അമ്മയുടെ ഓട്ടോഗ്രാഫ്
അമ്മ മരിച്ചു ഏഴാം നാളാണ് അമ്മയുടെ പഴയ പെട്ടിയൊക്കെ ഒന്നെടുത്തു നോക്കുന്നത്. എല്ലാം ഒതുക്കി വെക്കണം, ഇനിപ്പോ ഒന്നും മുഷിപ്പിക്കാതെ എടുത്തു വെക്കാം, ഓർമ്മിക്കാൻ ഇടക്കൊന്നു എടുത്ത് നോക്കാം. എനിക്കെന്റെ അമ്മയെ ഓർക്കാൻ ഇതൊക്കെ വേണോ എന്നായി മനസ്സ്!! വേണ്ട എന്നാലും ഇടക്കൊക്കെ ഒന്നെടുത്തു നോക്കണം. അമ്മയെടുത്തു വെക്കാറുള്ള ഒരു പെട്ടിയിലെ അറയിൽ നിന്നും ഒരു ബുക്ക് കിട്ടി.
എന്റെ കൈയിൽ ഒതുങ്ങുന്ന അതികം വലിപ്പമില്ലാത്തൊരു ബുക്ക്, ഒരു ഫോണിനേക്കാളും കുറച്ചൂടെ വലിപ്പമുണ്ട് അത്രേയുള്ളൂ, എടുത്തു നോക്കിയപ്പോൾ അമ്മയുടെ പഴയ ഓട്ടോഗ്രാഫ് ആണ്. അമ്മ എപ്പോഴും പറയുമായിരുന്നു, "നീ എന്നെ കൊച്ചാക്കൊന്നും വേണ്ട ഞാൻ പണ്ടത്തെ പ്രീ ഡിഗ്രീയാണ്..!!". ഞാൻ ഓരോ പേജും മറിച്ചു തുടങ്ങി, " ഓർക്കുവാൻ നീയെനിക്ക് ഒരുപാട് നാളുകൾ തന്നു, ജീവിതത്തിൽ നീ ഇനിയും കാണാ മറയത്തേക്ക് ഓടി പോകല്ലേ..!!" വിലാസിനി, എനിക്കറിയാം അമ്മയുടെ അടുത്ത കൂട്ടുകാരിയാണ്.
ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട്, പിന്നെ പിന്നെ കുറഞ്ഞു, അമ്മ മരിച്ചപ്പോൾ വിളിച്ചിരുന്നു, അമേരിക്കയിൽ ആയിരുന്നു...
അടുത്ത പേജ് മറിച്ചു, "ഈ കാലമേ കഴിഞ്ഞു പോകല്ലേ എന്ന് ഞാനേറെ ആശിച്ചു, വിടരാത്ത പൂക്കളെ മുത്തിതീർക്കാൻ ഞാൻ ജനിക്കും മുമ്പേ ഈ കാലം എന്നെ വിട്ടകന്നു..!!" ജാൻ, ഞാൻ കേട്ടിട്ടുണ്ട് അമ്മയുടെ കൂടെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുമുണ്ട്, വലിയ എഴുത്തുകാരിയാണ് ഇപ്പോൾ, അമ്മ മരിച്ചതറിഞ്ഞോ ആവോ...
പേജുകൾ പിന്നേയും മറിച്ചു തുടങ്ങി...
"വിദൂരയല്ലല്ലോ നാം, ഓർക്കപ്പുറത്തു ഇന്ന് കൈയെത്തും ദൂരത്തല്ലേ " വിനായകൻ. "ഇനിയൊരു ജന്മമേ നിന്നെ എനിക്ക് തരികയെന്ന് ഞാനും പ്രാർത്ഥിക്കാം, ജീവിച്ചുതുടങ്ങിയല്ലേ ഉള്ളൂ നമ്മൾ " ശാരിക. "പറക്കുക ഇനിയും, ചിറകുവിരിച്ചു പറക്കുക, തളർന്നെന്ന് തോന്നിയാൽ ഞാൻ നിനക്കായൊരു കൂടുവെക്കും, വിശ്രമിച്ചു നിനക്ക് വീണ്ടും പറക്കാൻ, തീർച്ചയായും നിനക്കായി ഇനിയും കൂടുകൾ പണിയാൻ നിന്നോടൊപ്പം ഞാനുമുണ്ടാകും " റാം. അച്ഛൻ!!
അവരുടേതൊരു പക്കാ ലൗ ആൻഡ് വെൽ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു... അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം അച്ഛൻ വീട്ടിൽ പോയി ചോദിച്ചു. അന്ന് അമ്മാമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ അമ്മയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചിരുന്നു, "പൊന്നു പോലെ നോക്കിക്കോളാം" എന്ന് പറഞ്ഞാണ് അച്ഛൻ കെട്ടിയതെന്ന് അമ്മ പറയാറുണ്ടായിരുന്നു... അച്ഛൻ മരിക്കും വരെ... മരിക്കുമ്പോ അമ്മ നല്ലൊരു എന്റെർപ്രേണുറായിരുന്നു, inspiring one!!
അച്ഛൻ അച്ഛന് കഴിയും വിധം അമ്മയെ സപ്പോർട്ട് ചെയ്യുമായിരുന്നു, അവരോട് എനിക്ക് പോലും ഇടക്ക് അസൂയ തോന്നാറുണ്ട്... പെട്ടെന്നുള്ള കാളിങ് ബെൽ കേട്ടാണ് ഞാൻ അതിൽ നിന്നും ഉണർന്നത്. ഞാൻ ആ ഓട്ടോഗ്രാഫ് അവിടെ വെച്ചു നടന്നു. എനിക്കറിയാമായിരുന്നു അമ്മ മരിക്കാത്ത ഹൃദയങ്ങളുടെ ശേഖരമാണ് ഞാൻ കുറച്ചു മുമ്പ് വായിച്ചതെന്ന്...
അമ്മയുടെ ഓട്ടോഗ്രാഫ്...
Comments
Post a Comment