഉപ്പൂപ്പന്റെ കൈയ്യിൽ ഉണ്ടായിരുന്നു, ഉമ്മൂമ്മ എഴുതിയ പാടി കേൾപ്പിച്ച പാട്ടുകൾ, ഉപ്പൂപ്പ മാത്രം കെട്ടിരുന്ന പാട്ടുകൾ, ഉമ്മൂമ്മയും ഉപ്പൂപ്പയും ഇഷ്ടത്തിലാകുന്നത് തന്നെ ഉമ്മൂമ്മന്റെ പാട്ട് കേട്ടിട്ടാണ്...ഉപ്പൂപ്പ പറയും ഉമ്മൂമ്മനെ വലിയ ഒരു ഗായിക ഒന്നും ആക്കാൻ പറ്റിയില്ലെന്ന്... ആ സങ്കടം ആവണം എന്നിലൂടെ ഉപ്പൂപ്പ നിറവേറ്റിയത്, എനിക്ക് നേരെ വന്ന എതിർപ്പുകളെ ഉപ്പൂപ്പയാണ് തടഞ്ഞിരുന്നത്... എനിക്കേറ്റവും വലിയ സപ്പോർട്ട് ഉപ്പൂപ്പയായിരുന്നു...
ഉപ്പൂപ്പാ, ഇങ്ങളെ ബിയ്യാത്തു ഇന്ന് ജനകോടി മനസ്സുകളിലുണ്ട്, ഇതിന്റെ copyrights മുഴുവൻ എന്റെ ഉമ്മൂമ്മക്കുള്ളതാണ്, ബിയ്യാത്തൂന് ഉള്ളതാണ്. ഉപ്പൂപ്പ ഇതാണ് എന്റെ ജീവിതത്തിൽ എനിക്ക് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന് കരുതുന്നു, ഇങ്ങൾ സ്വർഗത്തിലിരുന്നു ഇതൊക്കെ കാണുന്നുണ്ടാവും ല്ലെ, ഉമ്മൂമ്മനോടും പറയണം, ബിയ്യത്തൂന്റെ പാട്ട് ലോകം മൊത്തം ഇന്ന് പാടുന്നുണ്ടെന്ന്.." കട്ടെടുത്തതാണെന്ന് പറഞ്ഞപ്പോൾ ലഹള കൂട്ടാനൊരുങ്ങിയ ഒരു വിഭാഗം അവൾക്ക് മുമ്പിൽ മൗനമായിരുന്നു... ബിയ്യാത്തു ബാൻഡിന്റെ കാണാതെ ബിയ്യാത്തൂനെ ഇഷ്ടപെട്ടത് പോലെ...
Comments
Post a Comment