അബു
ഓഡിറ്റോറിയത്തിലെ ബിരിയാണിയുടെ മണം എന്റെ മനം മയക്കിയില്ല, ചെറിയ കുട്ടികളുടെ ശബ്ദവും വലിയവരുടെ ആരവവും എന്നെ അലോസരപെടുത്തി... ആർക്കൊക്കെ ഇടയിലൂടെ ഓടി നടക്കുന്ന അഷ്‌റഫ്‌ക്കയുണ്ട് അവിടെ, ആമിനാന്റെ ഒരേയൊരു കാക്ക!! ഉപ്പ മരിച്ച ആമിനാക്ക് ഉപ്പയും കൂട്ടുകാരനുമൊക്കെ അഷ്‌റഫ്‌ക്കയാണ്... ആമിന, ഉമ്മാന്റെ ഒരു അകന്ന ബന്ധു സൈനത്താന്റെ ഒരേയൊരു മകളാണ്... ഞങ്ങളുടെ വീടും ഒരേ നാട്ടിലാണ്, ഒരു എട്ടു പത്തു വീടുകൾ വ്യത്യാസം...
ആമിന, സുന്ദരി, സംസാരം കൊണ്ട് ആരെയും പിടിച്ചിരുത്തുന്നവൾ, ചെറിയ കുട്ടികൾ മുതൽ പ്രായമായവർ അവളുടെ സംസാരത്തിൽ ഇഷ്ടം കൂടും... അടുത്തറിയും തോറും അവളെന്നിൽ അഴകേറുകയായിരുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ഗൾഫിലേക്ക് കയറുമ്പോൾ അന്നത്തെ ആ പത്തൊമ്പതുകാരിയോടുള്ള പ്രണയം ഞാൻ പറയാനാവാതെ മൂന്ന് വർഷത്തെ ഒറ്റ പോക്ക് അടുത്ത വരവിൽ ഡിഗ്രി കഴിയുന്ന ആമിനാക്കൊരു മഹർ അതും മനസ്സിൽ കണ്ടിട്ടാണ് അന്ന് കപ്പൽ കയറുന്നത്...
മൂന്ന് വർഷം, വിശേഷങ്ങളറിയാതെ, ചോദിക്കാതെ ഉമ്മാനോട് ചോദിച്ചറിഞ്ഞു, രാവും പകലും ഒരേ പോലെ സ്വപ്നത്തിന് വേണ്ടി കിനാവും കണ്ട് അധ്വാനിച്ചു മൂന്നൂർ പതിറ്റാണ്ടുകൾ പോലെ തള്ളിനീക്കി... അഷ്‌റഫ്‌ക്കയും സൈനത്തയും ആമിനയൊന്നും വീട്ടിൽ ഞങ്ങൾക്ക് അന്യരല്ല, ഉമ്മാക്ക് ആമിനാനെ കുറിച്ച് പറയുമ്പോ നൂറ് നാവാണ്, ആമിന ഉമ്മാനോട് പെരുമാറുന്നതും അങ്ങനെയായിരുന്നു... അതുകൊണ്ട് തന്നെ ആമിനന്റെ കല്യാണത്തിന് ഞാൻ വരണമെന്ന് ഉമ്മാക്ക് നിർബന്ധമായിരുന്നു....
എളാപ്പ എവിടെന്നാണ് അന്നേക്ക് ടിക്കറ്റ് ഒപ്പിച്ചതെന്ന് അറിയില്ല, കല്യാണത്തിന് ഒരു ദിവസം ബാക്കിയിരിക്കെ ഞാൻ നാട്ടിലെത്തി... മൂന്ന് വർഷം നാട്ടിലെ ചെറിയ മാറ്റങ്ങളിലേക്കൊന്നും എന്റെ മനസ്സ് ഇടം നൽകിയില്ല. ഗൾഫുകാരന്റെ വരവ് വീട്ടുകാർ ആഘോഷമാക്കിയെങ്കിലും എന്നെ ചുറ്റും മടുപ്പിച്ചു, അഷ്‌റഫ്‌ക്കയും സൈനത്തയും വന്നിരുന്നു, ആമിനാനെ ഞാൻ തിരക്കിയെങ്കിലും കണ്ടില്ല, പോകുമ്പോ അഷ്‌റഫ്‌ക്ക എന്നെ കെട്ടിപിടിച്ചു, എന്റെ നെഞ്ചിടിപ്പ് അദ്ദേഹം മനസ്സിലാക്കിയോ ആവോ!!
ആ പന്തലിൽ ഞാൻ കയറി ചെല്ലുമ്പോൾ എനിക്ക് ഏറെ പ്രിയപ്പെട്ടവർ എല്ലാം അവിടെ കൂടിയിട്ടുണ്ട്, നാട്ടിലെ കല്യാണമല്ലേ... പെട്ടെന്നാണ് പുറത്ത് ഒരു കൊട്ട് വീണത്, അബ്ദു ആയിരുന്നു, "ഉമ്മ പറഞ്ഞത് നിന്നെ മുടിയൊക്കെ വെട്ടാൻ പറഞ്ഞു വിട്ടേക്കാണ് എന്നാണല്ലോ, എന്നിട്ട് നീ ഇവിടെ നിക്കാണോ? കല്യാണചെക്കനെ ഒരുക്കുന്ന റോൾ കരീംക്ക എന്നെയാ ഏൽപ്പിച്ചത്, നീ ഇങ്ങു വന്നേ " ഒരു നിമിഷം ഞാൻ അവനെ ഒന്ന് ഞെട്ടലോടെ നോക്കി... അവൻ ചിരിച്ചു കൊണ്ടൊരു ബോർഡ് കാണിച്ചു, ABU WEDS AMINA. എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാകണം അവൻ പറഞ്ഞു, "ഒക്കെ നിന്റെ ഉമ്മാന്റെ പ്ലാൻ ആണെടോ...."
ഞാൻ ആ ആൾകൂട്ടത്തിൽ ഉമ്മാനെ തിരഞ്ഞു നടന്നു, സൈനത്തയോട് സംസാരിക്കുന്ന ഉമ്മയെ ഞാൻ പിറകിൽ ചെന്ന് കെട്ടിപിടിച്ചു, കാര്യം മനസ്സിലാക്കിയ ഉമ്മ എന്നേയും കൂട്ടി ഒരു റൂമിൽ കയറി, എനിക്ക് എന്റെ പഴയ പേഴ്‌സ് നീട്ടി, പോകുമ്പോൾ ഞാൻ വീട്ടിൽ നിന്ന് എടുക്കാൻ മറന്ന എന്റെ പേഴ്‌സ്, ഗൾഫിലേക്ക് എടുക്കാൻ മറന്ന ആ നിമിഷത്തെ ഞാൻ എത്ര ശപിച്ചിട്ടുണ്ടെന്ന് അറിയോ, അതിൽ ഉപ്പന്റെയും ഉമ്മന്റേയും ഫോട്ടോയ്ക്ക് പിന്നിൽ ഞാൻ ഒളിപ്പിച്ചു വെച്ച ആമിനന്റെ ഫോട്ടോ എനിക്കെടുത്ത് തന്ന് ഉമ്മ ആ റൂമിൽ നിന്ന് ഇറങ്ങി...
സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു... ആ റൂമിലേക്ക് ആമിന കടന്നു വന്നു... അവൾക്ക് ഇഷ്ടായിരിക്കില്ലേ എന്ന എന്റെ ചിന്തക്ക് മറുപടിയെന്നോണം അവളെന്നെ പറഞ്ഞു തുടങ്ങി, " ഇങ്ങൾ പോകുന്നതിന് മുമ്പ് എനിക്ക് പറയണം എന്നുണ്ടായിരുന്നു, പക്ഷെ ഇങ്ങൾക്ക് ഇന്നേ ഇഷ്ടായില്ലെങ്കിലോ എന്ന് പേടിച്ചു ഞാൻ... ഇൻക്ക് ഇങ്ങളെ വീടും ഉപ്പയും ഉമ്മയും ഒക്കെ ഇഷ്ടാണ്... പിന്നേ... അതിലേറെ ഇങ്ങളേയും... ഉമ്മ വീട്ടിൽ വന്നു സംസാരിക്കുമെന്ന് ഞാൻ കരുതീല്ല... ഇപ്പോഴും ഇങ്ങൾക്ക് ഇന്നേ ഇഷ്ടായിരിക്കോ എന്നെനിക്ക് പേടിയുണ്ട്..."
എനിക്ക് ആ നിമിഷം ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു... ഞാൻ അവളുടെ കൈപിടിച്ച് മുട്ടുകുത്തിയിരുന്നു കരഞ്ഞു... എന്റെ കരച്ചിൽ കണ്ടാകണം അവളും കരയാൻ തുടങ്ങി... എളാപ്പ പെട്ടെന്ന് ടിക്കറ്റ് ഒപ്പിച്ചതും ഉപ്പ ലീവ് നീട്ടാൻ പറഞ്ഞതും അഷ്‌റഫ്‌ക്ക വീട്ടിൽ വന്നപ്പോൾ കെട്ടിപിടിച്ചതുമൊക്കെ ഒരു നിമിഷം കഥപോലെ എന്നിലൂടെ മിന്നി മറഞ്ഞു... പടച്ചോൻ ചിലപ്പോ അങ്ങനെയാണ്, നമ്മളെ ഇഷ്ടങ്ങളെ നമ്മൾ അറിയാതെ തന്നെ നടത്തി തരും, പടച്ചോനെ ഇങ്ങളെ ഇൻക്ക് ഇഷ്ടാവുന്നുണ്ട് ട്ടോ... ആരിലൊക്കെയോ ഞാൻ ഇങ്ങളെ കാണുന്നുണ്ട് ഇന്ന്...
Comments
Post a Comment