അമ്മക്ക് ഭ്രാന്തായി!!
അച്ഛൻ മരിച്ചു മൂന്നാം നാൾ രാത്രി അമ്മയുടെ മുറിയിൽ നിന്ന് സംസാരങ്ങൾ കേൾക്കാമായിരുന്നു, ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചില്ല തോന്നലാകും എന്ന് കരുതി. പകൽ സമയങ്ങളിൽ സാധാരണ പോലെ നടന്ന അമ്മ രാത്രികളിൽ ആരും കാണാതെ ചിരിക്കുന്നുണ്ടായിരുന്നു... ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് ഒരു ദിവസം ഞാൻ അമ്മയുടെ മുറിയിലേക്ക് ജനലിലൂടെ നോക്കി, ഞെട്ടി!!
പകൽ സമയങ്ങളിൽ വിധവകളെ പോലെ വെള്ള ധരിച്ചിരുന്ന അമ്മ, രാത്രിയിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നു!! കളിയും ചിരിയും ഒക്കെയായി റൂമിൽ ഇരിക്കാൻ തുടങ്ങി, അമ്മ എപ്പോഴും ഒരു ഫോട്ടോ നോക്കി സംസാരിക്കും, അടുത്ത ദിവസം ഞാൻ ആ ഫോട്ടോ നോക്കി അച്ഛനും അമ്മയും ആദ്യമായി എടുത്ത ഫോട്ടോ!!
അഞ്ചു വർഷത്തെ പ്രണയം, പിന്നെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം... അന്നത്തെ ഹിറ്റ് പ്രണയ ജോഡിയായിരുന്നു...
അച്ഛൻ മരിച്ചിട്ടും അമ്മയുടെ പ്രണയം അവസാനിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി പോയി. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അമ്മ സന്തോഷമായിരിക്കട്ടെ. പക്ഷെ, കാര്യങ്ങൾ പിന്നീട് എന്റെ കൈയ്യിൽ നിന്നു പോയി.
അമ്മ പകൽ സമയങ്ങളിൽ അച്ഛന് ഭക്ഷണം വിളമ്പി കാത്തിരിക്കും, വീട്ടിലും പുറത്തുമൊക്കെ അച്ഛനോടെന്ന പോലെ ഒറ്റക്ക് സംസാരിക്കും, അടുത്ത കുടുംബക്കാരും അയൽക്കാരും അമ്മക്ക് ഭ്രാന്താണെന്ന് പറഞ്ഞു തുടങ്ങി, ചിലരൊക്കെ അമ്മയെ ചികിൽസിപ്പിക്കാൻ പറഞ്ഞു, പിന്നെ കുറേ ഉപദേശവും...
ആദ്യമൊക്കെ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, പിന്നെ ആലോചിച്ചപ്പോൾ അത്രയേറെ പ്രിയപ്പെട്ടൊരാൾ പെട്ടെന്നൊരു ദിവസം ഇല്ലാതായാൽ ഭ്രാന്തായി പോകില്ലേ, താങ്ങാവുന്നതിലും അപ്പുറമായിരിക്കണം...
പതിയെ ഞാനും അമ്മയുടെ ഭ്രാന്തിനെ ഇഷ്ടപ്പെട്ടു തുടങ്ങി. അമ്മ സന്തുഷ്ടയാണെങ്കിൽ ഞാനെന്തിന് അതില്ലാതെയാക്കണം!!
Comments
Post a Comment