കുഞ്ഞാമിന


"കുഞ്ഞാമിനാനെ കാണാനാണല്ലോ കുഞ്ഞാമിനാന്റെ ഉപ്പ ഗൾഫിൽ നിന്ന് വരുന്നത്!! ഉപ്പ വന്ന പിന്നെ സ്കൂളിൽ ഒന്നും പോകണ്ട എന്ന ഉമ്മ പറഞ്ഞത്... കുഞ്ഞാമിന വിളിച്ചിട്ടാ എന്റെ ഉപ്പച്ചി വിമാനത്തിൽ പറന്നു വരുന്നത്..." ക്ലാസ്സിലെ കൊച്ചു മുടുക്കി കുഞ്ഞാമിനാന്റെ വീമ്പു പറച്ചിൽ കേട്ടാണ് ഖദീജ ടീച്ചർ നോക്കുന്നത്.

അവൾക്ക് പറയാമല്ലോ!! നാട്ടിലെ പ്രമാണി ഹസ്സൻ ഹാജിയുടെ പേരക്കുട്ടിയാണ്. അബൂബക്കറിന്റെയും ആയിഷന്റെയും ഏറെ കാലത്തിന് ശേഷം ജനിച്ചൊരു പെൺകുട്ടിയാണ്. കുടുംബം നല്ല സാമ്പത്തികമാണെങ്കിലും നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവരാണ്, മക്കളൊക്കെ നാട് അറിഞ്ഞു വളരണം എന്നാണ് ഹസ്സൻ ഹാജിയുടെ കാഴ്ചപ്പാട്.

അതുകൊണ്ട് തന്നെ മക്കളെയും പേരക്കുട്ടികളെയും ഒക്കെ ഗവണ്മെന്റ് സ്കൂളുകളിലാണ് പഠിപ്പിച്ചത്. കുഞ്ഞാമിന ഒരു കൊച്ചു മിടുക്കിയാണ്. വരക്കും, പഠിക്കും, പാടും, അങ്ങനെയങ്ങനെ ഒരു സകലകലാ വല്ലഭി എന്ന് വേണേൽ പറയാം. അവളെ അറിയാത്തവർ സ്കൂളില്ല... ഹസ്സൻ ഹാജിയുടെ പേരക്കുട്ടിയായിട്ടല്ല,വർത്തമാനം കൊണ്ടും കുട്ടിത്തം കൊണ്ടും എല്ലാവർക്കും പ്രിയപെട്ടവൾ....

ഒരു മൂന്നാം ക്ലാസുകാരിക്ക് ഇത്രയൊക്കെ പറ്റുമോ എന്ന് സ്വയം സംശയിച്ചിട്ടുണ്ട് ഖദീജ ടീച്ചർ. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം കുഞ്ഞാമിന സ്കൂളിൽ വരാതെയായി... ഉപ്പ വന്നിട്ടുണ്ട് എന്നാണ് കേട്ടത്... ഒരാഴ്ച ലീവ് ആയപ്പോൾ ടൂർ പോയതാകും എന്നാണ് കരുതിയത്, എന്തായാലും അന്വേഷിക്കണമല്ലോ എന്ന് കരുതിയാണ് കദീജ ടീച്ചർ ഉമ്മാനെ വിളിക്കുന്നത്.

"ഓള് ഇനി കുറച്ചു ദിവസത്തിന് വരൂല ടീച്ചറെ..." "അതെന്താ?" "ഓൾക്കൊരു അസുഖമുണ്ട്, ഡോക്ടറെ ഒക്കെ കാണിച്ചു, എന്താണ് എന്ന് പറയാനായിട്ടില്ല, ഇത്തിരി സീരിയസ് ആണെന്നാണ് പറഞ്ഞത്..." അവര് അത് സങ്കടം അടക്കി പിടിച്ചു പറയുന്നത് പോലെയാണ് കദീജ ടീച്ചർക്ക് തോന്നിയത്. ചിലപ്പോൾ അവർ അപ്പുറത്ത് പൊട്ടി കരയാവും...!!

പിന്നെ ഒരു മൗനമായിരുന്നു, എല്ലാം ശരിയാകും എന്ന് മാത്രം പറയാനേ ടീച്ചർക്കും സാധിച്ചുള്ളൂ.... ഫോൺ വെച്ച് ആ വരാന്തകളിലൂടെ നടക്കുമ്പോൾ അവളെ ഇങ്ങനെ ഓർമ വരുന്നു... കുട്ടിപാവാടയും ധരിച്ചു ഒരു ചെറു പുഞ്ചിരിയോടെ വരുന്ന കുഞ്ഞാമിനയെ... ക്ലാസ്സിൽ എങ്ങും അവളെ ഉണർത്തുന്ന ഓർമകൾ...

തിരിഞ്ഞു നടക്കുമ്പോൾ "ടീച്ചറെ..." എന്ന പിൻവിളി കാതിൽ മുഴങ്ങുന്നത് പോലെ... കുഞ്ഞാമിന, എനിക്കും പ്രിയപ്പെട്ടവളായിരുന്നു... ഇനിയും അവൾ സ്കൂളിൽ വരും, ഇവിടെയെങ്ങും ഓടിച്ചാടി കളിക്കും, ടീച്ചർ അവരെ തന്നെ ആശ്വസിപ്പിച്ചു... ന്റെ പടച്ചോനെ കുഞ്ഞാമിനാനെ കാത്തോണേ...,

Comments

Popular Posts