ഒരു പ്രേമലേഖനം


പ്രിയപ്പെട്ടോൾക്ക്...

ദാ, ഈ നിമിഷം പോലും നിന്നോട് എന്തു പറഞ്ഞു തുടങ്ങണമെന്നോ എങ്ങനെ അവസാനിപ്പിക്കനാമെന്നോ എനിക്കറിയില്ല... പ്രണയിക്കപ്പെടാൻ കാരണം വേണം എന്നൊക്കെ വിശ്വസിച്ചിരുന്ന എന്നിൽ നിന്ന് കാരണമറിയാതെ സ്നേഹിക്കപ്പെടുന്ന മാജിക്‌ പഠിപ്പിച്ച അത്ഭുതമായിരുന്നു നീ... എനിക്കിപ്പോഴും ഓർമയുണ്ട് നിന്നെ ആദ്യമായി കണ്ടതും നിന്റെ ചിരിയുമൊക്കെ.... അങ്ങനെ വിടാൻ പറഞ്ഞതാണ് പക്ഷെ മനസ്സിന് പറ്റിയില്ല, എവിടെയോ തട്ടി വീണ പോലെ...

കാരണമോ സ്നേഹത്തിന്റെ അളവുകോലോ നീ എനിക്ക് നേരെ നീട്ടരുത് എന്റെ കൈയ്യിൽ ഉത്തരമില്ല. ഇഷ്ടമാണ്, കാരണങ്ങളില്ലാതെ, അളന്നു തിട്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാത്ത അത്രയും... ഞാൻ ഭയങ്കര പൈങ്കിളിയായി പോകുന്നുണ്ടോ!? എനിക്കറിയില്ല, ഇതെങ്ങനെ അവതരിപ്പിക്കണമെന്ന്... ആദ്യായിട്ടാ.. ഇങ്ങനെ... ഒന്നും പറയാൻ കഴിയാതെ ഒരാളുടെ മുമ്പിൽ പതച്ചു നിൽക്കുന്നത്... ഇതിനെ നിനക്ക് എങ്ങനെ വേണമെങ്കിലും സ്വീകരിക്കാം, തിരസ്കരിക്കാം...

ഈ കാലമത്രയും ഒറ്റക്കായിരുന്നു, അടിപൊളിയായിരുന്നു, ഇനി അങ്ങോട്ടും അതുപോലെ വേണം എന്നുണ്ട്, കൂടെ നീ ഉണ്ടെകിൽ കൂടുതൽ മനോഹരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു... പരിഭ്രമിക്കേണ്ട, തീരുമാനം നിന്റേതാണ്, വഴിയിൽ കാത്തു നിൽക്കില്ല, പിന്നാലെ നടക്കില്ല, തോന്നിയപ്പോൾ ഞാൻ പറഞ്ഞു എന്നു മാത്രം, പിന്നെ ഇതിനെ കുറിച്ച് ദുഃഖിക്കാൻ പാടില്ലല്ലോ!! നിന്റെ തീരുമാനത്തിനായി ഞാൻ കാത്തിരിക്കും, പോസിറ്റീവ് ആകണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ...

പോസിറ്റീവ് എന്ന് പറഞ്ഞാൽ നമ്മൾ ഒരുമിച്ച് ജീവിക്കുന്നതാണ് പോസിറ്റീവ് എങ്കിൽ അതും ഇനി ഇതിങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നതാണ് നിനക്ക് പോസിറ്റീവ് എങ്കിൽ അതും പറയാം, ഞാനെന്നും നിന്റെ ഒപ്പമാണ് നിന്റെ തീരുമാനത്തിന് ഒപ്പമാണ്... ഞാൻ സ്നേഹിച്ചത് അതിനെയും കൂടെയാണ്. മുന്തിരിതോപ്പുകളെ കുറിച്ചെഴുതുന്നില്ല, എന്റെ പ്രണയം ഒരിക്കലും വർണനയല്ല, ജീവിതമാണ്... മറുപടി പ്രതീക്ഷിക്കും...

ഏറെ സ്നേഹത്തോടെ,
ഞാൻ.

Comments

Popular Posts