ഏറെ പ്രിയപ്പെട്ട ഉപ്പൂപ്പാക്ക്
ഏറെ പ്രിയപ്പെട്ട ഉപ്പൂപ്പാക്ക് ഇങ്ങളെ സ്വന്തം കുഞ്ഞാമിന എഴുതുന്നത്...
ഉപ്പൂപ്പ ഇവിടെ ഇൻക്കും ഉമ്മക്കും ഉമ്മൂമ്മക്കും ഒക്കെ പെരുത്ത് സുഖമാണ്. ഇന്നലെ ഇങ്ങളെ ഹാപ്പി ബർത്ത് ഡേ ആണെന്ന് ഉമ്മൂമ്മ പറഞ്ഞു, ഇങ്ങൾക്ക് അമ്പത്തിനാല് വയസായിത്രെ, ഇങ്ങൾക്ക് ഇതു വല്ലതും ഓർമയുണ്ടോ ഉപ്പൂപ്പാ...
ഇങ്ങളെ പിറന്നാളായിട്ട് ഞങ്ങൾ ഇവിടെ ബിരിയാണി ഒക്കെ വെച്ചിരുന്നു... ഇങ്ങൾ എന്നാ വരാ...??
ഇൻക്ക് ഇങ്ങളെ കാണാൻ പൂതിയാവുന്നു. പിന്നേയ്, കുഞ്ഞാമിന അഞ്ചാം ക്ലാസ്സിൽ എത്തീട്ടോ... കൊർച് മാസം കൂടി കഴിഞ്ഞാൽ ഇങ്ങൾ വരും എന്ന് ഉമ്മൂമ്മ പറഞ്ഞിരുന്നു, ഞാൻ എന്റെ ആയിഷനോടൊക്കെ പറഞ്ഞിട്ടുണ്ട് എന്റെ ഉപ്പൂപ്പ വരാനുണ്ട് എന്ന്. ഇങ്ങൾ വരുമ്പോ ഓൾക്കും കൊർച് മുട്ടായി കൊണ്ടുവരണം ട്ടോ... ഓൾക്ക് ഉപ്പൂപ്പ ഇല്ല എന്നാ ഓള് പറഞ്ഞെ... അയ്നിപ്പോ എന്താ എന്റെ ഉപ്പൂപ്പ ഓൾടെ കൂടെയല്ലേ!!
സൈന എന്നും ഓൾടെ ഉപ്പൂപ്പന്റെ കൂടെയാണ് സ്കൂളിലേക്ക് വരാ... വൈകുന്നേരം പോകുമ്പോ ഓളെ ഉപ്പൂപ്പ ഓൾക്ക് നാരങ്ങമിട്ടായി ഒക്കെ വാങ്ങി കൊടുക്കുമത്രേ. ഇങ്ങൾ വന്നിട്ട് നമുക്കും വേണം പോകാൻ... ഉപ്പനെയും കാണാൻ പൂതിയാവുന്നുണ്ട്.ഇങ്ങൾ ന്റെ കിങ്ങിണി പൂച്ചനെ കണ്ടിട്ടില്ലാലോ... ഞാൻ കാണിച്ചു തരാം ട്ടോ... ഞങ്ങളെല്ലാരും ഇവിടെ ഇങ്ങളെയും കാത്തിരിക്കാണ്...
എന്ന്
ഉപ്പൂപ്പന്റെ കുഞ്ഞാമിന
Comments
Post a Comment