സൈക്കിൾ


പ്രകാശം പരത്തികൊണ്ട് ഷട്ടറുകൾ തുറന്നപ്പോൾ എന്നത്തേയും പോലെ ആ ദിവസവും കടന്നു പോകുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു കാഴ്ച വസ്തുവായി ഇന്നും ഞാൻ മാറുമെന്ന്... മാസം ഒന്നായി ഒരേ കാഴ്ച കണ്ട് ഞാനിങ്ങനെ ഈ കടയിൽ കിടക്കുന്നു. എനിക്ക് മുന്നിലൊരു ഓട്ടോ വന്നു നിറുത്തി, അതിൽ നിന്നും ഒരു കൊച്ചു പയ്യനും അവന്റെ അമ്മയും ഇറങ്ങി വരുന്നത് കണ്ടു, ഇറങ്ങിയപ്പോൾ മുതൽ അവൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...

അവൻ കട മുഴുവൻ ചുറ്റികറങ്ങി അവസാനം എന്റെ അടുക്കൽ തന്നെ വന്നു നിന്നു, ഇതു മതിയമ്മേ എന്ന് പറഞ്ഞു, അവർ എന്നേയും പൊക്കിയെടുത്തു പുറത്തേക്ക് വെച്ചു... അവനൊരു പൈസകുറ്റിയും കൊണ്ടാണ് വന്നത് അത് പൊട്ടിച്ചു അതിലെ പൈസ എണ്ണി നോക്കിയപ്പോഴും അവന്റെ കണ്ണ് എന്റെ മേൽ മാത്രമായിരുന്നു, അവന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു... അവരെന്നെ ആ ഓട്ടോയിൽ വീട്ടിലേക്ക് കൊണ്ടു പോയി...

നാല് ചക്രമായിരുന്നു എനിക്ക്, ചവിട്ടാൻ പ്രയാസപ്പെട്ട അവനെ അമ്മ പ്രോത്സാഹിപ്പിച്ചു, ആദ്യ ദിവസങ്ങളിൽ എന്നിൽ ഒരു പൊടിയോ ചളിത്തെറിച്ചതോ കണ്ടാൽ അവൻ അപ്പോൾ തന്നെ എന്നെ ഒന്ന് കുളിപ്പിക്കും, എന്നെ അസൂയയോടെ നോക്കുന്ന അവന്റെ കൂട്ടുകാർക്ക് മുന്നിലൂടെ അവൻ എന്നെ പറപ്പിച്ചു എന്ന് വേണം പറയാൻ... അധികം വൈകാതെ നാല് ചക്രത്തിൽ നിന്ന് മൂന്ന് ചക്രത്തിലേക്കും പിന്നെ രണ്ട് ചക്രത്തിലേക്കും മാറി...

ആദ്യമായി വീണപ്പോൾ അവന് ഒന്നും പറ്റല്ലേ എന്ന് ഞാൻ ആശിച്ചു, എനിക്കൊന്നും പറ്റല്ലേ എന്ന് അവനും ആശിച്ചിട്ടുണ്ടാകും, ഞാൻ പതിയെ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു... പിന്നെ പിന്നെ അവൻ പരുക്കൻ ഉപയോഗങ്ങളായി, കൈവിട്ടും മുമ്പ് പൊക്കിയും അവൻ സഹസികതകൾ തീർത്തു, പിന്നെ പിന്നെ അവൻ എനിക്ക് നൽകിയിരുന്നു സമയം കുറഞ്ഞു വന്നു, സ്കൂൾ വിട്ടാൽ എന്റെ അടുത്തേക്ക് ഓടി വന്നവൻ എന്നെ നോക്കാതെയായി...

ഞാൻ പഞ്ചറായി, ഭാഗങ്ങൾ ഓരോന്ന് തുരുമ്പിച്ചു തുടങ്ങി, വീട്ടിലെ കാർപോർച്ചിൽ നിന്നും വിറകുപുരയിലേക്ക് എന്നെ മാറ്റി, ഇപ്പൊ ഞാൻ അവനെ കാണാറു പോലുമില്ല, പിന്നെയൊരു ദിവസം, അവരെന്നെ ആക്രി കടക്കാരന് വിറ്റു, എനിക്ക് സങ്കടം വന്നു, കരഞ്ഞു കരഞ്ഞു ഞാൻ അവിടെയെത്തി, അവിടെ എന്നെ പോലെ ഒരുപാട് സൈക്കിളുകൾ ഉണ്ടായിരുന്നു, ആരുടേയും കഥകൾ മറ്റൊന്നായിരുന്നില്ല... ഓരോ ദിവസവും അവർ ഒന്നോ രണ്ടോ സൈക്കിൾ കൊണ്ടു പോയി മുറിച്ചു കഷ്ണങ്ങളാക്കും...

ഞാൻ ഓരോ ദിവസവും എന്റെ ഊഴം കാത്തു കിടന്നു, അങ്ങനെ ഒരു ദിവസം ഞാൻ വീണ്ടും രണ്ടു കണ്ണുകളെ കണ്ടു അവന്റെ കണ്ണിൽ ഞാൻ കണ്ടിരുന്ന തിളക്കമുള്ള രണ്ടു കണ്ണുകളെ, അവർ എനിക്ക് നേരെ ചൂണ്ടി, അയാൾക്ക് കീശയിൽ നിന്ന് പൈസ എടുത്തു കൊടുത്തു, വീട്ടിൽ കൊണ്ടു പോയി ഒന്ന് കഴുകി, എന്റെ ഭാഗങ്ങൾ മാറ്റി, എന്നെ ഓടിക്കാൻ പാകത്തിനാക്കി, പിന്നെ എന്നെ പെയിന്റടിച്ചു സുന്ദര കുട്ടപ്പനാക്കി..!! എനിക്കേറെ സന്തോഷം തോന്നിയെങ്കിലും, ഒരു ദിവസം ഇവനും എന്നെ മടുക്കുമല്ലോ എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു, അല്ലെങ്കിലും ഒരു സമയാത്തിനപ്പുറത്തേക്ക് മടുക്കാത്തതായി എന്താനുള്ളത്!?

Comments

Popular Posts