പൊടികൈകൾ
:നാരായണേട്ടാ, ജാനു ചേച്ചി മരിച്ചിട്ടിപ്പോ എത്രയായി രണ്ടു കൊല്ലമോ?
:രണ്ടര കൊല്ലം ഇരുപത്തിയാറ് ദിവസം...
:ഭയങ്കര കണക്കാണല്ലോ നാരായണേട്ടാ...
:അവളില്ലാത്ത ഓരോ നിമിഷവും എനിക്ക് ഓരോ യുഗം പോലെയാണ് പോകുന്നത്തെടോ...
:നിങ്ങൾ എത്ര വർഷം ഒന്നിച്ചു ജീവിച്ചു?
:നാൽപത്തിയാറ് വർഷങ്ങൾ...
:ലൗ മാര്യേജ് ആയിരുന്നോ?
:അല്ല, പക്ഷെ അവളോളം എന്നെ മനസ്സിലാക്കിയ ഒരാളും ഇല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
:അതെന്താ?
:അല്ലെങ്കിൽ എന്റേയീ മുരടൻ സ്വഭാവത്തിന് ആരാ ഇത്ര കാലം എന്നോടൊപ്പം നിൽക്കുക, രാവിലെ തൊട്ട് വൈകുന്നേരം വരെ ഞങ്ങൾ തർക്കിച്ചു കൊണ്ടാകും രാത്രി ഞാനൊന്ന് ചുമക്കുമ്പോഴേക്കും അവളെന്റെ നെഞ്ചിൽ തടവി തുടങ്ങും... നിനക്കറിയോ, രാത്രിയിൽ പനിച്ചു രാവിലേക്ക് എനിക്ക് അത് സുഖമാവാറുണ്ട്, ഒരു തുണി കഷ്ണം നനച്ചു വെക്കും, ഒപ്പം നെറ്റിയിൽ ഒരു ഉമ്മയും...
:ജാനു ചേച്ചിക്ക് ചെറിയ പൊടികൈകളൊക്കെ അറിയാമായിരുന്നല്ലേ!?
:അവൾ പോയതിൽ പിന്നെ എനിക്ക് പനിക്കാറില്ല, അതിനു ശേഷം വന്ന പനികളോ ഒരു രാത്രി കൊണ്ട് മാറിയിട്ടുമില്ല, സ്നേഹമാണ് അവളുടെ മരുന്നെന്ന് അവൾ പോയതിൽ പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്, അതു തന്നെയാണ് അവളുടെ പൊടികൈയും....
Comments
Post a Comment