ബസ്സിലെ ചിരി
എന്റെ ഇയർഫോണിലെ പാട്ടുകളെ എവിടേക്കോ പറത്തി കൊണ്ടായിരുന്നു ആ ചിരി എന്റെ കാതുകളിലേക്ക് വന്നത്, ചുരുക്കി പറഞ്ഞാൽ ഞാൻ കേട്ടത്, നിത്യേനയുള്ള യാത്രയിലെ ഒരു ദിവസമായിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്, സ്കൂൾ, കോളേജ്, ജോലി എന്നിങ്ങനെ പല പല ആളുകൾ തിങ്ങി നിറഞ്ഞു ഒരടി വെക്കാൻ സ്ഥലമില്ലാത്ത ബസ്സിൽ ഇനിയും പത്തു പേർക്ക് കയറാം എന്ന് വാതിലിൽ നിന്ന് ക്ലീനർ വിളിച്ചു കൂവുന്നു, പാസ്സില്ലാത്തവരെ കണ്ടക്ടർ ചീത്ത പറയുന്നു...
ബാക്കിയുള്ള മനുഷ്യരൊക്കെ ചെറിയ സംസാരങ്ങളിലും ഫോണുകളിലും മുഴുകിയിരിക്കുന്നു, കയറിയ ഉടനെ പൊട്ടന് ലോട്ടറിയടിച്ച പോലെ എനിക്ക് സീറ്റ് കിട്ടിയതിനാൽ ഞാനൊന്നും കണ്ടില്ലേയ് കെട്ടില്ലേയ് എന്ന മട്ടിൽ ഇരിക്കാനായി ഇയർഫോൺ എന്ന കുന്ത്രാണ്ടം ചെവിയിൽ വെച്ച് ഫോണിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുമ്പോഴാണ് ശബ്ദം... കുറച്ചു നേരത്തെ ചിരിയും തമാശകളും കേട്ടപ്പോൾ ഞാൻ നോക്കി ചിരിയോളം തമാശ എനിക്ക് മനസ്സിലായില്ല..!!
നോക്കിയപ്പോൾ അടുത്തുള്ളൊരു കോളേജിലെ പെൺകുട്ടികളാണ്... മൂന്ന് പേരാണ് സീറ്റിൽ, നടുവിൽ ഇരിക്കുന്നവളാണ് പ്രധാന കക്ഷി എന്ന് തോന്നുന്നു, ഭയങ്കര എക്സ്പ്രഷനൊക്കെ ഇട്ട് എന്തൊക്കെയോ പറയുന്നുണ്ട് ഒപ്പം ഉള്ളവർ ചിരിക്കുന്നുണ്ട് അതിലേറെ അവളും... പിന്നീടുള്ള ദിവസങ്ങളിൽ എനിക്കിതൊരു പതിവ് കാഴ്ചയായി, ഞാൻ ചുറ്റുമുള്ളവരെ ഒന്ന് നോക്കി എല്ലാവരും അങ്ങോട്ട് ഇടക്കെങ്കിലും നോക്കീല്ല എന്ന മട്ടിലൊരു നോട്ടം ഇടക്കിടക്ക് പാസ്സാക്കുന്നുണ്ട്...
പക്ഷെ അവരുണ്ടോ ഇതറിയുന്നു!?? അവരവരുടെ സ്റ്റോപ്പ് എത്തും വരെ ചിരിയും കളിയുമായി അങ്ങനെ പോകുന്നു, ചുറ്റുമുള്ളതൊന്നും ബാധിക്കാതെ അവർക്ക് സ്വതന്ത്രമായി ചിരിക്കാൻ കഴിയുന്നു, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത അവരുടെ ലോകത്തേക്ക് പോയിട്ട് അതിർത്തിയിലേക്ക് പോലും കടന്നു ചെന്നിട്ടില്ലെന്ന് തോന്നുന്നു, എനിക്ക് ആ ചിരികളോട് എന്തെന്നില്ലാത്ത അസൂയ തോന്നി, ഇങ്ങനെ സ്വതന്ത്രമായി ചിരിക്കാൻ എല്ലാവർക്കുമാകുന്നില്ലല്ലോ!!
Comments
Post a Comment