"അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേർക്ക് പഠിപ്പല്ലെള്ളൂ, വിവേകം ഇല്ലല്ലോ!!"
പത്താം ക്ലാസ്സിൽ കുത്തിയിരുന്ന് പഠിക്കാൻ പറഞ്ഞതിന്റേയും ഭക്ഷണം പോലെ ക്ലാസുകൾ മൂന്ന് നേരവും അറ്റെൻഡ് ചെയ്തതിന്റെയും ഫലമായി ആ കൊല്ലം അബൂനും കിട്ടി സ്കൂളിലൊരു റാങ്ക്!! പ്ലസ്ടു ഹ്യുമാനിറ്റീസ് കൊടുക്കാം എന്ന് പറഞ്ഞതേ ഓർമ്മയുള്ളൂ...!! കേൾക്കാൻ ഒന്നും ബാക്കിയില്ല, അതെന്തോ കുറച്ചിൽ ആണെന്ന പോലെയാ സംസാരം...!! ആരോ പറയണത് കേട്ടു,"അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേർക്ക് പഠിപ്പല്ലെള്ളൂ, വിവേകം ഇല്ലല്ലോ!!"
ആ കൊല്ലം സയൻസും എടുത്ത്, കോളേജിലേക്ക് തരക്കേടില്ലാതെ പാസ്സായി, ബി.എസ്.ഡബ്ല്യൂ ആയിരുന്നു, ആഗ്രഹം, കാര്യം നൈസായിട്ട് വീട്ടില് പറഞ്ഞു നോക്കി, "പിന്നെ അതും പഠിച്ച്, നാട്ടുകാരെയും സേവിച്ചു നാട് നന്നാക്കാൻ നടക്കല്ലേ..!!" കുടുംബത്തിലെ വരും കാല എഞ്ചിനീയറെ ആയിരുന്നു അവർക്ക് കൊത്തി പണിയേണ്ടത്, അവർക്കും നാട്ടുകാരുടെ 'പറച്ചിലി'നും വേണ്ടി, അങ്ങേ തലക്കൽ ആരോ പറയാർന്നു,"അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേർക്ക് പഠിപ്പല്ലെള്ളൂ, വിവേകം ഇല്ലല്ലോ!!"
അങ്ങനെ കൊല്ലങ്ങൾ കഴിഞ്ഞു, നാട്ടുകാരുടെയും വീട്ടുകാരുടെയും എഞ്ചിനീയർ വീട്ടിലെത്തി, പക്ഷെ അപ്പോഴേക്കും നാട്ടിലാകെ എഞ്ചിനീയർമാർ കുമിഞ്ഞു കൂടിയിരുന്നു... ഓരോ വീട്ടിലും ഓരോ എഞ്ചിനീയർ എന്ന ട്രെൻഡ് ആയിരുന്നു... അപ്പോഴാണ് പഞ്ചായത്തുകളിലേക്ക് ബി.എസ്.ഡബ്ല്യൂകാരെ പി.എസ്.സി വഴി ക്ഷണിച്ചത്. ഇത് നാട്ടിലെങ്ങും പാട്ടായി, അപ്പോഴും അങ്ങേ തലക്കൽ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു, " കുറേ സയൻസുകാരും എഞ്ചിനീയർമാരും ഉണ്ടായിട്ടെന്താ ജോലിക്കെന്തെങ്കിലും പഠിക്കണം,അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേർക്ക് പഠിപ്പല്ലെള്ളൂ, വിവേകം ഇല്ലല്ലോ!!"
നമുക്ക് ചുറ്റുമുള്ളവർ എപ്പോഴും നമ്മളെ വിലയിരുത്തുകയും നമ്മുടെ കാര്യങ്ങളിൽ അനാവശ്യ അഭിപ്രായങ്ങൾ പറയുകയും ചെയ്തു കൊണ്ടിരിക്കും, ഒരിക്കലും അതിനെ പൂർണമായി ഇല്ലാതാക്കാൻ നമുക്കാവില്ല, നമ്മുടെ അഭിരുചി മനസിലാക്കുക, പിന്തുടരുക. വിജയിക്കും വരെ പാതകൾ മുള്ളുകളാകും. (സയൻസ്, എഞ്ചിനീയർ എന്നൊക്കെ പറയുന്നുണ്ട് പോസ്റ്റിൽ ആരെയും താഴ്ത്തിയതല്ല, സാന്ദർപികമായി ഉദാഹരണമായി ഉപയോഗിച്ചു എന്നേയുള്ളൂ..
Comments
Post a Comment