കുഞ്ഞുടുപ്പ്


കടയിലെ അടുക്കി വെച്ച വസ്ത്രങ്ങൾക്കിടയിൽ നിന്ന് അവരെന്നെ നിനക്കായി തിരഞ്ഞെടുത്തു, നിന്നെ കാണും മുമ്പേ അറിയും മുമ്പേ അവർ നിനക്ക് കരുതി വെച്ചത്...

വീട്ടിൽ എത്തിയിട്ടും അവരെന്നെ ആവേശത്തോടെയാണ് എന്നെ എല്ലാവർക്കും കാണിച്ചത്, എന്റെ സ്റ്റിച്ചിങ്ങിലൂടെയെല്ലാം അവർ കൈയ്യോടിക്കുന്നുണ്ടായിരുന്നു, നിന്നെ ഒരു തരത്തിലും ഞാൻ വേദനിപ്പിക്കില്ലല്ലോ എന്ന് അവർ ഉറപ്പ് വരുത്തിയതായിരുന്നു....


അവർ നിനക്കെന്ന പോലെ എനിക്ക് എത്രയെത്ര ചുംബനങ്ങൾ നൽകിയിട്ടുണ്ടെന്നറിയോ... ചില രാത്രികളിൽ അവരെന്നെ ചേർത്ത് കിടത്തും എന്നിട്ടെന്നെ തലോടും, കഥകൾ പറയും താരാട്ട് പാടി തരും, ഉറങ്ങിക്കോ എന്ന് പറയും, വീണ്ടും വീണ്ടും ചേർത്ത് ഉമ്മ വെക്കും...

വയറിൽ തലോടി കൊണ്ട് ഇടക്ക് പറയും, മോന് ഇങ് വായോ ഉമ്മ ഇവിടെ കാത്തിരിപ്പാണ്...


ഉറക്കം കിട്ടാത്ത മിക്ക രാത്രകളിലും ഞാൻ നിന്റെ ഉമ്മയുടെ സ്നേഹം അറിയാറുണ്ടായിരുന്നു, എനിക്കറിയില്ല നിനക്കതെങ്ങനെ പറഞ്ഞു തരണമെന്ന്.... ഒരു ആയുഷ് കാലം മുഴുവൻ നിനക്ക് നൽകാൻ വെച്ച സ്നേഹം അവരെന്നിൽ പകർന്നിട്ടാണ് പോയത്...

നീയോ ഉമ്മയോ മാത്രമേ ജീവനോടെ ഉണ്ടാകൂ എന്ന് ഡോക്ടർ പറഞ്ഞ രാത്രി പോലും ഒരു ഭ്രാന്തിയെപ്പോലെ എന്നെ തലോടി കൊണ്ട്, ഉമ്മാക്ക് നിന്നെ വേണം എന്ന് അവർ പറയുന്നുണ്ടായിരുന്നു...

Comments

Popular Posts