നിങ്ങളെ പരിചരിച്ച ഏതെങ്കിലും നേഴ്സിനെ നിങ്ങൾ ഓർക്കാറുണ്ടോ!?


രാവിലെ ഉണരുന്നത് തന്നെ ഇന്നലത്തെ അമ്മയുടെ ഫോൺ വിളികളെ ഓർമപ്പെടുത്തി കൊണ്ടാണ്... അഞ്ചാറു മിസ്സ്ഡ് കാളുകൾ ഉണ്ടായിരുന്നു ഫോണിൽ, പലിശ അടക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്... എന്നെ പഠിപ്പിക്കാനും മറ്റുമായി എടുത്ത ലോണുകളാണ്, രക്ഷപെടും എന്ന് പാവം അന്ന് കരുതിയിരുന്നു... ചിന്തകളെ കാട് കയറ്റാതെ ഞാൻ പരിഹാരങ്ങളെ തേടി, ഷീബയോട് കുറച്ചു പൈസ ചോദിച്ചിട്ടുണ്ട്, അവൾ കല്യാണത്തിന് മാറ്റിവെച്ചതാണ്...

സമയം ആകുമ്പോൾ തിരിച്ചു കൊടുക്കണം, അന്നത്തേക്ക് എവിടെ നിന്നെങ്കിലും ഒപ്പിക്കാം എന്ന് കരുതുന്നുണ്ട്.... ഹോസ്പിറ്റലിലേക് ഓടി തുടങ്ങാൻ സമയമായത് കൊണ്ട് ഞാൻ റെഡിയായി... ഹോസ്പിറ്റലിൽ എത്തിയാൽ പിന്നെ ഒക്കെ മടുപ്പിക്കുന്ന സ്ഥിരം കാഴ്ചകളാണ്... ചോര തുപ്പുന്നവർ, ഛർദിക്കുന്നവർ, ആക്സിഡന്റ്റുകൾ, രോഗികളുടെ ദേഷ്യപെടലുകൾ, ഡോക്ടർമാരുടെ വക വേറെയും, എത്ര ചെയ്താലും മതിയാകാത്ത പോലെ....

ഇടക്കൊക്കെ ഇട്ടെറിഞ്ഞു ഓടിയാലോ എന്ന് തോന്നും, പക്ഷെ പറ്റില്ല ഞാൻ ഒരുപാട് ബന്ധനങ്ങൾക്ക് നടുവിലാണ്, അതിലുപരി ഇത് ഞാൻ ആശിച്ചു നേടിയ ജോലിയാണ്... എത്രയൊക്കെ പറഞ്ഞാലും ചിലരുടെ മുഖത്തു വരാറുള്ള ചിരി, കരഞ്ഞു കൊണ്ടും അസ്വസ്ഥത കൊണ്ടും വന്നവർ രോഗ ശമനം വന്ന് ഒരു പുഞ്ചിരി പോലും സമ്മാനിക്കാതെയാണ് പോകുന്നതെങ്കിലും ആ പോക്കുകളും സന്തോഷം പകരാറുണ്ട്...

ചിലരൊക്കെ പരിജയപെടാറുണ്ട്, പിന്നീട് അവരൊക്കെ എന്നെ ഓർക്കാറുണ്ടാകുമോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുമുണ്ട്... അഡ്മിറ്റ്‌ ആയവർ പോകുമ്പോൾ വീണ്ടും കാണാം എന്ന് പറയാൻ പറ്റിയ സ്ഥലമല്ലല്ലോ ഹോസ്പിറ്റൽ, അതുകൊണ്ട് ആരോഗ്യം നോക്കണം കേട്ടോ എന്നും പറഞ്ഞു ഒരു ചിരി മാത്രം സമ്മാനിക്കും.... എന്നാലും ചില നിമിഷങ്ങളുണ്ടാകാറുണ്ട് പിരിയഡ്‌സും മറ്റു ചില പ്രശ്നങ്ങളും നമ്മളെ അലട്ടുമ്പോൾ ഏതേലും കാര്യങ്ങൾ പറഞ്ഞു നമ്മളോട് തർക്കിക്കുന്നവർ...

ഇടക്കൊക്കെ കൈവിട്ടുപോകാറുണ്ട്, പിന്നീട് ആലോചിക്കുമ്പോൾ അവരുടെ അവസ്ഥ നമ്മൾക്കും നമ്മുടെ അവസ്ഥ അവർക്കും അറിയില്ലലോ... പിന്നെ അതൊക്കെ ശീലമായി, ഓടിയോടി നാല് മണിക്ക് വരെ ഭക്ഷണം കഴിക്കുക എന്നത് ഒട്ടും പുതുമയല്ലാത്ത കാര്യമായി മാറി, ഒടുക്കം ഹോസ്റ്റലിൽ വന്ന് കിടക്കുമ്പോൾ ഉറക്കം കെടുത്തുന്ന ഒരു ലോഡ് പ്രാരാപ്തങ്ങളോട് മല്ലടിച്ചു എന്റെ ക്ഷീണം വിജയം കൊള്ളും...

ഇന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വാട്സ്ആപ്പ് ഒന്ന് തുറന്നു നോക്കി, നിറയെ നേഴ്സ് നേഴ്സ് എന്ന് പറഞ്ഞുള്ള പോസ്റ്റുകളും സ്റ്റാറ്റസുകളുമാണ്, അപ്പോഴാണ് ഞാൻ ഇന്ന് നേഴ്സ് ദിനമാണെന്ന് അറിയുന്നത്, ഞാൻ അത് ക്ലോസ് ചെയ്തു കിടന്നുറങ്ങി, നാളെ നേരത്തെ എണീക്കാനുള്ളതാണ്, കുറേ പ്രത്യേക ഒ.പി കൾ ഉള്ള ദിവസമാണ്...

Comments

Popular Posts