കുട്ടിക്കാലത്ത് ഹീറോ പെൻ ഉപയോഗിക്കാൻ ആഗ്രഹിച്ചവരല്ലേ നമ്മൾ!!
നാലാം ക്ലാസ്സിൽ ആയിരുന്നു, ഞാൻ ആദ്യമായി ഒരു ഹീറോ പെൻ വാങ്ങിക്കുന്നത്, അന്ന് അതിന് 25 രൂപയുണ്ടായിരുന്നു, ഈ സർട്ടിഫിക്കറ്റുകളിലൊക്കെയുള്ള നല്ല ഭംഗിയുള്ള എഴുതും കൈയ്യക്ഷരവും അതുകൊണ്ട് എഴുതിയതാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമായിരുന്നു അന്ന്. അതിൽ മഷിയും നിറച്ചു നല്ല എഴുത്ത് വരും എന്ന് പ്രതീക്ഷിച്ചാണ് വാങ്ങിയത്...
ഹീറോ പേനയോടൊപ്പം ഞാനൊരു മാഷികുപ്പിയും വാങ്ങിച്ചു, ക്ലാസ്സിൽ ചെന്ന് അതും ഫിൽ ചെയ്ത്, എഴുതാൻ നോക്കി. പോരാ... വിചാരിച്ച സുഖം ഒന്നുമില്ല, ഒരു പരുക്കൻ, തുടക്കത്തിന്റെ ആവും എന്ന് കരുതി പിന്നേയും എഴുതി, പക്ഷെ സാധാ പേനയിൽ എഴുതുന്ന വൃത്തി പോലും ഇതിനുണ്ടായില്ല, വീണ്ടും എന്റെ പ്രതീക്ഷകളെ തെറ്റിച്ചു.... ഒപ്പം ഉള്ളവരെല്ലാം പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആ പേനയിലേക്ക് നോക്കുന്നുണ്ടായിരുന്നു...
എങ്കിലും ആ ഗമയിൽ തന്നെ ഞാനിരുന്നു, അന്നേ ദിവസം തന്നെ പോക്കറ്റിലിരുന്ന ആ പേന ലീക്കായി, പോക്കറ്റ് നിറയെ മഷിയും... അതെടുത്തതും കൈ മുഴുവൻ മഷി പടർന്നു, ഒരു നിമിഷം ഞാൻ ആ പേന വലിച്ചെറിഞ്ഞു, അതു വരെ ഉണ്ടായിരുന്ന ഒരു ഇഷ്ടത്തെ എന്റെ ആഗ്രഹത്തെ കുറഞ്ഞ സമയം കൊണ്ട് എന്നിൽ നിന്ന് നഷ്ടമായി... എന്റെ സങ്കൽപ്പങ്ങൾക്ക്, പ്രതീക്ഷകൾക്ക് നിറം പകരാൻ ഹീറോ പേനയ്ക്ക് ആയില്ല...
ജീവിതത്തിലും ചില ഹീറോ പേനകൾ ഉണ്ടാകാം, ഒരുപാട് ആശിച്ചു നേടുന്നവ, നമ്മളെ സ്വന്തമാക്കും വരെ മനോഹരമെന്ന് കരുതുന്നവ, മറ്റുള്ളവരിൽ കാണുമ്പോൾ നമുക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നവ, നേടി കഴിയുമ്പോളാണ് നമ്മളറിയുക കൈയ്യിൽ ഉണ്ടായിരുന്ന സാധാ പേനയ്ക്ക് വളരെ ഭംഗിയേറെയാണ് എന്ന്, നമ്മളത് തിരിച്ചറിയാത്തത് കൊണ്ടാണെന്നു...
Comments
Post a Comment