ചെണ്ടൻ
ചന്ദ്രകാന്ത് എന്റെ അതിമനോഹരമായ പേരിനെയാണ് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ "ചെണ്ടൻ " ഇരട്ട പേരിലേക്ക് മാറിയത്, ആരാണ് പേര് വിളിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല, പക്ഷെ കാട്ടു തീ പോലെയായിരുന്നു പേരിന്റെ പ്രശസ്തി എത്തിപിടിച്ചത്. എന്നെ അറിയുന്നവരും അറിയാത്തവരുമൊക്കെ ചെണ്ടൻ എന്നാക്കി വിളി. സ്കൂളിലും നാട്ടിലുമൊക്കെ ചന്ദ്രകാന്ത് എന്നത് കേവലം രജിസ്റ്റർഡ് നെയിം മാത്രമായി മാറി...
പത്താം ക്ലാസ്സ് കഴിഞ്ഞു പ്ലസ്ടു അടുത്തുള്ള സ്കൂളിൽ ആയിരുന്നത് കൊണ്ട് തന്നെ പേരും അതുപോലെ തുടർന്നു, അതൊക്കെ ഒന്ന് മാറും എന്ന് കരുതിയാണ് കോളേജ് കുറച്ചു ദൂരത്തേക്ക് എടുത്തത്. അങ്ങനെ അവിടെ എന്റെ ചന്ദ്രക്കാന്ത് എന്ന പേരിൽ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു... കുറേ കാലത്തിനു ശേഷം എന്നെ എന്റെ പേര് വിളിക്കുന്നു....!!
അപ്പോഴാണ് സ്പോട് അഡ്മിഷനിൽ പണ്ട് പത്താം ക്ലാസ്സിൽ ഒപ്പം പഠിച്ചവൻ അവിടെ ചേരുന്നത്, എന്നെ കണ്ടതും "എടാ, ചെണ്ടേ..." എന്നൊരു നീട്ടി വിളിയും, ശുഭം!! അങ്ങനെ അവിടെയും ചെണ്ടൻ എനിക്ക് ഒട്ടും പുതുമ തോന്നിക്കാത്ത വിധം ഫേമസ് ആയി.... കോളേജിന്റെ ചെണ്ടൻ!! വീണ്ടും എന്റെ ചന്ദ്രകാന്ത് എന്ന പേര് ഒഫീഷ്യൽ നെയിം മാത്രമായി നിലനിന്നു...!!
പക്ഷെ ചെണ്ടൻ എന്ന പേര് തുടക്കത്തിലൊക്കെ എനിക്ക് അലോസരമായിരുന്നെങ്കിലും പിന്നെ പിന്നെ ശീലമായി പോയി. ഇടക്കൊക്കെ എനിക്ക് അത്രയും അടുത്ത സുഹൃത്തുക്കൾ ചെണ്ടൻ എന്ന് വിളിക്കാതെ ചന്ദ്രകാന്ത് അല്ലെങ്കിൽ ചന്ദ്രാ എന്ന് വിളിച്ചാൽ പോലും അവർക്ക് എന്നോട് വല്ല അകൽച്ചയോ പരിഭവമോ ഉള്ള പോലെ തോന്നാറുണ്ട്, ഞങ്ങൾക്കിടയിൽ ഒരു സ്പേസ് ഫീൽ ചെയ്തു തുടങ്ങും...!!
ഇപ്പൊ ആരെങ്കിലും എന്നെ ചന്ദ്രകാന്ത് വിളിച്ചാൽ പോലും ഭയങ്കര ഒഫീഷ്യലിറ്റിയാണ് എനിക്ക് തോന്നുക. ചെണ്ടൻ എന്ന് വിളിക്കുന്നവർ എന്റെ ശരിക്കുമുള്ള പേര് വിളിക്കുന്നത് ഇടക്കൊക്കെ ആസ്വഭാവികതയായി തോന്നി പോകും!! ചില വിളികൾക്ക് സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും കയ്യൊപ്പുണ്ടെന്ന് തോന്നി പോകാറുണ്ട്, അല്ലെങ്കിൽ സൗഹൃദങ്ങൾക്കിടയിൽ തെറിയോട് കൂടെയുള്ള വിളികൾക്ക് നമ്മൾ ചിരിച്ചു കൊടുക്കില്ലല്ലോ!!
Comments
Post a Comment