വെട്ടിയിട്ട വാഴത്തണ്ട്


ഒരിക്കൽ രവിയും കുമാരനും തമ്മിൽ അതിർത്തി തർക്കമുണ്ടായി. തർക്കത്തിനിടെ രവി കൈയൊങ്ങിയതും അത് കുമാരന്റെ അതിർത്തിയിലെ വാഴയിലയിൽ തട്ടി അത് കീറി. ഇതിൽ അരിശം പൂണ്ടു കുമാരനും രവിയുടെ വാഴയില കീറി. അങ്ങനെ തർക്കം കൂടുതൽ വഷളായി... വാഴയില കീറിയതിൽ നിന്നും ഇല വെട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തി...

വൈകാതെ തന്നെ വാഴ വെട്ടുന്നതിലേക്കും തർക്കം മൂർച്ഛിച്ചു. അങ്ങനെ ഇരുവരും തമ്മിൽ അപ്പുറത്തിള്ളവന്റെ വാഴകൾ ഓരോന്നും വെട്ടി തുടങ്ങി... ഒടുവിൽ ദിവസങ്ങൾക്കപ്പുറം അവരുടെ തർക്കം മാറി, സൗഹൃദം വീണ്ടെടുത്തു... ആ ഇടയ്ക്കാണ് രവി പറയുന്നത്, "നാട്ടിലൊക്കെ രാഷ്ട്രീയ കൊലപാതകമാണ്, ഇവർക്കെങ്ങനെയാ ഇതിനൊക്കെ സാധിക്കുന്നത്!!"

"അതെ അതെ, ഒരുത്തൻ അവിടെ വെട്ടുക, അതിനു പ്രതികാരമായി മറ്റവൻ ഇവിടെ വെട്ടുക, ഇവർക്കൊന്നും കണ്ണിൽച്ചോരയില്ലേ!!" കുമാരനും ശരിവെച്ചു. ഇതൊക്കെ കേട്ട് പറമ്പിലെ വെട്ടിയിട്ട വാഴതണ്ടുകൾ അമ്പരന്നു... അവരറിയുന്നില്ലല്ലോ അവർ വലുതായതാണ് ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങളും യുദ്ധങ്ങളുമെന്ന്..!!

Comments

Popular Posts