പരലോകത്തീന്നൊരു പരോൾ!!


എട്ടു കൊല്ലങ്ങൾക്കിപ്പുറം, ഡിസംബർ പത്തിന് എന്നത്തേയും പോലെ ഒരു നറുക്ക് എടുത്ത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് എന്റെ പേര് വീണത് ഞാൻ അറിഞ്ഞത്. ഇവിടെ അങ്ങനെയാണ് എല്ലാ ദിവസവും നറുക്ക് ഉണ്ടാകും, ഒരേ ദിവസം മരിച്ചവരിൽ നിന്നാണ് നറുക്ക്, എന്തിനാണെന്നല്ലേ! ഭൂമിയിലേക്ക് പോയി അവിടെയുള്ളവരെ ഒക്കെയൊന്ന് കണ്ടു മടങ്ങി വരാം... നിത്യവും ഓരോരുത്തർ പോകും ഒരിക്കലേ ഇതിന് അവസരം കിട്ടൂ...

അങ്ങനെ ഇപ്പ്രാവശ്യം ഞാനാണ്..! പ്രണയവും പൊട്ടി ജീവിതത്തിലെ ലക്ഷ്യങ്ങളിലെല്ലാം തകർന്നടിഞ്ഞ ഞാൻ എല്ലാവരോടുമുള്ള വാശിയിലും അവഗണയിലും ആത്മഹത്യ ചെയ്യുകയായിരുന്നു... ഞാൻ മരിക്കുമ്പോഴേ അവർക്കൊക്കെ എന്റെ വില അറിയൂ എന്ന് വിചാരിച്ചിട്ടാണ് ഞാൻ അതിന് മുതിർന്നത്. ഇന്നലെ പോയ ഹസ്സൻകുട്ടി കാക്കാനെ കണ്ടിരുന്നു, നാട്ടിലെ വിശേഷങ്ങൾ ഒക്കെ ഞാനും തിരക്കി. ഒരു വർഷം മുമ്പ് മകളുടെ കല്ല്യാണം കഴിഞ്ഞു, ഒരു കൊച്ചുമകളുണ്ട്, പെൺകുട്ടിയാ, മകൾ ചെറുപ്പത്തിലുള്ളത് പോലെ തന്നെയുണ്ടത്രേ..

ഭാര്യ, ഉമ്മ, ഉപ്പ അനിയനും കുടുംബവും ഒക്കെ സന്തോഷമായി കഴിയുന്നു, കുറച്ചു കൂടെ കാലം ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അദ്ദേഹം വിസ്മരിച്ചു നിർത്തി.... ഇരുപത്തിമൂന്ന് കൊല്ലം....
അതോടെ എനിക്കും നാട്ടിലേക്ക് പോകാൻ ആകാംഷയായി. പിറ്റേ ദിവസം ഞാൻ നാട്ടിലെത്തി, വീട്ടിൽ എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും അനിയത്തിയുമുണ്ട്, അവരുടെ സംസാരങ്ങളിലൊന്നും ഞാനില്ല... എന്റെ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്, വീട് ആകെ മുഷിഞ്ഞിരിക്കുന്നു, അച്ഛനിൽ നരബാധിച്ചിരിക്കുന്നു. അമ്മ പണ്ടത്തെ പോലെയേ അല്ല ആകെ മാറി, ആരോടും മിണ്ടാതെ ആയി...

വീട്ടിലെ ടേബിളിൽ ബാങ്ക് ലോണിന്റെ കുടിശിക തെറ്റിയതിന്റെ നോട്ടീസുണ്ട്. അനിയത്തി അടുത്തൊരു കടയിൽ തയ്യൽ പഠിപ്പിക്കാൻ പോകുന്നുണ്ട്, അച്ഛൻ ഹാർട്ടിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്... അനിയത്തിയും ആകെ വല്ലാതായിരിക്കുന്നു, പണ്ടത്തെ ഏട്ടന്റെ പൊട്ടി ഒന്നും അല്ല, അധികം മിണ്ടാത്ത ഗൗരവകാരി ആയിരിക്കുന്നു..!! എനിക്ക് ഏറെ നേരം അവിടെ നിൽക്കാനായില്ല, ഞാൻ പുറത്തേക്കിറങ്ങി നടന്നു, നാട്ടിലെങ്ങും മാറ്റങ്ങളാണ്, എനിക്കൊപ്പമുള്ളവരൊക്കെ ജീവിതം എത്തി പിടിച്ചു, ചിലരൊക്കെ ഇപ്പോഴും നിർത്താതെ ഓടുന്നുണ്ട്...

അവരുടെ സംസാരങ്ങളിൽ എന്നെ കുറിച്ചോർക്കുന്നു പോലുമില്ല, അവരൊക്കെയും ജീവിതത്തെ വെട്ടിപിടിക്കാൻ ഓടുകയാണ്...
ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു,
"ഞാൻ മരിച്ചാൽ ഈ ലോകം മാറും എന്ന് ഞാൻ കരുതി, മാറ്റങ്ങളുണ്ട് എന്നെ കുറിച്ചുള്ള മാറ്റങ്ങളല്ല, ഞാൻ മുൻവിധികളെ പിഴച്ചു മരിക്കാൻ പാടില്ലായിരുന്നു, ഞാനായിരുന്നു ഈ ലോകത്തെ മാറ്റേണ്ടത്!!"
ഹസ്സൻകുട്ടിക്കയെ ഞനൊന്ന് സ്മരിച്ചു, അദ്ദേഹം പറഞ്ഞത് പോലെ ഞാൻ ഇത്ര പെട്ടെന്ന് മരിക്കാൻ പാടില്ലായിരുന്നു...

Comments

Popular Posts