മുമ്പോട്ടൊന്ന് കയറി വരാമോ?
നിങ്ങൾക്കറിയാലോ സ്റ്റുഡന്റസ് പാസ്സിൽ കയറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ തിക്കിയും തിരക്കിയുമാണ് ഓരോരുത്തരും ബസ്സിൽ കയറി കൂടുന്നത്. അങ്ങനെ കോളേജിലെ ഒരു ദിവസം വൈകുന്നേരം ബസ്സിൽ കുറച്ചു മൽപിടുത്തതിനിടയിൽ ഞങ്ങളും ബസ്സിൽ സ്ഥാനം ഉറപ്പിച്ചു... നല്ല തിരക്കായിരുന്നു എന്നു തന്നെ പറയാം... ഒടുക്കത്തെ ചൂടും, അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നത്...
സ്‌ക്രീനിൽ തെളിഞ്ഞത് ക്ലാസ്സിലെ പരിചിത മുഖമായത് കൊണ്ട് ഇവൾക്ക് കയറാൻ പറ്റിയില്ലേ എന്ന് ഞാൻ ആലോചിച്ചു, ഹലോ എന്ന എന്റെ സംസാരത്തിന് പുല്ലു വിലകൽപ്പിച്ചു കൊണ്ട് കുറച്ചു മുമ്പോട്ടേക്ക് കയറി വരാൻ പറ്റുമോ എന്ന് ചോദിച്ചു, ആഹ് എന്ന് പറഞ്ഞു, ആ തിരക്കിലൂടെ ഞാൻ അവളെ ഒന്ന് നോക്കി... പ്രതീക്ഷയുടെ ഒരു നോട്ടം അവൾക്ക് ഒപ്പം ഉള്ളവരും നോക്കുന്നുണ്ടായിരുന്നു...
ഞാൻ ഒപ്പം ഉള്ളവനേയും കൂട്ടി മുന്നോട്ട് നീങ്ങി, ചിലരൊക്കെ പിശുപിശുക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും ഞങ്ങൾ അതൊന്നും കാര്യമാക്കിയില്ല, മുമ്പോട്ട് തന്നെ കയറി നിന്നു, അവർ ആണുങ്ങളോട് ചേർന്നുള്ളൊരു ഇടത്തായിരുന്നു സ്ഥലം കിട്ടിയത് അവരുടെ അടുത്തുള്ള ഒരാളെ മാറ്റി കൊണ്ട് ഞങ്ങൾ അവിടെ സ്ഥാനം ഉറപ്പിച്ചു, "സെക്കന്റ് പിരിയഡ് നിങ്ങൾ എങ്ങോട്ടാ പോയിരുന്നേ..?" എന്ന അനാവശ്യ ചോദ്യം എന്നെ കുഴപ്പത്തിലാക്കി.
കാരണം രണ്ട് പിരിയഡ് ഒരുമിച്ച് അസ്സിഗ്ന്മെന്റ് എഴുതിയവരാണ് ഞങ്ങൾ, പിന്നേയും പ്രസക്തമല്ലാത്ത ചോദ്യം കേട്ടപ്പോൾ കാര്യം ഊഹിക്കാമായിരുന്നു, അനാവശ്യ ചർച്ചകൾ ഞങ്ങൾ നടത്തി, ഇതിനിടക്ക് ഒപ്പം ഉണ്ടായിരുന്നവൻ എന്നെ നോക്കി, ഞാൻ ഒന്നുമില്ലെന്ന് കണ്ണ് കൊണ്ട് കാണിച്ചു , കാര്യം മനസ്സിലായി എന്നോണം അവനും അവിടെ തന്നെ നിന്നു. ഞങ്ങളുടെ സംസാരത്തിലേക്ക് ഒപ്പം ഉള്ളവർ പിന്നിൽ നിന്ന് ഇറങ്ങി വന്നു....
പതിയെ അവിടെ ഉണ്ടായിരുന്ന ആളെ ഞങ്ങൾ പിന്നിലേക്കാക്കി, പിന്നീടെപ്പോഴോ അയാൾ ഇറങ്ങിയിരുന്നു, ഞങ്ങൾക്ക് ലാസ്റ്റ് സ്റ്റോപ്പ് ആണ്, അവിടെ ഇറങ്ങുമ്പോൾ അവൾ വന്നൊരു താങ്ക്സ് പറഞ്ഞു, ഞങ്ങൾ ചിരിച്ചു... ചിലതൊക്കെ അത്രെയേ ഉള്ളൂ, കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരുപാട് കാര്യം പറയാം, സാഹചര്യങ്ങൾ കൊണ്ട് അടുത്തുള്ളവനെ അറിയാനും ഒപ്പം നിർത്താനും നമുക്ക് കഴിയേണ്ടതുണ്ട്, ആ താങ്ക്സിന് ഇന്നും മധുരമാണ്...
Comments
Post a Comment