നൂറ


വീടിനടുത്തു സ്കൂളും ട്യൂഷൻസെന്ററും ഒക്കെയുള്ളവരായിരിക്കും എപ്പോഴും ക്ലാസ്സിൽ നേരം വൈകി എത്താറുള്ളത്, അങ്ങനെ നേരം വൈകിയൊരു ദിവസം ട്യൂഷൻ സെന്ററിലേക്ക് ഞാൻ ഓടി കയറി ചെന്നു പെട്ടത് വടിയും പിടിച്ചിരിക്കുന്ന സാറിന്റെ മുമ്പിലേക്കാണ്, "സാറെ രണ്ട് മിനിറ്റ് ആയിട്ടുള്ളൂ...", രണ്ടു മിനിട്ടാണോടാ 7:10 എന്ന് സാറും ചോദിച്ചു ചിരിച്ചു. ഞങ്ങളിലെ സൗഹൃദത്തെ പുതുക്കി കൊണ്ട് ഞാനും അടിയിൽ നിന്ന് escape ആയി.

ഓടി തിരിഞ്ഞതും അടുത്തുള്ള ഒഴിഞ്ഞ ക്ലാസ്സിലെ വാതിലിൽ ചാരി നിൽക്കുന്ന ആൾക്കൊരു പുഞ്ചിരി സമ്മാനിച്ചു ഓടി, അടുത്തതെന്റെ ക്ലാസ്സാണ്... പെട്ടെന്ന് ക്ലാസ്സിലേക്ക് കയറും മുമ്പ് ഞാനൊന്ന് നിന്നു, അവസാനം കണ്ടത് ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ്... ഞാൻ വീണ്ടും അവളെ നോക്കി, അവൾ എന്നേയും നോക്കുന്നുണ്ട്, എന്റെ സ്കൂൾ എന്റെ യൂണിഫോം, ഞാൻ വീണ്ടും ഒന്ന് ചിരിച്ചു ക്ലാസ്സിൽ കയറി... ആരായിരിക്കും എന്നതിനപ്പുറം എന്റെ നെഞ്ചിലാകെ പറഞ്ഞറിയിക്കാനാവാത്ത എന്തോ സംഭവിക്കുന്നുണ്ടായിരുന്നു....

അവൾ എന്റെ ക്ലാസ്സിലേക്ക് കയറി വരുന്നത് കണ്ടു, പിന്നാലെ സാറും... ഹിസ്റ്ററി ആയിരുന്നു വിഷയം, സാറിനൊരു പ്രത്യേക പഠന രീതിയാണ്, സ്കൂളിൽ നിന്ന് പഠിപ്പിക്കുന്നത് മാറി ബുക്കിലുള്ള എല്ലാ കാര്യങ്ങളെയും വർഷാടിസ്ഥാനത്തിൽ ആക്കും, എന്നിട്ട് അതൊക്കെ പരസ്പരം ബന്ധിപ്പിച്ചു ഒരു കഥ പോലെയാണ് പഠിപ്പിക്കുക. കഥകൾ നമ്മൾ ഓർമകളിൽ സൂക്ഷിക്കുമല്ലോ...!! അങ്ങനെ അന്ന് ഞങ്ങൾക്ക് പാഠത്തിനെ ഒരു 25 പോയിന്റുകൾ ആക്കി തന്നു പഠിക്കാൻ പറഞ്ഞു...

ഞാനപ്പോഴും എനിക്കേറ്റ ത്രില്ലിൽ ആയിരുന്നു, ഏതോ സിനിമയിൽ പറഞ്ഞ പോലെ അടിവയറ്റിൽ മഞ്ഞുരുകുന്ന പോലൊരു ഫീൽ... കിട്ടിയ ആവേശത്തിൽ ഞാൻ ആ 25 പോയിന്റുകളും നിമിഷനേരം കൊണ്ട് പറഞ്ഞു കൊടുത്തു കൈയ്യടി വാങ്ങിച്ചു, അന്ന് അവൾ പുതിയ അഡ്മിഷൻ ആയതിനാൽ സാർ അവളെ കൊണ്ട് ഇടക്കിടക്ക് ചോദിച്ചു പരിശ്രമിക്കാൻ പറയുന്നുണ്ടായിരുന്നു... എന്റെ കണ്ണുകളും മനസ്സും എന്റെ കൺട്രോളിൽ അല്ലെന്ന് തോന്നിപോയി... ഇതായിരിക്കും പ്രണയം, ഇങ്ങനെയാവും അതിന്റെ സൗന്ദര്യമെന്ന് ഞാൻ വിശ്വസിച്ചു തുടങ്ങി....

സ്കൂളിൽ എത്തിയപ്പോളാണ് ഞാൻ അവളെ ക്ലാസ്സ്‌ നോക്കുന്നത്, അവരുടെ ക്ലാസ്സ്‌ വേറെ ബ്ലോക്കിൽ ആയിരുന്നു എന്നത് കൊണ്ടാണ് ഞാൻ കാണാതിരുന്നത്... അന്നേ ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് എനിക്കറിയില്ല. പിറ്റേ ദിവസം ട്യൂഷനിലേക്ക് അവളെയും പ്രതീക്ഷിച്ചു ഞാൻ ചെന്നെങ്കിലും അവളെ കണ്ടില്ല, തുടർന്നുള്ള ദിവസങ്ങളിലും, പിന്നെയാണ് ഞാൻ അറിഞ്ഞത് ട്യൂഷൻ മാറിയെന്നു... പക്ഷെ എന്റെയുള്ളിൽ അവൾ പാകിയ മാജികിന് പിന്തുടർന്നു...

ഞാനെഴുതി വെച്ച പ്രേമലേഖനം, ടീച്ചറെ കാണാൻ പോയപ്പോൾ സ്റ്റാഫ്‌ റൂമിൽ വെച്ച് കൊടുത്തതും ഞാനിന്നും ഓർക്കുന്നു, അവളുടെ സമ്മതം ഒരു പുഞ്ചിരിയിലൂടെ അറിയിച്ചതും വേറിട്ട അനുഭവമായിരുന്നു, പക്ഷെ ഏറെ കാലത്തേക്ക് എന്നിൽ ആ മാജിക്‌ നിലനിന്നില്ല, പിന്നെയാണ് അത് പ്രണയമല്ല, എനിക്ക് അവളിൽ തോന്നിയൊരു attraction മാത്രമാണെന്ന് ഞാൻ തിരിച്ചറിയുന്നത്....

ആദ്യ പ്രണയം പോലെ തന്നെയാണ്, ആദ്യമായിട്ട് ഇഷ്ടം തോന്നുന്ന മനുഷ്യനേയും അത്ര പെട്ടെന്നൊന്നും മറവിക്ക് കട്ടെടുക്കാനാവില്ല. ഓർക്കുമ്പോൾ ചേർന്ന് നിൽക്കുന്ന മനുഷ്യരെ പോലെ തന്നെ ഓർമകളിൽ ഭംഗി പകരുന്ന ചില മനുഷ്യരും ഉണ്ടാകും. കാലങ്ങൾക്കിപ്പുറം ഒരു ചിരിയോടെ നമുക്ക് അവരെ ഓർക്കാനാവുമെങ്കിൽ അവരേക്കാൾ മനോഹരമായി ഈ ലോകത്ത് ആരാണുള്ളത്...

നൂറ....!!

Comments

Popular Posts